ശനിയാഴ്‌ച

വിലങ്ങണിഞ്ഞ നാവുകള്‍

ബ്ലോഗ്‌ എന്ന മാധ്യമം ,ഹൃദയ വിശാലത ,സൌഹൃദം ,സമ്മേളനങ്ങള്‍ ,അനോണി അങ്ങനെ ബ്ലോഗില്‍ കേട്ടു തഴമ്പിച്ച വാക്കുകള്‍ അനവധി .ബ്ലോഗില്‍ കഴിഞ്ഞ ആഴ്ച മുഴങ്ങിക്കേട്ട പല വാക്കുകളില്‍ ചിലതാണ് ഞാന്‍ മുകളില്‍ സൂചിപ്പിച്ചത് .ഇതിന്റെയൊക്കെ വിശാലമായ അര്‍ത്ഥങ്ങളിലേക്ക് ചെറുതായി ഒന്ന് കണ്ണോടിക്കാം എന്ന് കരുതുന്നു .


ബ്ലോഗ്‌ ഒരു ജനകീയ മാധ്യമം പോലെ വളര്‍ന്നെങ്കിലും ഇന്നും അതിന്റെ വളര്‍ച്ച മുരടിച്ചു തന്നെയാണ് എന്ന് പറയേണ്ടി വരുന്നതില്‍ ലവലേശം സംശയം വേണ്ട .ബ്ലോഗില്‍ തുറന്നെഴിയാല്‍ ഒന്നുകില്‍ കോടതി അല്ലെങ്കില്‍ പോലീസ് സ്റ്റേഷന്‍ എന്നതാണ് കീഴ്വഴക്കം . തുണിയുടുക്കാത്ത ദൈവങ്ങളെ തുണിയുടുപ്പിച്ചതും വരി ഉടച്ച കവിതയെ വരിയില്‍ വരുത്തിയതും അതില്‍ പെട്ട ചില സംഭവങ്ങള്‍ മാത്രം .


തുറന്നെഴുത്തുകള്‍ക്ക് സൌഹൃദം പോലും ഒരു വിലങ്ങു തടിയാണ് എന്നാണ് കഴിഞ്ഞയാഴ്ച നടന്ന സംഭവങ്ങള്‍ കാണിക്കുന്നത് .പലപ്പോഴും മറക്കുള്ളില്‍ ഒളിച്ചിരുന്ന് സമൂഹത്തില്‍ നടക്കുന്ന കാര്യങ്ങളെ തുറന്നു കാട്ടുവാന്‍ ബ്ലോഗ്‌ എഴുത്തുകാര്‍ നിരബന്ധിതരാകുന്നു . തന്റെ വിശ്വാസങ്ങള്‍ക്കോ കാഴ്ച്ചപ്പാടുകള്‍ക്കോ അല്പം പോലും ഭംഗം സംഭവിക്കുവാന്‍ ഇടവരാത്ത രീതിയില്‍ വേണം ബ്ലോഗില്‍ എഴുതുവാന്‍ എന്നായി ബ്ലോഗിലെ നിയമങ്ങള്‍ . എഴുത്തുകാരനും വായനക്കാരനും തമ്മിലുള്ള ബന്ധം അത്രയ്ക്ക് ഇഴയടുപ്പം ഉള്ളതുകൊണ്ടാണ് ഇങ്ങനെ സംഭവിക്കുന്നത് . ബന്ധങ്ങള്‍ ബന്ധനങ്ങള്‍ ആകുന്ന അവസരങ്ങള്‍ .മറ്റുള്ളവരുടെ കാഴ്ചപ്പാടുകള്‍ കൂടി മനസിലാക്കാതെ സംഘം ചേര്‍ന്ന് ആക്രമിക്കുകയോ അസഭ്യ വര്‍ഷങ്ങള്‍ ചൊരിയുകയോ ചെയ്യുന്നത് ബ്ലോഗിലെ ഒരു ദുഷിച്ച പ്രവണത എന്ന് തന്നെ പറയാം . മുകളില്‍ പറഞ്ഞ കാര്യങ്ങളില്‍ ഞാനും ഉള്‍പ്പെടുന്നു .ആരുടേയും കണ്ണിലെ കരടെടുക്കുവാന്‍ ഉള്ള ശ്രമമല്ല .


ഹൃദയ വിശാലത എന്ന പദം കേള്‍ക്കാന്‍ നല്ല സുഖമുള്ളതാണ്‌ എങ്കിലും നമ്മുടെ ഹൃദയങ്ങള്‍ ഇപ്പോഴും വളരെ ഇടുങ്ങിയതാണ് .നിസാരമായ കാര്യങ്ങളില്‍ പോലും വളരെ വിലപ്പെട്ട സൌഹൃദങ്ങള്‍ നീര്‍ക്കുമിളകള്‍ പോലെയായി മാറുന്നു .മറ്റുള്ളവരുടെ വാക്കുകള്‍ കേള്‍ക്കാന്‍ ഉള്ള സാവകാശം പോലും നമ്മള്‍ കൊടുക്കാറില്ല .


സമ്മേളനങ്ങള്‍ നടക്കുമ്പോള്‍ നമുക്ക് കൈമോശം വന്ന് പോയേക്കാവുന്നത് ഈ സ്വാതന്ത്ര്യമാണ് . ഒരു ബ്ലോഗ്‌ എഴുത്തുകാരന്റെ അവകാശം എന്നൊക്കെ പലരും വിശേഷിപ്പിക്കുന്ന ഇത്തരം മറകളാണ് പലര്‍ക്കും നഷ്ടപ്പെടുന്നത് .പരസപരം കെട്ടിയുണ്ടാക്കിയ ഇത്തരം മതിലുകള്‍ ഇടിയുകയും ബ്ലോഗ്‌ പൂര്‍വ്വാധികം ശക്തി പ്രാപിക്കുകയും ചെയ്യുമെന്കില്‍ സമ്മേളനങ്ങള്‍ നല്ലതാണ് എന്ന് തന്നെ ഞാന്‍ പറയും .പലരുടെയും നാവുകളില്‍ ബന്ധിച്ച ചങ്ങലകള്‍ അഴിയട്ടെ . ബന്ധങ്ങള്‍ ബന്ധനങ്ങള്‍ ആകാതെ കൂടുതല്‍ ശക്തി പ്രാപിക്കട്ടെ .ഉറച്ചൊരു വാക്ക് പറഞ്ഞാല്‍ തെറിക്കുന്ന ബന്ധങ്ങള്‍ എല്ലാം തന്നെ തെറിക്കണം എന്നാണ് എന്‍റെ അഭിപ്രായം .

ബ്ലോത്രം പത്രത്തിന് വേണ്ടി എഴുതിയത് .