വ്യാഴാഴ്‌ച

കമ്പളങ്ങള്ക്കൊരു ചരമ ഗീതകം ‍


ജീവിതത്തിന്റെ അവസാന നാഴിക വരെ
മുന്തിരിച്ചാറു പോലെ ജീവിതം
 ആസ്വദിക്കുന്ന സായിപ്പേ
എനിക്ക് നിന്നോട് അസൂയയാണ് !!

ഇന്നലെ നീയീ വെള്ളക്കമ്പളം പുതച്ചു നിന്ന
ഇലകളില്ലാ മരങ്ങള്‍ക്കിടയിലൂടെ
മഞ്ഞില്‍ വിരിയുന്ന പൂക്കളെ തേടി നടന്നപ്പോഴും
ഇന്ന് പൂത്തു നില്‍ക്കും മരങ്ങള്‍ തോറും നീ നിന്‍റെ
പ്രണയിനിയുമായി പൂത്തു നില്‍ക്കുമ്പോഴും
മുഖത്ത് ഒരേ ഭാവം , ഉല്ലാസം ,സന്തോഷം

ഋതുക്കള്‍ നാലിലും നിനക്കെങ്ങനെ ഇങ്ങനെ
പൂക്കള്‍ വിരിയിക്കുവാന്‍ കഴിയുന്നു ?
 
കടുത്ത ശൈത്യത്തിന്റെ കരിക്കമ്പളം നീക്കി
പ്രകൃതി ചിരിക്കുന്നു , പൂക്കള്‍ ചിരിക്കുന്നു
ദീര്‍ഘ നിദ്ര തന്‍ മണ്‍ കുടങ്ങളുമുടച്ച്
അണ്ണാര്‍കണ്ണനും ചില്ലകള്‍ തോറും ചിലച്ചു നടക്കുന്നു
വസന്തോത്സവം കൊണ്ടുത്തന്ന
ചുവന്ന നിറമുള്ള പക്ഷിയും സന്തോഷത്തിലാണ്

ഇപ്പോഴും പുറത്ത് തണുത്ത കാറ്റ് വീശുന്നു
പുറത്തേക്ക് നോക്കുവാന്‍ എനിക്ക് ഭയവുമാകുന്നു
ഇനിയും ഉണരാത്ത , ഉണര്‍ത്താത്ത എന്‍റെ
ഉറക്കത്തിന്‍ ആലസ്യവും വെടിഞ്ഞ്
ഇനി ഞാനെപ്പോഴാണ് ഒന്ന് ചിരിക്കുക ‍ ‍?

ചൊവ്വാഴ്ച

മരവും പെണ്ണും

ഇനിയുമൊരു വസന്തത്തിന് കാത്തു നില്‍ക്കാതെ
വിട്ട് പോകുക നീ ദൂരെ ,
ആ കാണുന്ന മലകള്‍ക്കും താഴെ
താഴ്വാരങ്ങളില്‍ മരങ്ങള്‍ തളിര്‍ക്കുന്നതും
പൂക്കുന്നതും കായ്ക്കുന്നതും നീ കാണുന്നില്ലേ
അവിടേക്ക് നീ പോകുക

ഇവിടെ ഇനിയൊരു പൂക്കാലം വിരുന്നിനെത്തില്ല
പരാഗങ്ങളും ചിത്ര പതംഗങ്ങളും പറന്നെത്തില്ല
ചെല്ലക്കിളികള്‍ പൂക്കള്‍ തോറും ചിലച്ചു നടക്കില്ല
പൊട്ടിയടര്‍ന്ന ശുഷ്ക കാലത്തിന്‍
മരവുരി വിട്ട് നീ ദൂരേക്ക് പോകുക

നീര്‍ച്ചാലുകളില്‍ പ്രണയ ദൂതുമായി
ഹംസങ്ങള്‍ വരികയില്ലിനി
മാന്‍പേടകള്‍ പച്ചമരത്തണലില്‍ വിശ്രമിക്കില്ല ‍
ഇവളെ വിട്ട് നീ ദൂരേക്ക് പോകുക

പുഷ്പിക്കാത്ത മരവും പെണ്ണും ഞാന്‍
വെട്ടിക്കളയട്ടെ ബാപ്പ ?

ഞായറാഴ്‌ച

ലോക കപിതാ ദിനം

ലോക കപിതാ ദിനത്തില്‍ ഞാന്‍ തിരഞ്ഞെടുത്ത കവിത .


ചാടിച്ചാടി അലയും കപികളേ
__________________________________________________


മരങ്ങളില്‍ ചാടിച്ചാടി മറിഞ്ഞും
ചെറു ചില്ലകളിലലഞ്ഞും മറുകണ്ടം ചാടിയും
ഉല്ലസിക്കും കപികളേ !

നിങ്ങളെവിടെയാണ് താമസം ?

സ്വര്‍ഗത്തിലോ ഭൂമിയിലോ
ത്രിശങ്കു സ്വര്‍ഗത്തിലോ
അതോ നരകത്തിലോ

അലയാഴിയിലെ തിമിന്ഗലം സമുദ്രം വെടിഞ്ഞ്
അലച്ചാര്‍ത്ത് ഇലച്ചാര്‍ത്ത് ചൂടി
മരങ്ങളില്‍ വരുമെന്നും
നരക വാതില്‍ തുറന്ന് തീപക്ഷികള്‍
ഒരു തീക്കൊള്ളിയും ചുണ്ടില്‍ കോര്‍ത്ത്
ചില്ലകള്‍ തോറും ചിലച്ചു നടക്കുമെന്നും
കണ്ണില്‍ കണ്ട മരങ്ങള്‍ തീയില്‍ ഇടുമെന്നും

എന്തിന് വൃഥാ ദിവാ സ്വപ്‌നങ്ങള്‍ കാണുന്നു ?

ആദ്യ പാപത്തിന്‍ കാരണമായ ആപ്പിളോ
അമരത്വം പ്രാപിക്കാന്‍ അമൃതോ
കുടിക്കാന്‍ കള്ളും കഞ്ചാവുമോ ,അതോ
വിഷലിപ്തമായ പുഴയിലെ വെള്ളമോ
എന്താണ് നിങ്ങളില്‍ ഊര്‍ജ്ജം പകരുന്നത് ?

ചില്ലകള്‍ തോറും കൂവി നടക്കുന്നത്
ഇതിന്റെ ഫലമായോ
കൂര്‍ത്ത മരത്തിന്റെ കൊമ്പുകള്‍ കൊണ്ട്
കുണ്ടി മുറിയാതെ
കപികളേ
നിങ്ങള്‍ ഒരിറ്റു നേരം
 മരകൊമ്പില്‍ നിന്നും
താഴേക്ക് ഇറങ്ങി വരിക

ഭൂമിയിലെ കാഴ്ചകള്‍ നിങ്ങള്‍ കാണുന്നില്ലേ ?
ഉയരങ്ങളില്‍ തിരികെ ചെന്ന്
ഇവയെക്കുറിച്ച് നിങ്ങള്‍ ഉച്ചത്തില്‍ പാടുക

വ്യാഴാഴ്‌ച

ഒറ്റ

തിരക്കേറിയ ഈ നിരത്തില്‍ ഞാന്‍ ഇപ്പോള്‍ ഏകനാണ് .
തിരക്കുകളില്‍ നിന്നും അകന്നു ജീവിക്കുവാന്‍ ,
തീരെ താല്പര്യമില്ലാത്തത് പോലെ
അലസതയില്ലാത്ത വഴികളിലെ
കാഴ്ചകള്‍ ഞാന്‍ കാണുന്നുണ്ട് .

കാഴ്ചകള്‍ കാണുന്നതിന് വേണ്ടിയല്ല
ഞാനിവിടെ നില്‍ക്കുന്നത് .
ഈ നിരത്തിനും അപ്പുറത്തുള്ള ഒരു ലോകം
അതെന്നെ വല്ലാതെ മാടി വിളിക്കുന്നു.

സിഗ്നല്‍ പച്ചയും ചുവപ്പും കണ്ടാല്‍
എനിക്ക് തിരിച്ചറിയാം .
എന്നെ തിരുത്തുവാന്‍ വേണ്ടിയാണെങ്കില്‍
നിന്‍റെ ഈ വരവ് അനര്‍ത്ഥമാണ്‌ .

തിരഞ്ഞെടുക്കേണ്ട വഴികള്‍ കൃത്യം പോലെ
എനിക്ക് മുന്നില്‍ തെളിയും
എന്ന ഉറപ്പിലാണ് ഞാനിവിടെ .

ഇനി നിനക്ക് പോകാം.

ബുധനാഴ്‌ച

ഒരേ സത്രത്തിലെ പലമുറികളില്‍.....

പ്രിയ സ്നേഹിതാ ,
മേല്‍ക്കൂര ഒന്ന് തന്നെയാണ് ...
മലയാളത്തിന്റെയും കവിതയുടെയും മേല്‍ക്കൂര .

അസംഖ്യം മുറികള്‍ ....
ഈ മുറികളില്‍ നിന്നും ഉയരുന്നത് ,
വിവിധ മൊഴികളിലുള്ള കാവ്യധാര.....
ഓരോ മുറിയും വ്യത്യസ്തം
ഓരോ സ്വരവും വ്യത്യസ്തം

തബലയും ചെണ്ടയും ഇലത്താളവും ഗിത്താറും വയലിനും വ്യത്യാസപ്പെട്ടിരിക്കുന്നത് പോലെ ഈ വ്യത്യസ്ത ശബ്ദങ്ങള്‍ ഒരേ മേല്ക്കൂരക്കുള്ളില്‍ തീര്‍ക്കുന്നത് അസാധാരണ മിശ്ര ഭംഗിയുടെ മാരിവില്ല് ജീവിതാശങ്കകളുടെയും
കൊടും നോവുകളുടെയും സ്വപ്നങ്ങളുടെയും ലിഖിതങ്ങള്‍

ഈ കവികളില്‍ പലരെയും നമ്മള്‍ കണ്ടിട്ടുള്ളത് ഇലക്ട്രോണിക് മാധ്യമത്തിലാണ് ഇവ ശ്രദ്ധിക്കുന്നവരുടെ എണ്ണം.വായനയുടെ ജലസംഭരണി കവിയുന്ന പുതിയ കാലമാണിത് .

അനില്‍ കുരിയാത്തിയുടെ 'ഇന്നലെ' എന്ന കവിത ശ്രദ്ധിക്കുക സോമരസത്തിനായി ചോരയും, ഭക്ഷണത്തിനായി തലച്ചോറും നല്‍കുന്ന നിമിഷങ്ങളാണ് രേഖപ്പെടുത്തിയിട്ടുള്ളത് '
വെറും പക്ഷവും ഒടുങ്ങാത്ത പാതകങ്ങളും'
എന്ന രചനയില്‍ കവി, തന്റെ മതാതീത മനുഷ്യ പക്ഷം വ്യക്തമാക്കിയിരിക്കുന്നു
കാപ്പിലാന്‍ പഴയ കണ്ണന്‍ തവിയെ വിഷയമാക്കിയിരിക്കുന്നു .
പുതിയ സ്റ്റീല്‍ തവിയും പഴയ കണ്ണന്‍ തവിയും ചരിത്രത്തിന്റെ സ്നേഹത്തിലേക്കു നമ്മെ നയിക്കുന്നത് കണ്ണന്‍ തവിയുടെ നിലോളികള്‍ വിസ്മ്രിതിയിലേക്ക് ചേക്കേറുന്ന കാലസംക്രമണം നിശ്വാസങ്ങളുടെ അകമ്പടിയോടെ നിര്‍വഹിക്കപ്പെടുന്നു .
കാളയെയും കപികളെയും കൂടെ ചേര്‍ക്കുമ്പോഴും കാപ്പിലാന്‍ ശൂഷ്മതയുടെയും സ്നേഹത്തിന്റെയും കാട്ടുപാതയിലാണ് ,...

പേരറിയാത്ത പക്ഷിയെ കുറിച്ചുള്ള
ശാന്തമേനോന്റെ രചനയാണ് നീലത്തൂവലുള്ള പക്ഷി :
ഒട്ടച്ചിറരകുകൂടി വേണം എന്നഭിലക്ഷിക്കുന്ന പക്ഷി നിരാശയുടെയും ദുഖത്തിന്റെയും തൂവല്‍ സ്പര്‍ശം വായനക്കാര്‍ക്ക് നല്‍കുന്നുണ്ട് .
മാപ്പ് ,അതെന്റെത് മാത്രം എന്നീ രചനകളിലും നോവിന്റെ നനുനനുപ്പ്
ഒരു ചിമ്മിനി പോലെ അനുഭവപ്പെടുന്നുണ്ട്

ധന്യാദാസിന്റെ സ്വപ്നാടനങ്ങളില്‍ എന്ന രചനയില്‍ പര്‍ദ്ദയിട്ടവളും കോടതിയുമാണ് തെളിഞ്ഞിട്ടുള്ളത് .
ഒളിഞ്ഞിരിക്കുന്നതോ ?ദുഖത്തിന്റെയും നിസ്സഹായതയുടെയും നഗ്നതയും അപസ്മാരം ,കയ്യൊപ്പ് എന്നീ രചനകളില്‍ ചുറ്റുപാടുകളോടുള്ള കലഹത്തിന്റെ വാള്‍മുനകള്‍ തെളിഞ്ഞിരിക്കുന്നുണ്ട്

സലിലയുടെ എനിക്കാ റീല്‍ വേണം എന്നത് തീര്‍ത്തും വ്യത്യസ്തമായ ഒരു സിനിമയെ ആലേഖനം ചെയ്തിരിക്കുന്നു .വൈദര്‍ശികള്‍ ,നിനക്കായി എന്നീ രചനകളില്‍ വേറിട്ടൊരു വഴിക്കാഴ്ച രേഖപ്പെടുത്തിയിരിക്കുന്നു

ഗോപി വെട്ടിക്കാട്ടിന്റെ രചനകള്‍ കവിതയുടെ നൂതനമായ അടരുകളെയും
പുതുവേരുകളെയും അടയാളപ്പെടുത്തിയിരിക്കുന്നു .
അനുജിയും, മനു നെല്ലായയും കവിതയുടെ നിരന്തര സഹായത്രികരാകുമ്പോള്‍ കൈപ്പടങ്ങളില്‍ വിയര്‍പ്പു പൊടിയുന്നു ,...
ജിതിന്‍ നായര്‍,സുമ,ശ്രീലകം വര്‍മ ,മിനി കുര്യാക്കോസ് എന്നിവരുടെ രചനകളിലും ഓരോ മുറിയില്‍ നിന്നുമുയരുന്ന വ്യത്യസ്ത തലങ്ങളില്‍ വിയര്‍പ്പിന്റെ സംഗീതം, കവിതയുമായുള്ള ഹസ്ത ബന്ധം കാണാം ,...
ഈ കവികള്‍ക്ക് ഒരിക്കലും ഒഴിയാതിരിക്കട്ടെ

സ്നേഹപൂര്‍വ്വം 
 കുരീപ്പുഴ ശ്രീകുമാര്‍


http://shruthilayam0.blogspot.com/

തിങ്കളാഴ്‌ച

മിസ്സിസ്:വസുന്ധര ദാസ് എം .എ .എല്‍. എല്‍ .ബി

കിഴക്കന്‍ മല നിരകള്‍ക്ക് മുകളില്‍
കത്തുന്ന സൂര്യനായ് ഉദിച്ചുയരുന്ന വസുന്ധരാ
കത്തുന്ന നിന്‍റെ നെഞ്ചകത്തീ ചൂടേറ്റ്
പച്ചപ്പുകള്‍ എല്ലാം ഇന്ന് ‍ കറുത്ത് പോകുന്നു


ദൂരത്തു നിന്ന് നിന്നെ ആരാധിച്ച
ഈ ആരാധകനെ ഓര്‍ക്കുവാന്‍
യാതൊരു സാധ്യതയുമില്ല എന്നറിയാം
 
നാല് വര്‍ഷങ്ങള്‍ക്ക്‌ മുന്‍പൊരു പ്രഭാതത്തിലാണ്
നമ്മളാദ്യമായ് കണ്ടത്
വിളക്കി ചേര്‍ക്കാന്‍ ആകാത്ത  കണ്ണിയുമായി മല്ലടിച്ച്
കരഞ്ഞു വീര്‍ത്ത മുഖവുമായി
കൊച്ചു പെണ്‍കുട്ടിയെ പോലെ
ഡോക്ടര്‍ പി. എം മാത്യുവിന്റെ മുറിയില്‍
ഇരുന്ന് തേങ്ങുന്ന
വേദനിപ്പിക്കുന്ന ആ മുഖം
പിന്നെ പൊട്ടിത്തെറിപ്പിച്ച  മഞ്ഞ ചങ്ങലയുമായി
 കൊടുങ്കാറ്റ് പോലെ പുറത്തേക്ക് പായുന്ന വസുന്ധര
എല്ലാം എന്‍റെ ഓര്‍മ്മയില്‍ ഇപ്പോള്‍ വീണ്ടുമെത്തുന്നു
 
എപ്പോഴാണ് നമ്മള്‍ തമ്മില്‍ വീണ്ടും കണ്ടത്
അതേ .........
ഞാന്‍ ഓര്‍ക്കുന്നു
നിന്‍റെ കരിമഷി എഴുതിയ നീലമിഴികളിലെ
പകപൂണ്ട കരിനാഗാസ്ത്രങ്ങള്‍
 ഏറ്റു വീണു പിടയുന്ന
പുരുഷ കേസരികളെ പലപ്പോഴും
ഞാന്‍ നിരത്തുകളില്‍ കണ്ടെത്തിയിട്ടുണ്ട്
 കവലകളില്‍ ,പൊതുവേദികളില്‍ ,ചാനലുകളില്‍
പത്രങ്ങളില്‍ അങ്ങനെ ഒരോ ദിനങ്ങള്‍  ഉദിച്ചതും അസ്തമിച്ചതും
നിന്നെ ചുറ്റിത്തിരിഞ്ഞുകൊണ്ടായിരുന്നു


 നീ ഒരഗ്നിഗോളമായി  പടരുകയായിരുന്നു
ഉപഭോഗ സംസ്കാരത്തിനും ,വനിതാ വിമോചനത്തിനും
വേശ്യാവൃത്തിക്കും ,അസന്തുലിതമായ രാഷ്ട്രീയ , സാമൂഹിക
സമവാക്യങ്ങള്‍ക്കും എതിരെ നീ ഉയര്‍ത്തിയ പടവാളിന്റെ
മിന്നലാട്ടങ്ങളില്‍ ഞാന്‍ പലപ്പോഴും ഞെട്ടിത്തരിച്ചിട്ടുണ്ട്
ഭരണയന്ത്രങ്ങള്‍ പോലും നിന്‍റെ
വാക്കിന്റെ വാള്‍മുന തുമ്പില്‍ വിറയ്ക്കുന്നത് കണ്ട്
എന്‍റെ ഉഷ്ണരക്തം ശീതികരിക്കപ്പെട്ടിട്ടുണ്ട്
കുട്ടികള്‍ പിഴച്ചു പോകും എന്ന് കരുതിയിട്ടാകണം
നീ കാണാതെ പഠിച്ച് തൊണ്ട പൊട്ടി ഉറക്കെ
വിളിച്ചു പറഞ്ഞ വാക്യങ്ങളില്‍ നളിനി ജമീല കടന്ന് വരാത്തത്
എന്നോര്‍ത്ത് ഞാന്‍ ആശ്വസിച്ചിട്ടുണ്ട്
നിന്‍റെ പേരിന്റെ വാലില്‍ വെറുതെ
തൂങ്ങിക്കിടക്കുന്ന ദാസ് എന്ന നാമം കൂടി
 വെട്ടി മാറ്റാമായിരുന്നില്ലേ
എന്ന് ഞാന്‍ ചിന്തിച്ചിട്ടുണ്ട്
സ്ത്രീ ആരുടേയും അടിമയല്ല എന്നെനിക്കും
വിളിച്ചു പറയണം എന്ന് തോന്നിച്ചിട്ടുണ്ട്


സ്ത്രീകളുടെ ഉന്നമനത്തിന് വേണ്ടി
അവരുടെ കണ്ണുനീര്‍ ഒപ്പുവാന്‍
കയ്യും മെയ്യും രാവും പകലും
വീടും കുടിയും എല്ലാം മറന്ന്
എത്ര നീ കഷ്ടപ്പെട്ടിരിക്കുന്നു
 
ഇന്ന് അന്താരാഷ്‌ട്ര വനിതാ ദിനം
ഇന്നെങ്കിലും ഇതെഴുതി
നിനക്ക് സമര്‍പ്പിക്കണം എന്ന് കരുതിയാണ്
തിരക്കുകളില്‍ നിന്നും ഒഴിഞ്ഞ്
കൊച്ചിയിലെ ലൂസിയായില്‍ മുറിയെടുത്തത്
 
രാവിലെ കേട്ട വാര്‍ത്ത തന്നെ എന്നെ ഞെട്ടിച്ചു കളഞ്ഞു
പാര്‍ലമെന്റില്‍ വെച്ച
33 % സംവരണ ബില്‍ പാസായില്ലത്രേ
ഇനി അത് പാസാകുന്നില്ല ലക്ഷണവുമില്ല
 
വനിതാ ദിനത്തില്‍
ലോകത്തെ പ്രശസ്ത വനിതകളില്‍
നിന്‍റെ പേരുണ്ടാകും എന്നതായിരുന്നു എന്‍റെ ആത്മവിശ്വാസം
ഇന്ത്യയിലെ ഒരു സ്ത്രീയുടെയെങ്കിലും പേരുണ്ടാകാതിരിക്കില്ല
പത്താം വയസില്‍ വിവാഹമോചനം നേടിയ Nujood Ali
ആഗ്ര ചര്‍മ്മികളായ ആഫ്രിക്കന്‍ വനിതകളിലെ Waris Dirie
ഓസ്കാറില്‍ ആദ്യ വനിതാ സംവിധായക അവാര്‍ഡ്‌ നേടിയ Kathryn Bigelow
തുടങ്ങിയ പതിനൊന്നോളം വനിതകളില്‍
നിന്‍റെ പേരില്ലാത്തതും എന്നെ വല്ലാതെ നിരാശപ്പെടുത്തി


എന്‍റെ ഈ ജന്മത്തില്‍ ഇത് പൂര്‍ത്തിയാക്കാന്‍ കഴിയുമെന്ന് തോന്നുന്നില്ല
ഇതില്‍ കൂടുതല്‍ ഞാനെന്താണ് എഴുതേണ്ടത്
ആര്‍ക്കും വേണ്ടാത്ത
ഭാരത സ്ത്രീ തന്‍ ഭാവശുദ്ധിയെ കുറിച്ചോ
നിരാശയോടെ എഴുതിയതത്രയും വലിച്ചു കീറി
പേനയും മടക്കി വെച്ച്‌
മുറി പൂട്ടി പുറത്തിറങ്ങി
 
നേരം സന്ധ്യയാകാറായിരിക്കുന്നു
എന്നെ കണ്ടിട്ടാകണം
വരാന്തയില്‍ കാറ്റ് കൊള്ളാന്‍ നിന്ന അര്‍ദ്ധനഗനയായ
ഒരു യുവതി വാതിലടച്ച്‌ മുറിക്കുള്ളില്‍ മറഞ്ഞത്
കണ്ട് മറന്ന ഏതൊക്കെയോ മുഖങ്ങള്‍
മനസ്സില്‍ മിന്നി മാഞ്ഞു .