വെള്ളിയാഴ്‌ച

പ്രണയത്തീവണ്ടി

മിക്ക കഥകളിലും നായകനും നായികക്കും മുഖ്യ സ്ഥാനം കൊടുക്കുമ്പോള്‍
ഈ കഥയില്‍ നായക സ്ഥാനത്തു വരുന്നത് ഒരു തീവണ്ടിയാണ് . പത്താം നിലയിലെ തീവണ്ടി പോലെ തന്നെ മറ്റൊരു തീവണ്ടി . പ്രണയത്തീവണ്ടി . പല പ്രണയങ്ങളും തുടങ്ങുന്നതും ഒടുങ്ങതും തീവണ്ടി മുറികളിലും തീവണ്ടിയുടെ അടിയിലും എന്നതുപോലെ തന്നെ ഇവിടെയും പ്രണയം തുടങ്ങുകയും ഒടുങ്ങുകയും ചെയ്യുന്നതും തീവണ്ടിയില്‍ തന്നെ .മൂലകഥയില്‍ കാര്യമായ വ്യതിയാനങ്ങള്‍ ഇല്ല എന്നര്‍ത്ഥം. പകരം കഥാപാത്രങ്ങളില്‍ മാത്രമേ മാറ്റങ്ങള്‍ സംഭവിക്കുന്നുള്ളൂ .നിരൂപകന്മാര്‍ നോട്ട് ദിസ്‌ പോയിന്റ്‌ !! .


ലിവിടെ ക്ലിക്കിയാല്‍ ലവിടെ പോകാം .
പ്രണയത്തീവണ്ടി

വ്യാഴാഴ്‌ച

കാപ്പിലേക്കുള്ള വഴി

ഇത് കാപ്പിലേക്കുള്ള വഴിയല്ലേ ?
ഈ വഴി പോയാലെന്റെ വീട്ടിലെത്തുമോ ?
വീട്ടിലെന്റമ്മ വഴിക്കണ്ണുമായി ഇപ്പോഴും
കാത്തിരിക്കുന്നുണ്ടാകുമോ ?

വഴി തെറ്റി പോയമ്മേ !
നിന്‍റെ മകന്റെ വഴികള്‍ പിഴച്ചു പോയി !!
അമ്മ പറഞ്ഞിട്ടില്ലേ ,
അറിയാത്ത വഴിയേ പോകരുത് കുഞ്ഞേ എന്ന് .
അന്നും ഇന്നും അന്നം പിഴക്കുവാനായി,
അറിയാത്ത വഴിയേ പോയിവന്‍ കഷ്ടം !

രാത്രിയിലീ കാവിലെ യക്ഷിക്കഥകള്‍ കേട്ട്,
അമ്മതന്‍ മാറത്ത് തലവെച്ച്
പേടിച്ചുറങ്ങിയ നാളുകള്‍
ഇന്നും ഞാന്‍ ഇടയ്ക്കിടെ ഓര്‍ക്കാറുണ്ട്.
പേടിയില്ലമ്മേ , കൂട്ടിനെന്‍ അമ്മതന്‍ ഓര്‍മ്മകളുണ്ടല്ലോ.

അന്നൊരിക്കല്‍ കുസൃതി കാട്ടിയതിന്,
മൂക്കത്ത് ശുണ്ടിയുമായി അമ്മയോടിച്ചതും,
ഓട്ടത്തില്‍ , കാല് തെറ്റി ഞാന്‍,
ഈ പാറയില്‍ തലയിടിച്ചു വീണതും,
നെറ്റി പൊട്ടി ചോര പൊടിഞ്ഞപ്പോള്‍ ,
എന്‍റെ കുഞ്ഞിനെന്തു പറ്റി ,
എന്ന് ചോദിച്ചു കൊണ്ടെന്ടമ്മ വീട്ടിലെക്കൊടിയതും ,
ഓടുന്ന കൂട്ടത്തില്‍ ,
കാവില്‍ നിന്നേതോ പച്ചമരുന്നെന്റെ
നെറ്റിയില്‍ ചാലിച്ച് ചേര്‍ത്തതും ,
നീറ്റല് കൊണ്ട്‌ ഞാന്‍ വാ വിട്ട് കരഞ്ഞപ്പോള്‍,
കരയണ്ട കുഞ്ഞേ ,
ദാ .. ഇപ്പ മാറും എന്ന് പറഞ്ഞതും,
ഇന്നലെ പോലോര്‍ക്കുന്നുണ്ടമ്മേ.

നീറ്റലുകള്‍ ഇപ്പോഴും ബാക്കി നില്‍ക്കുന്നു.
ഇടയ്ക്കിടെ ചില കാര്യങ്ങള്‍ ഓര്‍ക്കുമ്പോള്‍,
ഇടനെഞ്ച്‌ വല്ലാതെ പൊടിയാറുണ്ടമ്മേ.
വേദനകള്‍ ചിലപ്പോള്‍,
ഉള്ളില്‍ നിന്നുമൊരാന്തലായ്, തേങ്ങലായ്,
പെയ്യാന്‍ മടിക്കുന്ന മേഘമായ്,
പിന്നെ എവിടെയോ പോയി മറയാര്മുണ്ട്.

ഇനിയും എത്രയെത്ര ഓര്‍മ്മകള്‍ പറയാനുണ്ടന്നോ.
കഥ പറഞ്ഞു നില്‍ക്കാന്‍ നേരമെനിക്കില്ലൊട്ടും.
വീട്ടിലെത്തണം എനിക്കമ്മയെ കാണണം.
ഇത് കാപ്പിലേക്കുള്ള വഴിയല്ലേ ?
ഈ വഴി പോയാലെന്റെ വീട്ടിലെത്തുമോ ?
വീട്ടിലെന്റമ്മ വഴിക്കണ്ണുമായി ഇപ്പോഴും
കാത്തു നില്‍ക്കുന്നുണ്ടാകുമോ ?.

ചൊവ്വാഴ്ച

കൊതുക്

Mark that fly and
shoot that bitch !!


എത്ര ചെറുതാണ് !
എന്നിട്ടും ,
ഒരു ശങ്കയുമില്ലാതെ എന്നെ കുത്തിയത് കണ്ടില്ലേ ?
ഇപ്പ ദാ നിന്നെയും .

Kill kill and kill that little creature .

ഈ വൃത്തികെട്ട പ്രാണിയില്‍ നമ്മുടെ രക്തങ്ങള്‍ ഒന്നായി .
ബന്ധങ്ങള്‍ , ബന്ധങ്ങള്‍ ,രക്ത ബന്ധങ്ങള്‍ .
ഒരിക്കലും പാടില്ലാത്ത രക്ത ബന്ധങ്ങള്‍ .

പാപം ! നാണക്കേട് !! വേദന !!!
ഇനി ഞാനെങ്ങനെ തലപൊക്കി നടക്കും ?
സഹിക്കാന്‍ കഴിയുന്നതിലും അപ്പുറം .

നമ്മുടെ രണ്ട് പേരുടെയും രക്തം ഒന്നായിട്ട്
എത്ര ആനന്ദത്തോടെയാണ് ഇത് കുടിക്കുന്നത് ?

നോക്ക് ,
ചോര , ചോര , ചോര ,
എന്‍റെ ചോര , നമ്മുടെ ചോര .
വീഞ്ഞ് കുടിച്ചവളെ പോലെ,
വയറ് വീര്‍പ്പിച്ച് , മത്തടിച്ചിരിക്കുന്നു.

അല്ലെങ്കില്‍ വേണ്ട .
കൊല്ലാതെ വിട്ടേരെ .
നമുക്കൊരിക്കലും കഴിയാതെ പോയ കാര്യം പോലെ ,
നമ്മുടെ രക്തത്തില്‍ മറ്റൊരാള്‍ ജീവിക്കട്ടെ .

നമ്മുടെ മണിയറ , കല്യാണം നടന്ന പളളി,
പിതാക്കളുടെ വേദന ഒന്നും ഓര്‍ക്കണ്ടാ .
ശരീരം ഉടയാതെ നോക്കണം !
കടും നിറത്തില്‍ ,
നിന്‍റെ ചുണ്ടും നഖവും ചുവപ്പിക്ക് .
സൌന്ദര്യ മത്സരത്തിന് സമയമായി .

തിങ്കളാഴ്‌ച

ഒന്ന് മുതല്‍

മഞ്ഞ് മൂടി തണുത്ത്
വിറച്ചു പുതച്ചു കിടക്കുന്ന പ്രഭാതത്തില്‍ ,
പിന്നോട്ട് പോകുന്ന സമയസൂചിക പോലുള്ള ജീവിതം .

എത്ര ആഞ്ഞ്‌ തുഴഞ്ഞാലും നീന്തിയാലും
കൈകാലുകള്‍ തളര്‍ന്ന് കുഴഞ്ഞ്‌
എങ്ങുമെത്താതെ ...
 
അല്ലെങ്കില്‍ ഞണ്ടിനെ പോലെ പിന്നോട്ട് പിന്നോട്ട് .
ഒടുവില്‍
കാല് തെറ്റി കുഴിയില്‍ വീഴുമ്പോള്‍ ,
പിന്നേയും
ആദ്യം മുതല്‍ ഒന്നേ രണ്ടേ മൂന്നേ ....

ബുധനാഴ്‌ച

സോഫിയ

പരിരംഭണത്തിന്റെ തീജ്വാലയില്‍,
അഗ്നിവിശുദ്ധി വരുത്തുന്ന സര്‍പ്പങ്ങളെ പോലെ,
സോഫിയാ , നീ എന്നില്‍ ചുറ്റിപ്പടരുകയാണ് .

നീ എന്താണ് എന്നില്‍ കോരി നിറയ്ക്കുന്നത് എന്ന് അറിയുന്നുണ്ടോ ?
എന്‍റെ ഒരോ രോമകൂപത്തിലും നീ ഉഷ്ണം പകരുന്നു.


Look sofiya
your veins are bulging with wild fire.

വിളക്കണച്ചേക്കൂ സോഫിയ.
കെട്ട വെട്ടങ്ങള്‍ നിന്‍റെ ശോഭ കെടുത്താതിരിക്കട്ടെ.
ജനാലയില്‍ നിന്നും അരിച്ചെത്തുന്ന പാല്‍ചന്ദ്രികയില്‍,
നിന്‍റെ കാന്തി ഞാന്‍ ആവോളം മോന്തിക്കുടിക്കട്ടെ ‍.

സോഫിയ,

I can feel your heart beats ,
like beethovan symphony.

ഞാന്‍ നിന്‍റെ മാറത്ത് ചെവി ചായ്ച്ച്,
മതി തീരുവോളം ദേവ സംഗീതം കേള്‍ക്കട്ടെ.
ആ ഗാനസാഗരത്തില്‍ ഞാന്‍ അലിഞ്ഞു ചേരട്ടെ .

സോഫിയ ,നിനക്കറിയുമോ.
ഒരു ദേവനും ഒരിക്കലും കാണിക്ക വെയ്ക്കാത്ത,
ഒരിക്കല്‍ പോലും ആരും ചുംബിക്കാത്ത പുഷ്പം.
അത് തന്നെ വേണമെന്ന് ഞാന്‍ അവനോട് പറഞ്ഞിരുന്നു.
അവന്‍ മിടുക്കനാണ് , നീയും.

വിപ്ലവം തോക്കിന്‍ കുഴലിലൂടെ വേണമെന്ന് ശഠിച്ചവന്‍,
പണം നാഭിക്കുഴലിലൂടെ നേടാന്‍ പഠിച്ചിരിക്കുന്നു.

സോഫിയ,

you smell like the roses of sharon and
the lilly of valley.
നിന്‍റെ തളിര്‍ ചുണ്ടില്‍ ഞാനൊന്ന് അമര്‍ത്തി ചുംബിക്കട്ടെ.

സോഫിയാ ,
നീ എന്താണ് ഒന്നും മിണ്ടാത്തത് ?

നീ എത്ര സുന്ദരിയാണ് !!
നിന്‍റെ കണ്ണുകള്‍ നീലത്തടാകങ്ങള്‍ പോലെ എത്ര ശാന്തം !!.
മുന്‍പൊരിക്കലും കാണാത്ത എന്‍റെ മുന്‍പില്‍ ,
പേടിച്ചരണ്ട മാന്‍പേട പോലെ,
ഭയക്കാത്തതും നിലവിളിക്കാത്തതും എന്താണ് സോഫിയ ?

സോഫിയാ,
നാളെ ഒരു പുലര്‍കാല മഞ്ഞ് തുള്ളിപോലെ,
എന്നില്‍ നിന്നും നീ മാഞ്ഞു പോകുമ്പോള്‍,
നിനക്കെന്നും ഓര്‍ക്കാനായി ഞാനെന്താണ് നല്‍കേണ്ടത് ?

Shall I sing a song in ecstasy
and that too only for you.

അല്ലെങ്കില്‍,
ആരും ഒരിക്കലും ഇനി നിന്നെ ഉമ്മ വെച്ച്‌ ഉണര്ത്താതിരിക്കുവാന്‍,
എന്നും കന്യകയായി തന്നെ ഇരിക്കുവാന്‍,
ആരുമറിയാതെ നിത്യമായ മഹാനിദ്രയിലേക്ക് നിന്നെ പറഞ്ഞയക്കട്ടെ.

എന്താണ് സോഫിയാ ഒന്നും മിണ്ടാതെ ഇങ്ങനെ മിഴിച്ച് നോക്കുന്നത് ?
നീ എന്തെങ്കിലും എന്നോടൊന്ന് പറയൂ …

സോഫിയാ ......................................... .

വെള്ളിയാഴ്‌ച

നാല് മണി പൂ പോലെ

നാല് മണി പൂ പോലെ ,
നാണം കുണുങ്ങും നാട്ടു പെണ്ണേ .
നിന്‍ നിറ മാറില്‍ പൂത്തു നില്‍ക്കും
നീര്‍മാതളങ്ങള്‍ ആര്‍ക്ക് വേണ്ടി ?

പെട പെട പെടക്കണ കടക്കണ്ണാല്‍ നീ
ചൂണ്ടി വലിക്കല്ലേ മരക്കാത്തി .
നിന്‍ പ്രേമ ഭിക്ഷക്കായി വന്നൊരു ഭിക്ഷു
കടക്കന്നെറിഞ്ഞു നീ വലയ്ക്കല്ലേ .
എന്നെ വലയ്ക്കല്ലേ . ( നാല് മണി )

മതി മതി പനിമതി .
നിന്‍ നാട്യ ലീലകള്‍ മതി മതി .
ആലില പോലുള്ള നിന്‍ അണി വയറ്റില്‍
ആദ്യ , പ്രണയാക്ഷരങ്ങള്‍ കുറിച്ചിടട്ടെ ? (നാല് മണി )

അമ്പത് കായ്ക്ക് കടലക്ക വാങ്ങി
അകലത്തെങ്ങാനും പോയിരിക്കാം
ആരും കാണാതെ നിന്‍ പൂങ്കവിളില്‍ നുള്ളാം
എന്‍റെ ഈ വിരിമാറില്‍ മെത്തയൊരുക്കാം
പൂ മെത്തയൊരുക്കാം ( നാല് മണി )

ബുധനാഴ്‌ച

ലവ് ജിഹാദ് -3

ഒന്നാം ഭാഗം     രണ്ടാം ഭാഗം

തെക്കെക്കരയിലെ ഒരോ മനുഷ്യ ജീവികള്‍ക്കും ഒരോ കഥകള്‍ പറയാനുണ്ട് എന്നത് പോലെ തന്നെ , തെക്കേക്കരയിലെ ആറ് കടമ്പന്‍ തോടിനും പറയാനുണ്ടാകും ഒരായിരം വേദനിപ്പിക്കുന്ന കഥകള്‍ .പണ്ട് കെട്ടുവള്ളങ്ങള്‍ ഒക്കെ ആലപ്പുഴയില് നിന്നും ചരക്കുമായി ഇതുവഴി ‍ വരാറുണ്ടായിരുന്നു . ഇന്ന് പിള്ളാരുടെ അരയിലെ അഴുക്കു പിടിച്ച അരഞ്ഞാണം പോലെ കനം കുറഞ്ഞ് അഴുക്കും ചെളിയും പൂണ്ടു കിടക്കുന്നത് കണ്ടാല്‍ കഷ്ടം തോന്നും . തോടിന്റെ രണ്ട് കരയിലും ജീവിച്ചവര്‍ ജാതിയും മതവും സമ്പത്തും മറന്ന് ഒരേ മനസോടെ പ്രവര്‍ത്തിച്ചത് തോടിന്റെ അതിരുകള്‍ ‍ മണ്ണിട്ട്‌ നികത്തി കൈവശം ആക്കുന്നതിലായിരിക്കണം .

രാത്രിയില്‍ ഇടമുറിയാതെ പെയ്ത മഴയില്‍ തോട് നിറഞ്ഞു കവിഞ്ഞ് അടുത്തുള്ള കണ്ടങ്ങളെയും കരകളെയും കഴിഞ്ഞു .പ്രാണഭയം കൊണ്ടോടുന്ന പോരാളി തനിക്ക് ചുറ്റുമുള്ളതെല്ലാം തച്ചുടച്ചു പോകുന്നത് പോലെ അതി ജീവനത്തിന്റെ മാര്‍ഗം തേടുകയാണ് ആറ് കടമ്പന്‍  . തോടിനടുത്തു താമസിക്കുന്ന മിക്കവരുടെയും വീട്ടില്‍ വെള്ളം കയറി .തെക്കെക്കരയെയും വടക്കെക്കരയെയും ബന്ധിപ്പിക്കുന്ന പാലത്തിന് തൊട്ട് താഴെ വരെ വെള്ളമെത്തി .

പരുത്തിക്കീഴില്‍ ശാന്തമ്മയുടെ വീട്ടില്‍ മുട്ടറ്റം വെള്ളം !!.ലക്ഷം വീട് കോളനി മുഴുവന്‍ മുങ്ങിക്കഴിഞ്ഞു . വീട് പോയവരുടെ കൂട്ടത്തില്‍ തോട്ടുംകര താത്തായുടെയും പപ്പടക്കാരി അമ്മാളുവിന്റെയും കാളക്കാരന്‍ നാണുവാശാന്റെയും വീടുകള്‍ പെടും . ആളുകള്‍ ആകെ പരിഭ്രാന്തിയിലായി .വീടുകള്‍ നഷ്ടപ്പെട്ടവര്‍ അടുത്തുള്ള പ്രൈമറി സ്കൂളില്‍ അഭയം തേടി . സ്കൂളിനെല്ലാം അവധി കൊടുത്തു . കുട്ടികള്‍ക്ക് ഇതില്‍ പരം ഒരു സന്തോഷം ഇനി ലഭിക്കാനില്ല .ഇനി കുറച്ചു നാള്‍ വെള്ളത്തില്‍ ചാടി മറിയാം .തെക്കെക്കരയിലെ പാവങ്ങള്‍ക്കിടയിലെ കിരീടം വെയ്ക്കാത്ത നാട്ടു പ്രമാണിയായിരുന്നു അവറാച്ചന്‍ മുതലാളി .ആറ്കടമ്പന് തോടിന്റെ കരയിലുള്ള കണ്ടങ്ങളില്‍ മുക്കാല്‍ പങ്കും അവറാച്ചന്‍ മുതലാളിക്ക് സ്വന്തം .പണ്ട് ഈ കണ്ടങ്ങളില്‍ കൊയ്ത്തും മെതിയും പാട്ടും എല്ലാമുണ്ടായിരുന്നു . ഇപ്പോള്‍ കൊയ്ത്തുമില്ല പാട്ടുമില്ല പണിയുമില്ലാതെ കിടക്കുകയാണ് കണ്ണെത്തും ദൂരത്ത് കണ്ടങ്ങള്‍ . പണിക്കാരെ കിട്ടാനില്ല എന്നതാണ് പ്രധാന കാരണം . ഉള്ളവര്‍ക്കാണെങ്കില് മുടിഞ്ഞ കൂലിയും . നാട്ടില്‍ പണി ചെയ്യുന്നവരെല്ലാം കടലും കടന്ന് പോയി .
 
അയ്യത്തൊരു തേങ്ങാ ഇടാന്‍ ആളിനെ കിട്ടില്ല ,പിന്നല്ലേ കൊയ്ത്തും മെതിയും ?
 
കണ്ടം വെറുതെ ഇട്ടെക്കുന്നത് കണ്ടു ആരെങ്കിലും ചോദിച്ചാല്‍ അവറാച്ചന്റെ മറുപടി ഇതാണ് .എന്നാല്‍ ആര്‍ക്കെങ്കിലും വില്‍ക്കാം എന്ന് കരുതിയാല്‍ അതും വീട്ടിലുള്ള മക്കള്‍ സമ്മതിക്കില്ല .
 
അവറാച്ചന് തലയും പുലിയും പോലെ മൂന്നാണ്മക്കള്‍ . മൂന്ന് പേരും കല്യാണം കഴിച്ചു കുടുംബവുമായി സുഖമായി ദുബായില് കഴിയുന്നു . വല്ലപ്പോഴും അവരയക്കുന്ന പൈസാ കൊണ്ടാണ് ‍അവറാച്ചനും ഭാര്യ അന്നമ്മയും ജീവിച്ചു പോകുന്നത് എന്ന് വേണം പറയുവാന്‍ .  എങ്കിലും പഴയ പ്രതാപങ്ങളൊന്നും തന്നെ അവറാച്ചന്‍ മറന്നിട്ടില്ല . അതുകൊണ്ടാകണം ഒരു ചടങ്ങ് പോലെ ഒരു പറ കണ്ടത്തിലെങ്കിലും കൃഷി ഇറക്കുന്നത്‌ .
 
മഴയും തണുപ്പും ആയത് കൊണ്ടാകണം അവറാച്ചന്‍ മുതലാളി രാവിലെ കിടക്കയില്‍ നിന്നെഴുന്നെറ്റിട്ടില്ല. അല്ലെങ്കില്‍ ഈ സമയം അയ്യത്തോക്കെ പോയി വരേണ്ട സമയം കഴിഞ്ഞു .അടര്‍ന്നു വീഴുന്ന തേങ്ങ , വവ്വാല്‍ ചപ്പിയ പറങ്ങാണ്ടി ഇതെല്ലാം പെറുക്കാന്‍ രാവിലെ ഒരു പോക്കുണ്ട് .തെക്കേക്കരയില്‍ കൂടാതെ കണ്ണനാകുഴിയുമുണ്ട് പറമ്പുകള്‍ .


ദേ - മനുഷ്യാ നിങ്ങളൊന്നെഴുന്നെറ്റെ. എന്തോരോറക്കമാ ഇത് .നാട് മുഴുവന്‍ വെള്ളം മൂടി കിടക്കുമ്പോള്‍ ഇവിടൊരാള് മൂടിപ്പുതച്ചു കിടക്കുന്നു .
രാവിലെ ചായയുമായി അന്നമ്മ ചേട്ടത്തി അവറാച്ചന്‍ ചേട്ടനെ വിളിച്ചുണര്‍ത്തി .

എന്താടി നിന്റപ്പന്‍ ചത്തു പോയോ . രാവിലെ കെടന്നു വാ കീറുന്നു .വെള്ളം വരും പോകും , അവറാച്ചന്‍ എത്തറ വെള്ളം കണ്ടതാ .നീ ആ പൂണിയും വലയുമിങ്ങേടുത്തോ , കണ്ടത്തില്‍ വല്ല ഞോട്ടനോ മറ്റോ കേറീട്ടുണ്ടോന്ന് നോക്കട്ടെ . അച്ചായ എനിക്കാകെ പേടിയാകുന്നു . രാവിലെ പാല് കൊണ്ടുവന്ന സുമയാണ് കാര്യം പറഞ്ഞത് . നമ്മുടെ ലക്ഷം വീട്ടിലെ ദേവകി ഇന്നലെ മീന്‍കാരന്‍ ജമാലിനോടൊപ്പം ഇറങ്ങിപ്പോയന്ന് .


എടീ .അതിന് നീയെന്തിനാണ്‌ പേടിക്കുന്നത് .നിന്‍റെ ആരേലുമാണോ ഈ ജമാലും ദേവകിയും ? അവര് പോട്ടന്ന് . കര്‍ത്താവ് അഞ്ചപ്പം കൊണ്ടല്ലേ അയ്യായിരം പേരെ പോഷിപ്പിച്ചത് ? അവന്‍ കൊണ്ടുപോയി തിന്നട്ടെ .അവന്‍ ആണ്കുട്ടിയാടി !

ഈ മനുഷ്യന്റെ വായീന്ന് വെടക്ക് വര്‍ത്താനം അല്ലാതെ രാവിലെ ഒന്നും ഇറങ്ങില്ലേ ? നിങ്ങള്‍ക്ക് കാര്യങ്ങള്‍ വല്ലതും മനസിലായോ . അവന്‍ ഒരു കല്യാണം കഴിച്ചതല്ലേ / മാത്രമല്ല അതൊരു അന്യജാതി പെണ്ണും .വേറൊരു കൂട്ടം കാര്യം കൂടി സുമ പറഞ്ഞു . ഹിന്ദുക്കളെല്ലാം കൂടി പുറത്ത് നിന്നും ആളിനെ ഇറക്കാന്‍ പോകുകയാണത്രേ.കല്യാണം കഴിക്കാനും കൂടെ താമസിപ്പിക്കാനുമോന്നുമല്ല ഇത് . നിങ്ങള് പത്രത്തില്‍ വായിച്ചിട്ടില്ലേ . ഏലാദീന്നോ ജിഹാദീന്നോ ഏതാണ്ടൊക്കെ . ആ കൂട്ടത്തില്‍ പെട്ടവനാണിവനും.ഇനി എന്തെല്ലാം ഈ നാട്ടില്‍ കാണണം ഈശോയെ !

ഹഹ്ഹ നീ രാവിലെ ചിരിപ്പിക്കല്ലേ അന്നാമ്മേ . നീ ആ പൂണീം വലേം ഇങ്ങെടുക്ക്‌ .ഞാനൊന്നു നോക്കീട്ടും വരാം .


**********************************************************************************************

പിറ്റേ ദിവസം ചന്തയിലുള്ള ആളുകളെ ശരിക്കും ആ കാഴ്ച ഞെട്ടിച്ചു കളഞ്ഞു .തുടരും .

ശനിയാഴ്‌ച

ലവ് ജിഹാദ് - 2

ഒന്നാം ഭാഗം

 ഇന്നലെ വൈകിട്ട്  കവലയില്‍ നടന്ന  സംഭവങ്ങള്‍ ഒന്നും അറിയാത്ത രീതിയില്‍ ആയിരുന്നു
 തെക്കേക്കര ഗ്രാമത്തിന്റെ മുകളില്‍ വെള്ള കീറിയത് .രാത്രിയില്‍ ഇടമുറിയാതെ പെയ്ത മഴയില്‍ പാടങ്ങളും ആറ് കടമ്പന്‍ തോടും നിറഞ്ഞൊഴുകി എങ്കിലും രാവിലെ തന്നെ തണുത്ത് കിടന്ന ഗ്രാമത്തില്‍
 കാട്ടുതീപോലെ വാര്‍ത്ത പരന്നു.വായും ചെവിയും കൈമാറി വായു വേഗത്തില്‍ വാര്‍ത്തകള്‍ സഞ്ചരിച്ചു.  ദേവകി ജമാലിനോടൊപ്പം പോയതിനേക്കാള്‍ കൂടുതല്‍ സങ്കടകരമായി നാട്ടുകാര്‍ക്ക് തോന്നിയത് , കെട്ടിക്കാന്‍ പ്രായമായ ദേവകിയുടെ മകളെ ഇനി ആര് നോക്കും എന്നതും ദീനമായി കിടക്കുന്ന ജമാലിന്റെ ബീവി റംല ഇനി എങ്ങനെ ജീവിക്കും എന്നതുമായിരുന്നു .

ദേവകിയുടെ മകള്‍ രമ്യ , ആലപ്പുഴയില്‍ ഏതോ വീട്ടില്‍ വേലയ്ക്കു നില്‍ക്കുകയാണ് .കല്യാണപ്രായം ആയി വരുന്നു എന്ന് പറയാം . കഴിഞ്ഞ ഓണത്തിന് നാട്ടില്‍ വന്നപ്പോള്‍ കണ്ടിരുന്നു .അസല്‍ ഞാവല്‍ പഴം പോലെ ഒരു മധുരപ്പതിനേഴുകാരി . ആര് കണ്ടാലും ഒന്ന് നോക്കി നിന്ന് പോകും .ദേവകിയുടെ മകളാണെന്ന് പറയുകയേ ഇല്ല ! .വെളുത്ത ഒരു സുന്ദരി .  വേലക്കാരികള്‍ക്കൊക്കെ ഇത്രയും സൌന്ദര്യം ഉണ്ടോ എന്ന് പലരും ചോദിക്കുന്നത് കേട്ടതാണ്  . വല്ല സീരിയല്‍കാരോ സിനിമാക്കാരോ കണ്ടാല്‍ അപ്പോള്‍ കൊത്തിക്കൊണ്ടു പോകും . അത്രയ്ക്ക് സുന്ദരി !! അവയവമുഴുപ്പും ഭംഗിയും എല്ലാം കിറ് കൃത്യം . അവളുടെ നടത്തക്കും ഒരു പ്രത്യക ഭംഗിയാണ് . ഗ്രാമത്തിലെ എല്ലാ സൗന്ദര്യവും പകര്‍ന്നു കിട്ടിയ ഒരു കൊച്ചു സുന്ദരി  തന്നെ എന്ന് പറയാം .

ഇന്നലെ വൈകിട്ട് എന്തായിരുന്നു അഭ്യാസങ്ങള്‍ !!


സിനിമകളിലെ മോഹന്‍ലാലും മമ്മൂട്ടിയും ഒക്കെ ചെയ്യുന്നത് പോലെ ഒരു കയ്യില്‍ ദേവകിയും മറുകയ്യില്‍ ഉയര്‍ത്തിയ കത്തിയുമൊക്കെയായി ജമാല്‍ കാണിച്ചു കൂട്ടിയ കസര്‍ത്തുകള്‍ . നാട്ടിലെ ആണുങ്ങള്‍ ശ്വാസമടക്കി പിടിച്ചു നിന്ന് കണ്ടതല്ലാതെ ഒരക്ഷരം പോലും മിണ്ടിയില്ല . എതിര്‍ക്കാന്‍ ചെന്ന വേലായുധന്‍ മൂപ്പരുടെ മകന്‍ പൊടിയനും കിട്ടി കഠാര പിടികൊണ്ട്‌ മോന്തക്കൊരു കീറല്‍ . പൊടിയനെ ആശുപത്രിയില്‍ കൊണ്ടു പോയെന്നും  പോലീസ് കേസാകും എന്നെല്ലാം പറഞ്ഞു കേള്‍ക്കുന്നു .

ജമാല്‍ അറഞ്ഞു തുള്ളുകയായിരുന്നു . ഇതിന് മുന്‍പ് ജമാലിന്റെ ഇത്തരത്തില്‍ ഒരു പ്രകടനം ആ നാട്ടില്‍ ആരും കണ്ടിട്ടില്ല  . ദേവകിയെ പിടിച്ചു മാറ്റി നിര്‍ത്തിക്കൊണ്ട് ജമാല്‍ കത്തി നാല് പാടും വീശി വിളിച്ചു പറഞ്ഞു .

വരീനട സുവറുകളെ . ഈ നില്‍ക്കുന്ന ദേവകി എന്‍റെ പെണ്ണാണ് . ഞാന്‍ നിക്കാഹ് കഴിക്കാന്‍ പോകുന്ന എന്‍റെ പെണ്ണ് .ഇവള്‍ക്കിഷ്ടമുണ്ടെങ്കില്‍ എന്‍റെ കൂടെ പൊറുക്കും .എതിര്‍ക്കാന്‍ കെല്‍പ്പുള്ള അമ്മയുടെ മുലപ്പാല് കുടിച്ചിട്ടുള്ള ഏതെങ്കിലും നായിന്റെ മക്കള്‍ എന്‍റെ ജാതിയിലോ , ഇവളുടെ ജാതിയിലോ ഉണ്ടെങ്കില്‍ മുന്നോട്ടു വരാം .ഇനി ഇവളെ പറ്റി ആരെങ്കിലും അപവാദങ്ങള്‍ പറഞ്ഞാല്‍ ആ നാവ് ഞാന്‍ അരിയും കഴുവര്‍ടാ മക്കളെ .

വേലായുധന്‍ മൂപ്പരുടെ മകന്‍ പൊടിയന്‍ , ആ സമയത്താണ് മുക്കിന് എത്തുന്നത് .മുക്കിന് ആള് കൂടി നില്‍ക്കുന്നത് കണ്ടപ്പോള്‍ എന്താണ് സംഭവം എന്നറിയാന്‍ വന്നു നോക്കിയതാണ് പൊടിയന്‍ .കള്ളിന്റെ ലഹരിയില്‍ രണ്ടാമതൊന്ന് ആലോചിക്കാതെ രംഗത്തേക്ക് എടുത്തു ചാടുകയും ചെയ്തു .

പണ്ടേ പൊടിയന് ദേവകിയില്‍ ഒരു കണ്ണുണ്ട് . പലവട്ടം അടുത്തു നോക്കിയെങ്കിലും അവള്‍ അമ്പിനും വില്ലിനും അടുക്കുന്നില്ല . ആരോഗ്യ ദൃഡഗാത്രനായ ജമാലിനെപ്പോലാണോ നരുന്ത് പോലുള്ള പൊടിയന്‍ ! ദേവകിക്ക് പൊടിയന്‍ അമ്പലപ്പറമ്പില്‍ കൂടി പോയ ഒരീച്ച പോയത് പോലെ തോന്നു . അന്നേ അവള്‍ പൊടിയനോട് പറഞ്ഞതാണ് , പോടാ പൊടിയാ നിന്‍റെ മുട്ട് സൂചി ഈ ചൂളയില്‍ പഴുപ്പിക്കാന്‍ നോക്കണ്ടാ എന്ന് .കേള്‍ക്കണ്ടേ ?
 
കരുനാഗപ്പള്ളിക്ക് വടക്ക് കായല് വാരത്ത് എവിടെയോ ആണ് റംലയുടെ വീട് . പണ്ട് ആട് കച്ചവടത്തിന് പോയ വഴിക്ക് കിട്ടിയ ആലോചനയാണ് റംല . മീന്‍ കച്ചവടത്തിന് മുന്‍പ് അണലിക്ക് മാട്ട് കച്ചവടവും ആഴ്ചാവസാനം ചന്തയിലെ ഇറച്ചി വില്പനയുമായിരുന്നു പ്രധാന വരുമാന മാര്‍ഗം . ഏത് വലിയ കാളയെയും പോത്തിനെയും നിമിക്ഷ നേരം കൊണ്ടു കശാപ്പ് ചെയ്തു തരും . ആടിനെ അറുത്താല്‍ അതിന്റെ ചങ്ക് ചോരയോടെ പച്ചക്ക് കഴിക്കുന്നതാണ് ജമാലിന്റെ രീതി .നാട്ടുകാര്‍ അതുകൊണ്ട് തന്നെ ജമാലിനെ ഇരട്ടച്ചങ്കന്‍ എന്നും വിളിക്കുന്നു .
 
ആദ്യ കാലത്തൊന്നും ജമാല്‍ ഇങ്ങനെ കുടിക്കുകയോ നാട്ടില്‍ ബഹളം വെയ്ക്കുകയോ ചെയ്യില്ലായിരുന്നു .നാട്ടിലെ മുസ്ലീങ്ങളുടെ നിഖാഹിനും മറ്റും ബിരിയാണി വെയ്ക്കുക , ആഴ്ച ചന്തയില്‍ ഇറച്ചി വില്‍ക്കുക, ‍കാളക്കച്ചവടം ചെയ്യുക അങ്ങനെ നാട്ടില്‍ ഒരു വിധം ആളുകള്‍ കൂടുന്നിടത്തെല്ലാം ജമാലിനെ കാണാമായിരുന്നു .റംലയെ ആദ്യ കാലത്തെല്ലാം നന്നായി നോക്കിയിരുന്നതാണ് ജമാല്‍ . ഏതോ വലിയ കടം കയറിയെന്നോ , അതല്ല കല്യാണം കഴിഞ്ഞിട്ട്‌ വര്‍ഷങ്ങളായിട്ടും കുട്ടികളില്ലാത്ത വിഷമമോ എന്തോ പതുക്കെ പതുക്കെ ജമാല്‍ കുടി തുടങ്ങി . കുടിച്ചിട്ട് വീട്ടില്‍ എത്തുക വീട്ടിലെത്തിയാല്‍ റംലയെ എടുത്തിട്ട് തല്ലുക എന്നിവയായി പിന്നത്തെ പരിപാടികള്‍ .
 
നാട്ടുകാര്‍ പറയുന്നത് , നാട്ടിലെ വെടികളും പുറത്തുള്ള മറ്റ് കൂട്ട് കെട്ടുകളുമാണ് ജമാലിനെ നശിപ്പിച്ചത് എന്നാണ് . ജമാലിന് കഞ്ചാവിന്റെയും പെണ്ണുങ്ങളുടെയും എല്ലാം കച്ചവടം ഉണ്ടത്രേ . ഇതൊന്നും റംല സമ്മതിക്കാത്തത് കൊണ്ടാണ് റംലയെ ദേഹോദ്രവം ചെയ്യുന്നത് എന്ന് . അതല്ല കല്യാണം കഴിച്ചിട്ട് വര്‍ഷങ്ങളായിട്ടും കുട്ടികള്‍ ഉണ്ടാകാത്തത് കൊണ്ടാണ് റംലയെ ദ്രോഹിക്കുന്നത് എന്നും പറയുന്നു . റംലക്ക് ഇടിയും ചവിട്ടും കൊള്ളാത്ത ദിവസങ്ങളില്ല . ഒന്ന് രണ്ട് തവണ വീട്ടില്‍ നിന്നും റംല ഇറങ്ങി ഓടി അയല്‍വീടുകളില്‍ അഭയം പ്രാപിച്ചിട്ടുണ്ട് . ഒരു തവണ ട്രെയിന് തലവെയ്ക്കാന്‍ പോയത് തക്ക സമയത്ത് നാട്ടുകാര്‍ കണ്ടത് കൊണ്ടു രക്ഷപെട്ടു . പല തവണ പള്ളിക്കാര്‍ ഇടപെട്ടെങ്കിലും ജമാല്‍ അവരുടെ വാക്കുകള്‍ ഒന്നും കേള്‍ക്കാന്‍ കൂട്ടാക്കിയില്ല .
 
മുറക്ക് മുറക്കുള്ള ഇടിയും ചവിട്ടും കൊണ്ടാകണം റംല ഇപ്പോള്‍ ആകെ വശം കെട്ടു.ഇന്നലെ രാവിലെയും വീടിന്റെ വാതിക്കല്‍ കൂടി അക്കരെയുള്ള സര്‍ക്കാര്‍ ആശുപത്രിയില്‍ വലിവിന്റെ മരുന്ന് വാങ്ങാന്‍ പോകുന്നത് കണ്ടു . റംലയാണ് പോകുന്നതെന്ന് പറയുകയേ ഇല്ല . ആകെ കോലം കെട്ടിരിക്കുന്നു. ജമാല്‍ കെട്ടിക്കൊണ്ടു വരുന്ന നാളില്‍ എന്തൊരു സൌന്ദര്യമായിരുന്നു റംലക്ക് .
 
എങ്ങനെയൊക്കെ ആലോചിച്ചിട്ടും ജമാലും ദേവകിയും  നടത്തിയ പരസ്യമായ ഈ വെല്ലുവിളിയുടെ അര്‍ഥം നാട്ടുകാര്‍ക്ക് മനസിലാകുന്നില്ല .
 
സ്വന്തം ജാതിക്കാരും നാട്ടുകാരും നില്‍ക്കുമ്പോള്‍ പരസ്യമായി , അതും അന്യജാതിക്കാരനും കല്യാണം കഴിച്ചതുമായ ഒരുത്തന്റെ കൂടെ.!!.
 
 അഥവാ , ദേവകിക്ക് ഒരു കല്യാണം കൂടി കഴിക്കണമായിരുന്നെങ്കില്‍ അത് സ്വന്തം ജാതിയില്‍ നിന്നും ആകാമായിരുന്നല്ലോ ? ജമാലിനോ മക്കളില്ല , ഇവടെ മോടെ ഭാവിയെങ്കിലും ഓര്‍ക്കണമായിരുന്നു . ഇനി അവളെ ആര് കെട്ടും ? ഇത് സ്വന്തം ജാതിക്കാരെ ഒരു മാതിരി വടിയാക്കുന്ന ഏര്‍പ്പാടായി പോയി .
 
 ഛേ . നാണോം മാനോം ഇല്ലാത്തവള്‍ .ഇതിലും എത്രയോ ഭേതമാണ് കരടി ജാനകിയും തോട്ടുംകര നബീസയും . അവരൊന്നും ഇത്ര പരസ്യമായിട്ടില്ല .
 
നാട്ടുകാര്‍ പലരീതിയിലും ഇതിനെ വിലയിരുത്തി .
 
ഇതിന് തക്ക മറുപടി കൊടുക്കുവാന്‍ തന്നെ പലരും രഹസ്യ യോഗങ്ങള്‍ ചേര്‍ന്നു.
 
**************************************************

 
തുടരും

വ്യാഴാഴ്‌ച

ലവ് ജിഹാദി

മുക്കവലയില്‍ പതിവ് പോലെ അന്നും സന്ധ്യയായി . എല്ലാ സന്ധ്യകളും പോലെ  ആ സന്ധ്യയും  മുക്കവലയില്‍ പറയത്തക്ക വ്യത്യാസങ്ങള്‍ ഒന്നും തന്നെ വരുത്തിയില്ല  . നാട്ടിന്‍ പുറത്തിന്റെ നന്മകള്‍ നിറഞ്ഞ ഒരു സാദാ മുക്കവല .ഗ്രാമത്തിലെ വെടിവട്ടക്കാര്‍ എല്ലാവരും വാസുവിന്റെ ചായക്കടയില്‍ കൂടിയിട്ടുണ്ട് .ഗ്രാമത്തിലെ , പഞ്ചായത്തിലെ , കേരളത്തിന്റെ ,ഭാരതത്തിന്റെ തുടങ്ങി  ലോകത്തിലെ എല്ലാ കാര്യങ്ങളും ആ ചായക്കടയില്‍ എല്ലാ ദിവസങ്ങളും പോലെ ചര്‍ച്ചകള്‍ ആരംഭിച്ചു .  വാസു ചായ നീട്ടിയും കുറുക്കിയും അടിച്ച് കൊണ്ടേ ഇരുന്നു. ഇടയ്ക്കിടെ ഉണ്ടപ്പൊരികളും  പരിപ്പ് വടകളും ചില്ലരമാരിയും കടന്ന് പലരുടെയും ആമാശയത്തിലെത്തി ആശയങ്ങളായി പുറത്തേക്ക് വമിച്ചു  .അടുത്തുള്ള തങ്കച്ചന്റെ പലചരക്ക് കടയിലും പതിവ് തിരക്കുകള്‍ തന്നെ . വൈകുന്നേരത്തെ ചന്തയില്‍ മീന്‍ വാങ്ങുവാന്‍ പോകുന്ന പെണ്ണുങ്ങളുടെ മുന്‍ഭാഗത്തും പിന്‍ഭാഗത്തും കുറെയധികം കണ്ണുകള്‍ ചായക്കടയില്‍ നിന്നും പലചരക്ക് കടയില്‍ നിന്നും പോയി പതിക്കുന്നു എന്നതൊഴിച്ചാല്‍ മറ്റ് ഭീകര സംഭവങ്ങള്‍ ഒന്നും തന്നെ അവിടെ നടക്കുന്നില്ല എന്ന് തന്നെ പറയാം .

നാട്ടിലെ നിലപ്പനടിക്കാരെല്ലാം കൂടുന്നത് അടുത്തുള്ള പൂച്ച ജനാര്‍ദ്ധനന്റെ മാടക്കടയിലാണ് .പണ്ടെങ്ങോ കരിംമ്പൂച്ചയെ വാറ്റിയടിച്ചതുകൊണ്ടാണ് പോലും ജനാര്‍ദ്ധനനെ പൂച്ച എന്ന് കൂടി ചേര്‍ത്ത് വിളിക്കുനതെന്ന് പഴമക്കാര്‍ പറയുന്നു .കഥ എന്തായാലും വാറ്റ് , പൂച്ചയുടെ ജന്മാവകാശം പോലെ ഇപ്പോഴും തുടരുന്നുണ്ട് .സോഡാ വിത്ത്‌ വാറ്റ് പൂച്ചയുടെ കടയില്‍ എപ്പോഴും സുലഭം . പലവട്ടം പോലീസ് പൊക്കിയെങ്കിലും കച്ചവടം ഇപ്പോഴും അതേ പോലെ തുടരുന്നു . ഇപ്പോള്‍ പക്ഷേ ഒറ്റു കൊടുക്കാത്ത സ്ഥിരം പറ്റുപടിക്കാര്‍ക്ക് മാത്രമേ പൂച്ച വാറ്റ് കൊടുക്കുകയുള്ളൂ എന്ന് മാത്രം .

അങ്ങനെ തികച്ചും സമാധാനപരമായ അന്തരീക്ഷത്തിലേക്കാണ്  നാട്ടിലെ പ്രധാന റൌഡി അണലിജമാല്‍ ചാടി വീണ് ഭീകരാന്തരീക്ഷം സൃഷ്ടിക്കുന്നത് . അണലിയെ കണ്ടാല്‍ സാധാരണക്കാര്‍ അടുക്കില്ല . പെണ്ണുങ്ങള്‍ കഴിവതും അണലിയുടെ കണ്‍മുന്നില്‍ പെടാതെ സൂക്ഷിച്ചാണ് നടപ്പ് . കുട്ടികളെ അമ്മമാര്‍ ആ നാട്ടില്‍ പേടിപ്പിച്ചു ഭക്ഷണം കഴിപ്പിക്കുന്നതും ജമാലിന്റെ പേര് പറഞ്ഞാണ് . കുട്ടികള്‍ക്ക് ജമാല്‍ എന്ന പേര് കേള്‍ക്കുമ്പോള്‍ തന്നെ നിക്കറില്‍ തനിയെ മൂത്രം വീണുപോകും .

അണലി രാവിലെമുതല്‍ പൂച്ചയുടെ മാളത്തില്‍ ഉണ്ടായിരുന്നു എന്നും ,അതല്ല ഇപ്പോള്‍ പോയ ബസില്‍ വന്നിറങ്ങിയതാണ് എന്നും രണ്ട് രീതിയിലുള്ള കുശുകുശുപ്പുകള്‍ കാഴ്ചകള്‍ കാണാന്‍ കൂടി വന്ന ജനങ്ങള്‍ നടത്തുന്നുണ്ട് എങ്കിലും ജമാലിന്റെ അടുക്കലേക്ക്‌ അടുക്കുവാന്‍ ആരും ധൈര്യം കാണിച്ചില്ല . ഊരിപ്പിടിച്ച കഠാരയുമായാണ് അണലിയുടെ നില്‍പ്പ് . ഇടയ്ക്കിടെ സ്വന്തം ശരീരത്തില്‍ കുത്തി ദേഹമാസകലം ചോരയും ഒലിപ്പിച്ചുകൊണ്ടുള്ള ആ നില്പ് കണ്ടാല്‍ സാധാരണപ്പെട്ടവര്‍ അടുക്കില്ല .

 അടുക്കരുത് നായിന്റെ മക്കളെ . കുത്തിക്കീറിക്കളയും !! അണലി കഠാര വീശി അലറി .

അണലി പെട്ടന്നിങ്ങനെ വിഷം ചീറ്റുവാനുള്ള കാരണത്തെക്കുറിച്ച് ചായക്കടയിലും പലചരക്ക് കടയിലും ആളുകള്‍ തലപുകഞ്ഞ് ആലോചിച്ചു .ചോദ്യ ചിഹ്നങ്ങള്‍ പേറുന്ന കണ്ണുകളും കയ്യുകളും പരസപരം സംസാരിച്ചു . വാസുവിന്റെ ചായ അന്തരീക്ഷത്തില്‍ നിശ്ചലമായി .

സാധാരണ അണലി പട്ടയും കഞ്ചാവും അടിച്ച് മാളത്തില്‍ കയറുകയാണ് പതിവ്. ഗ്രാമത്തിലെ മീന്‍ കച്ചവടക്കാരനാണ് ജമാല്‍ .രാവിലെ മുതല്‍ വീട് വീടാന്തരം മീന്‍ വിറ്റു കഴിഞ്ഞാല്‍ വീട്ടില്‍ പോയി കുളിച്ചതിനു ശേഷം പൂച്ചയുടെ മാളത്തില്‍ കയറും . ഇന്ന് ജമാല്‍ മീന്‍ കച്ചവടത്തിനും പോയിട്ടില്ല എന്നതാണ് ഏറ്റവും പുതിയ അറിവ് . ഗ്രാമത്തില്‍ വഴക്കുകള്‍ ഉണ്ടാകുന്നതിന്റെ പിന്നിലെ പ്രധാന കാരണം ജമാലാണ് എന്നതാണ് പൊതുവേയുള്ള ജനസംസാരം .

പൊതുജീവിതത്തിന് തടസം സൃഷ്ടിക്കുന്ന ഇവനെ നിലക്ക് നിര്‍ത്താന്‍ ആരുമില്ലേ എന്ന് ആണുങ്ങള്‍ പരസപരം സംസാരിച്ചു .ആ സമയത്താണ് മരിച്ചു പോയ പട്ടാളക്കാരന്‍ വിജയന്‍റെ ഭാര്യ ദേവകി ചന്തയില്‍ മീന്‍ വാങ്ങാന്‍ വന്നത് .‍ വിജയന്‍ പട്ടാളത്തില്‍ വെച്ച്‌ അപകടത്തില്‍ മരിച്ചു എന്നും അതല്ല ദേവകിയമ്മയുടെ നല്ലനടപ്പ്‌ കാരണം ആത്മഹത്യ ചെയ്തു എന്നും ആളുകള്‍ പറയുന്നുണ്ടെങ്കിലും ആ നാട്ടിലെ ആണുങ്ങളെക്കാള്‍ തണ്ടും തടിയും തന്റെടവുമുണ്ട് ദേവകിക്ക് .അതുകൊണ്ടാണല്ലോ ആളുകള്‍ അപവാദം പറയുമ്പോഴും തന്റെടത്തോട് കൂടി ഇറങ്ങി നടക്കുന്നതും ഭര്‍ത്താവിന്റെ മരണശേഷവും ഒറ്റത്തടിയായി ജീവിക്കുന്നതും . വിജയന്‍ പട്ടാളത്തില്‍ ആയിരുന്നപ്പോഴും മരിച്ചതിനു ശേഷവും രാത്രിയില്‍ പലരും അവിടെ നിന്നും ഇറങ്ങി പോകുന്നത് പലരും കണ്ടിട്ടുണ്ടത്രേ !!.ഗ്രാമത്തിലെ സന്ധ്യകളില്‍ പലരും ദേവകിയുടെ വേലിക്കല്‍ നിന്ന് ചൂളം വിളിച്ചിട്ടുണ്ടെങ്കിലും ദേവകി അതൊന്നും കാര്യമാക്കാന്‍ പോയിട്ടില്ല .പലരും ഇപ്പോള്‍ ജമാലിനെയും ദേവകിയും ചേര്‍ത്താണ് ഒരോ കഥകള്‍ മെനയുന്നത് .


ദേവകിയെ കണ്ടപാടെ ആള്‍ക്കൂട്ടം ഒന്നിളകി .പെണ്ണുങ്ങള് വരാന്‍ അറയ്ക്കുന്ന ഈ നേരത്ത് ഇവളിതെന്തിനുള്ള പുറപ്പാട് എന്ന് ആളുകള്‍ മൂക്കത്ത് വിരല്‍ വെച്ചു.പെട്ടന്നാണ് ജമാലില്‍ ഒരു ഭാവമാറ്റം കാണുന്നത് . ജമാല്‍ ഓടി ദേവകിയുടെ അടുക്കല്‍ എത്തി ആ കയ്കളില്‍ മുറുക്കെ പിടിച്ചു കൊണ്ട് കത്തി ഉയര്‍ത്തി .കൂടിനിന്നവര്‍ ആകെ അമ്പരന്നു . എന്തും ചെയ്യാന്‍ മടിക്കാത്തവനാണ് ജമാല്‍ . കണ്മുന്നില്‍ ഒരു കൊലപാതകം കൂടി കാണാന്‍ ഉള്ള ശേഷിയില്ലാത്തവര്‍ എല്ലാം കണ്ണുകള്‍ ഇറുക്കെ അടച്ചു .എന്നാല്‍ ദേവകിയില്‍ കാര്യമായ ഭാവ വ്യത്യാസങ്ങള്‍ കാണാത്തതിനാല്‍ നാട്ടുകാര്‍ വീണ്ടും ഞെട്ടി .

തുടരുന്നു

ചൊവ്വാഴ്ച

പ്രസവമുറി -കഥ

നാട്ടിലെ സര്‍ക്കാര്‍ ആശുപത്രിയാണ് രംഗം . പ്രസവിക്കുവാന്‍ മുട്ടി നില്‍ക്കുന്ന അഞ്ചു പൂര്‍ണ്ണ ഗര്‍ഭിണികള്‍ പ്രസവവേദന കൊണ്ട് പുളയുകയാണ്.ഗര്‍ഭിണികളെ എല്ലാം സ്ഥലപരിമിതികള്‍ മൂലം ഒരേ മുറിയില്‍ താഴെയും കട്ടിലിലുമായി കിടത്തിയിരിക്കുന്നു .വേണ്ടത്ര ശുശ്രൂഷ കിട്ടാത്തതിനാല്‍ ഗര്‍ഭിണികളുടെ ബന്ധുക്കള്‍ എല്ലാവരും ആശുപത്രി ജീവനക്കാരെ തെറി വിളിക്കുന്നിടത്ത് നിന്നും കഥ ആരംഭിക്കുന്നു .

ഗര്‍ഭിണികള്‍ക്കെല്ലാം ഒരേ ദിവസം തന്നെ പ്രസവിക്കണം എന്ന ആഗ്രഹമുണ്ട് .കാരണം അവരെല്ലാം അടുത്തടുത്ത ബന്ധുക്കള്‍ . കന്നി മാസം വരുമ്പോള്‍ നാട്ടിലെ ശ്വാനന്‍മാര്‍ക്ക് ചന പിടിക്കുന്നത്‌ പോലെ അല്ലെങ്കില്‍ തണുപ്പുകാലം കഴിഞ്ഞ് അമേരിക്കയില്‍ ബേബി ബൂം ഉണ്ടാകുന്നത് പോലെ കഷ്ടകാലത്തിനോ നല്ലകാലത്തിനോ നമ്മുടെ കഥാ നായികകളായ കൂട്ടുകാരികള്‍ക്കെല്ലാം  ഒരേ സമയത്താണ്  ഗര്‍ഭം ഉണ്ടാകുന്നത് .ഡോക്ടര്‍മാര്‍ ആവതും വയറ് കീറി കുട്ടിയേയും അമ്മയെയും വേര്‍തിരിക്കുവാന്‍ ശ്രമിക്കുന്നു എങ്കിലും ആവശ്യത്തിനുള്ള ഡോക്ടര്‍മാര്‍ അവിടെ ഇല്ല എന്നൊരു പോരായ്മയും കഥയില്‍ പറയാതെ വയ്യ .ആശുപത്രിയില്‍ ആകെ രണ്ടേ രണ്ട് ഡോക്ടര്‍മാര്‍ !! .

ഗര്‍ഭിണികള്‍ ആകെ വീര്‍പ്പുമുട്ടുകയാണ് . അതില്‍ ഒരു സ്ത്രീക്ക് അവിടുത്തെ മരുന്നിന്റെയും അഴുക്കുകളുടെയും മണം മൂക്കിലടിച്ചപ്പോള്‍ ഉള്ളില്‍ നിന്നും തികട്ടി തികട്ടി വരുന്ന ശര്ദ്ധി അടക്കാന്‍ കഴിയുന്നില്ല . മണം അടിക്കുംതോറും ഞാനിപ്പോള്‍ ചാവുമേ എന്ന് ഉറക്കെ നിലവിളിക്കുകയാണ് ആ പാവം സ്ത്രീ .

അടുത്തു കിടന്ന മറ്റേ സ്ത്രീയിലും മുറുമുറുപ്പും പരിഭവങ്ങളും ആരംഭിച്ചു . ഈ ആശുപത്രിയില്‍ വരുന്ന സമയം കൊണ്ട് അടുത്തുള്ള വയറ്റാട്ടി നാണിത്തള്ളയുടെ അടുക്കല്‍ പോയിരുന്നെങ്കില്‍ എപ്പോഴേ പ്രസവം കഴിയുമായിരുന്നു എന്നും സ്ത്രീ ഓര്‍മ്മിക്കുന്നു . പിന്നീട് വാ തോരാതെ നാണിത്തള്ളയുടെ വര്‍ണ്ണന തുടങ്ങി . കേള്‍ക്കുന്നവര്‍ക്ക് അലോസരം ഉണ്ടാക്കുന്നു എന്നത് പോലും ഓര്‍ക്കാതെ വീണ്ടും വീണ്ടും എന്തെല്ലാമോ ആ സ്ത്രീ പുലമ്പിക്കൊണ്ടിരുന്നു . എന്നാല്‍ ഗര്‍ഭിണിയല്ലേ ? ആവശ്യമില്ലാതെ ഒന്നും മിണ്ടണ്ടാ എന്ന് കരുതി കാണികള്‍ ആകാംഷരായി പുറത്ത് പ്രസവവും കാത്തിരുന്നു .

 കാത്തിരിപ്പിന്റെ ഒടുവില്‍ ആ മുറിയില്‍ ആദ്യത്തെ പ്രസവം നടക്കുന്നു . നിലത്തു കിടന്ന കല്യാണിയമ്മയാണ് ആദ്യമായി പ്രസവിക്കുന്നത് . ഒരു പൊന്നുംകുടം പോലുള്ള പെണ്‍കുട്ടി . കാക്കക്കും തന്‍ കുഞ്ഞ് പൊന്‍ കുഞ്ഞാണ് എന്ന് പറയുന്നത് പോലെ ആ കുഞ്ഞിനെ അമ്മ മനസ് നിറയെ സ്നേഹം പകരുന്നുണ്ട് . അന്ധയാണ്‌ തന്റെ കുഞ്ഞ് എന്ന് തിരിച്ചറിഞ്ഞിട്ടും ആ അന്ധതയിലും ആ അമ്മ സമാധാനം കണ്ടെത്തുന്നു . വേറെ വല്ല അമ്മമാരും ആയിരുന്നെകില്‍ ഡോക്ടര്‍മാരുടെ കുറ്റമായി വരുത്തി തീര്‍ത്തേനെ . നമ്മുടെ നാട്ടിലെ കാര്യമല്ലേ ! ഒന്നിനും ഒരു നിശ്ചയവും ഇല്ല .എന്‍റെ കണ്ണേ എന്ന് വിളിച്ചു കൊണ്ട് കുഞ്ഞിനെ താലോലിക്കുന്ന ഒരമ്മയെ ഇവിടെ കാണാം .

ഗര്‍ഭിണികളുടെ കഷ്ടപ്പാടുകള്‍ കണ്ടിട്ടാകണം , മഹാമാന്ത്രികനായ കടമറ്റത്ത് കത്തനാര്‍ പെട്ടന്ന് ആശുപത്രിയില്‍ പ്രത്യഷനാകുന്നു . ആശുപത്രിയിലെ ഏലിയാമ്മയെ കാണുവാന്‍ റോസാ പൂവുമായാണ് കത്തനാര്‍ വന്നതെങ്കിലും , കത്തനാരെ കണ്ട പാടെ ഏലിയാമ്മ എനിക്ക് റോസാ പൂവ് വേണ്ടാ പകരം അയലത്തെ ഗൗരിയുടെ തോട്ടത്തിലെ ശംഖ് പുഷ്പം മതിയെന്ന് പറയുന്നു . മാത്രമല്ല എനിക്ക് ചെവിയില്‍ കൂടി പ്രസവിച്ചാല്‍ മതിയെന്ന വാശി പിടിക്കുകയാണ് ദുര്‍ വാശിക്കാരിയായ ഏലിയാമ്മ .

കത്തനാരുടെ അനുഗ്രഹം കൊണ്ടാകണം , അടുത്തുള്ള സ്ത്രീയും വളരെ വേഗം പ്രസവിക്കുന്നു . പ്രസവിച്ച ഉടനെ തന്നെ അമ്മയുടെ കയ്യില്‍ ആ കുഞ്ഞ് മുറുകെ പിടിച്ചു .ആ കുഞ്ഞിന്റെ സ്നേഹം , കടമറ്റത്ത് കത്തനാരുടെ സ്നേഹം എന്നിവ കാഴ്ച്ചക്കാരായ ആളുകളുടെ മനസിലും തൊട്ടേ തൊട്ടേ എന്ന് പറഞ്ഞ് കൊണ്ട് നില്‍ക്കുമ്പോള്‍ പ്രസവ മുറി എന്ന കഥ ഇവിടെ പൂര്‍ണ്ണമാകുന്നു .

വളരെ ഹൃദയ സ്പര്‍ശിയായ ഒരു കാഴ്ചയാണ് ഞാനാ പ്രസവമുറിയില്‍ കണ്ടത് . ഒരേ ദിവസം ഒരേ മുറിയില്‍ അഞ്ചു പ്രസവങ്ങള്‍ .ഡോക്ടര്‍മാരുടെ ശ്രദ്ധക്കുറവുകൊണ്ടോ , അമ്മമാര്‍ ശരിക്ക് പോഷകാഹാരങ്ങള്‍ കഴിക്കാത്തത് കൊണ്ടോ ഒന്നോ രണ്ടോ കുട്ടികളില്‍ കാര്യമായ ക്ഷീണം സംഭവിച്ചിട്ടുണ്ട് എങ്കിലും , ഇനിയും ശ്രദ്ധിച്ചാല്‍ ആ കോട്ടം മാറ്റി എടുക്കാന്‍ സാധിക്കും . സമയത്തിനു മരുന്നും ആഹാരവും കഴിക്കാന്‍ മറക്കരുത് .കടമറ്റത്ത് കത്തനാരുടെ തക്ക സമയത്തുള്ള രംഗ പ്രവേശനം കാര്യങ്ങള്‍ വഷളാകാതെ കാത്തു എങ്കിലും കാഴ്ചക്കാര്‍ ഡോക്ടര്‍മാരെ പലപ്പോഴും വഴക്കുകള്‍ പറയുന്നത് കേള്‍ക്കാമായിരുന്നു .

നമ്മുടെ നാട്ടിലെ സര്‍ക്കാര്‍ ആശുപത്രിയില്‍ ഇതും ഇതിനപ്പുറവും നടന്നില്ലെങ്കില്‍ മാത്രമേ അത്ഭുതപ്പെടാനുള്ളൂ . നിങ്ങള്‍ ഇനിയും ആ പ്രസവമുറി കണ്ടില്ലെന്നോ . എങ്കില്‍ സമയം കളയാതെ വേഗം പോയി കാന്മീന്‍ . ഈ കഥ കാണുവാനും , എഴുതുവാനും ഞാന്‍ വളരെ വൈകിപ്പോയി എങ്കിലും ഇതെഴുതി കഴിഞ്ഞപ്പോള്‍ എന്താ ഒരാശ്വാസം !


തിങ്കളാഴ്‌ച

പ്രണയമണി തൂവല്‍ പൊഴിയും ബൂലോകം

പ്രണയത്തിന്റെ നനുത്ത തൂവല്‍ സ്പര്‍ശം ഏതൊരാളെയും കവിയാക്കി തീര്‍ക്കും എന്നാണ് വിവരമുള്ളവര്‍ പറഞ്ഞ് വെച്ചിരിക്കുന്നത് . പ്രണയിക്കുക പ്രണയിക്കപ്പെടുക എന്നത് ഏതൊരാളിനെയും കടമയും അവകാശവുമാണ് .പ്രകൃതിയിലെ വസ്തുക്കള്‍ തന്നെ ദിനവും പരസ്പരം പ്രണയിക്കുകയാണ് എന്ന് തോന്നും .പ്രകൃതിയിലെ ഘടനയും അങ്ങനെ തന്നെ . അതുകൊണ്ടാകും കവികള്‍ അവരുടെ മുഖ്യ വിഷയമായി പ്രണയത്തെ തിരഞ്ഞെടുത്തിരിക്കുന്നത് . മറ്റൊന്നും ഇത്രമേല്‍ എഴുതി ഫലിപ്പിക്കുവാന്‍ ഉള്ള കഴിവുകേട് കൊണ്ടാണ് എന്നൊന്നും ആരും പറയില്ല . എത്ര എഴുതിയാലും തീരാത്ത ഉറവയാണ് പ്രണയം .
ചില ഭ്രാന്തന്‍ കവികള്‍ ( ? ) തിരിച്ച് തെറി വിളിക്കാത്ത മരങ്ങളെ പ്രണയിക്കുന്നു . ചിലര്‍ പ്രകൃതിയെ പ്രണയിച്ചു വാഴ്ത്തിപ്പാടുന്നു . മറ്റ് ചിലര്‍ മരിച്ചു പോയവരെയും ,നഗരത്തെയും പ്രണയിക്കുന്നു . ബൂലോകത്തില്‍ അങ്ങനെ വിവിധ തലങ്ങളില്‍ കൂടി പ്രണയ പരീക്ഷകള്‍ നടക്കുകയാണ് . ചിലര്‍ക്ക് പ്രണയിച്ചു പ്രണയിച്ചു പനി പിടിച്ചു. പ്രണയത്തിന്റെ വിവിധ തലങ്ങളില്‍ കൂടി സഞ്ചരിക്കുവാന്‍ ഞാന്‍ ഇപ്പോള്‍ ആഗ്രഹിക്കുന്നില്ല .

പ്രണയത്തിന് ചീഞ്ഞ തൊണ്ടിന്റെ ദുര്‍ഗന്ധം എന്ന് പറഞ്ഞവനെ കടലാമണക്കും പത്തലുകൊണ്ട് അടിക്കണം . പരിപാവനമായ പ്രണയത്തില്‍ മണ്ണ് വാരിയിട്ടവന്‍. ഒരു കാലത്തും പൊറുക്കാന്‍ കഴിയാത്ത തെറ്റാണ് അവന്‍ ചെയ്തത് . പ്രണയം നല്ലതാണ് , പക്ഷേ വാര്‍ദ്ധക്യത്തിലെ പ്രണയം കുട്ടികളില്‍ മീസില്‍സ് വരുന്നത് പോലെയാണ് എന്നും മറ്റൊരാള്‍ പറഞ്ഞിട്ടുണ്ട് .

പുതു കവിതകളിലോ കവികളിലോ കാര്യമായ കേള്‍ക്കാന്‍ കഴിയുന്നില്ല എന്നതാണ് മറ്റൊരു പ്രശസ്ത നിരൂപകന്‍ ആരോപിക്കുന്നത് . മാറ്റങ്ങളും കാലോച്ചകളും കേള്‍ക്കാന്‍ കഴിയുന്നില്ല എന്നതാണ് മറ്റൊരു പ്രശസ്ത നിരൂപകന്റെ പരിദേവനം . പുതുകവികളുടെ മേല്‍ മണ്ണ് ഇളക്കി ഫാക്ടം ഫോസ് 20- 20- 0-15 , എല്ല് പൊടി , ചാണക പൊടി എന്നിവ സമാസമം മിശ്രിതമാക്കി കൊടുത്താല്‍ കൂടുതല്‍ വിള ലഭിക്കുവാന്‍ ഇടയുണ്ട് . മൂത്ത് നരച്ചു കായഫലം ഇല്ലാത്ത പഴയ കവികളെ മൂടോടെ വെട്ടി മാറ്റി തീയിലിട്ടാല്‍ മറ്റുള്ള പുതിയ കവികളുടെ വളര്‍ച്ചക്ക് സഹായകരമാകും .

പ്രണയം എന്ന വിഷയത്തില്‍ എന്‍റെ ശ്രദ്ധയില്‍ പെട്ട പ്രശസ്തരായ രണ്ട് കവികളുടെ കവിതകളാണ് ഇന്ന് നിങ്ങളുടെ മുന്നില്‍ വെയ്ക്കുന്നത് .ബൂലോകത്ത് തന്റേതായ വ്യക്തിത്വങ്ങള് തെളിയിയിച്ച രണ്ട് മഹാശക്തികള്‍. രണ്ട് വ്യത്യസ്ത ധ്രുവങ്ങളില്‍ നില്‍ക്കുന്ന ഇവരെ ഒരേ വേദിയില്‍ കൊണ്ടുവരാന്‍ സാധിച്ചത് ഒരു മഹാ ഭാഗ്യമായി തന്നെ ഞാന്‍ കരുതുന്നു .ഒന്ന് മലയാളകവിതയുടെ തലതൊട്ടപ്പന്‍ ശ്രീ .സുനില്‍ പണിക്കര്‍ . മറ്റൊന്ന് ബൂലോക കവിതയുടെ നാഡീ സ്പന്ദനവും ഈ-പത്രത്തില്‍ വനിതാ വേദി കൈകാര്യം ചെയ്യുന്ന ശ്രീമതി . ദേവസേന എന്നിവരാണ് നമ്മോടൊപ്പം ഉള്ളത് .രണ്ട് പേരെയും ഇതില്‍ കൂടുതല്‍ ഒരു പരിചയപ്പെടുത്തലിന്റെ ആവശ്യം ഉണ്ട് എന്നെനിക്ക് തോന്നുന്നില്ല .

ഉറങ്ങാതിരിക്കുക നഗരമേ നീയെനിക്കുക്കൂട്ടായ്‌
നമ്മളന്യോന്യമീവിധം നെഞ്ചോടുചേരുക,

നിന്നിലേയ്ക്കെന്നെ നീ നിത്യമുള്ളിൽക്കൊരുക്കുക...

 നഗരത്തെ പ്രണയിക്കുന്ന സുനില്‍ പണിക്കരുടെ ഹസാർവില്ലയിലെ രാത്രികൾ..എന്ന കവിതയിലെ മുകളിലെ വരികള്‍ മാത്രം മതി കവിതയുടെ തീവ്രത അളക്കുവാന്‍ . ഷാര്‍ജയിലെ ഹസാര്‍ വില്ലയില്‍ ഇരുന്ന് രാത്രി മുഴുവന്‍ ആനന്ദിക്കുന്ന കവി . രാത്രിയെ കവി പ്രണയിക്കുകയാണ് . അതി തീവ്രമായിട്ടുള്ള പ്രണയം . അതില്‍ പ്രണയത്തിന്റെ മൂര്‍ധന്യ ഭാവത്തിലാണ് നഗരത്തിലെ രാത്രിയെ " കള്ളി " എന്ന് വിളിക്കുന്നത്‌ . ഷാര്‍ജയിലെ ഹസാര്‍ വില്ലയെ പറ്റി ഞാന്‍ വിശദമാക്കുവാന്‍ ആഗ്രഹിക്കുന്നില്ല . ബംഗാളികളും ,പട്ടാണികളും ,പഞ്ചാബികളും മലബാറികളും തിങ്ങി നിറഞ്ഞ ഹസാര്‍ വില്ലയില്‍ രാത്രികാലം എന്താണ് കവി ചെയ്യുന്നത് എന്ന് പറയുവാന്‍ വിസ്താര ഭയത്താല്‍ ഞാന്‍ മടിക്കുന്നു .

ദേവസേനയുടെ മരണാനന്തരം എന്ന കവിത ഒരു പടി കൂടി മുന്നിലാണ് .പട്ട ചാരായമടിച്ച് വട്ടമെത്തുന്നതിന് മുന്‍പേ ചത്തുപോയ ആരെയോ സ്വപനത്തില്‍ കണ്ടുകൊണ്ട്‌ മതിവരാത്ത രതിയെ ഓര്‍ത്ത്‌ പാടുന്ന ഒരു പ്രണയിനിയെയാണ് ആ കവിതയില്‍ കാണാന്‍ കഴിയുന്നത്‌ .. പള്ളിപ്പറമ്പിലും അടുത്തടുത്ത് കിടക്കണം എന്ന ഒരു സാധാ വീട്ടമ്മയുടെ സ്വരം . ആ സ്വപ്നത്തിനും കള്ളിന്റെ മധുരിമയോ പട്ടയുടെ നാറ്റമോ എന്തെല്ലാമോ കാണാന്‍ കഴിയുന്നുണ്ട് . ഇവിടെ നമ്മള്‍ ഉയിര്‍പ്പ് എന്ന കഥ ഓര്‍ക്കുന്നത് നന്നാകും എന്നാണ് എന്‍റെ അഭിപ്രായം .ഈ കവിതയെ കുറിച്ചും കൂടുതലായി ഒരു വിശദീകരണം നല്‍കുവാന്‍ ഞാന്‍ ആഗ്രഹിക്കുന്നില്ല .

അങ്ങനെ ബൂലോകത്തില്‍ ആകെ പ്രണയ മഴകള്‍ തൂകി പരിലസിച്ചു നില്‍ക്കുകയാണ് പ്രശസ്തരായ കവികള്‍ .മറ്റ് ചില കവികള്‍ക്ക് ഭൂഗുരുത്വം മുലഗുരുത്വമായും തോന്നുന്നുണ്ട് . വേറെ ചില കവികള്‍ക്ക് പൂച്ച , പട്ടി എന്നീ വളര്‍ത്തു മൃഗങ്ങളോടാണ് ഈ ആഴ്ച പ്രണയം തോന്നുന്നത് .ആണെഴുത്തായാലും പെണ്ണെഴുത്തായാലും ഒരു കുറ്റിയില്‍ കെട്ടിയിട്ട ക്ടാവിനെ പോലെ വെറുതെ വട്ടം കറങ്ങുകയല്ലാതെ ശക്തമായ പ്രമേയങ്ങളോ കവിതകളോ കണ്ടില്ല എന്ന് വേണം പറയുവാന്‍ .

 മറ്റൊരു നിരൂപണവുമായി ഞാന്‍ ഉടനെ എത്തും .അതുവരെ ഗുഡ് ബൈ .


ജയഹോ