ശനിയാഴ്‌ച

നല്ല പോര്‍ പൊരുതി

ഞാന്‍ നല്ല പോര്‍ പൊരുതി .ഓട്ടം തികച്ചു .വിശ്വാസം കാത്തു.ഇനി ബ്ലീവന്റെ കിരീടം എനിക്കായി കാത്തിരിക്കുന്നു .

തിങ്കളാഴ്‌ച

സഗീറില്‍ നിന്നും ലതീഷിലേക്കുള്ള ദൂരം .

എന്‍റെ ജീവിതത്തില്‍ ഇന്ന് വരെ ഒരു വരി കമെന്റ് പോലും അല്ലെങ്കില്‍ ഒരു ചെറിയ സ്മൈലി പോലും കമെന്റ് ഇടാത്ത ഒരു കവിയാണ്‌ ലതീഷ് മോഹന്‍ . ലതീഷ് മോഹന് എന്തുകൊണ്ട് ഞാന്‍ കമെന്റുകള്‍ ഇടുന്നില്ല എന്നതല്ല ഇവിടുത്തെ വിഷയം .ലതീഷിന്റെ കവിതകള്‍ ഞാന്‍ വായിക്കാറുണ്ട് എങ്കിലും വായിച്ചത് പോലെ തിരികെ പോകുകയാണ് പതിവ്‌ കാരണം എന്‍റെ ബുദ്ധിക്ക് ഒരിക്കല്‍ പോലും ആ കവിതകള്‍ ഇന്ന് വരെ ദഹിച്ചിട്ടില്ല .എന്‍റെ ബുദ്ധി ഇനിയും വളരേണ്ടി ഇരിക്കുന്നു ആ കവിതകള്‍ വായിച്ചു മനസിലാക്കാന്‍ .മനസിലാകാത്തതെല്ലാം നല്ലത് എന്ന് പറയുവാന്‍ ഉള്ള ബുദ്ധിമുട്ട് കൊണ്ടാണ് പലപ്പോഴും ഒന്നും മിണ്ടാതെ തിരികെ പോകുന്നത് . ലതീഷിന്റെ കവിതകള്‍ മോശം എന്നും ഞാന്‍ പറയില്ല . ചിലര്‍ക്ക് മനസിലാകാത്തത് മറ്റുള്ളവര്‍ക്ക് മനസിലായിക്കൂടാ എന്ന് ശാഠ്യം പിടിക്കുന്നത്‌ നല്ലതല്ലല്ലോ .പക്ഷേ ലതീഷിന്റെ കവിതകള്‍ വളരെ നല്ലതാണ് എന്നാണ് പലരും പറയുന്നത് .തേങ്ങ
പൊതിച്ച്‌ നോക്കിയെങ്കില്‍ മാത്രമേ ചിലപ്പോള്‍ നല്ലതോ ചീത്തയോ എന്നറിയാന്‍ കഴിയൂ . അര്‍ഥം ഇല്ലാതെ അക്ഷരങ്ങള്‍ കൂട്ടി വെച്ചാല്‍ കവിതയാകുമോ എന്നതും പലരും ചോദിക്കുന്നു .

ബ്ലോത്രത്തില്‍ നിന്നാണ് ഉറുമ്പിന്റെ ബ്ലോഗില്‍ നടക്കുന്നതും മറ്റ് രണ്ട് മൂന്നു ബ്ലോഗുകളിലും നടക്കുന്ന ലതീഷ് മോഹന്റെ ബ്ലോഗില്‍ നടന്ന സംഭവങ്ങള്‍ അറിയുന്നത് . പിന്നീട് അതിനെ അനുബന്ധിച്ച് വന്ന കമെന്റുകളും വായിക്കാന്‍ ഇടയായി .കഴിഞ്ഞ ആഴ്ച സഗീറിന്റെ ബ്ലോഗില്‍ " അനര്‍ത്ഥ വേള " എന്ന കവിതയില്‍ നടന്ന സംഘര്‍ഷങ്ങള്‍ നമ്മള്‍ കണ്ടതാണ് . അന്ന് പലരും സഗീറിനെ പരിഹസിച്ചു . സഗീറിനെകുറിച്ച് ബ്ലോത്രത്തില്‍ വാര്‍ത്ത വന്നതില്‍ ബ്ലോത്രത്തെയും രാമചന്ദ്രനെയും പലരും അതി ശക്തമായി വിമര്‍ശിച്ചു . അതിന്റെ അലകള്‍ ഇതുവരെയും അടങ്ങിയിട്ടില്ല . ആ സമയത്താണ്‌ ലതീഷിന്റെ ബ്ലോഗില്‍ നടക്കുന്ന ഈ സംഭവം .സഗീറിന്റെ ബ്ലോഗില്‍ കവിതകള്‍ വായിച്ചാല്‍ മനസിലാകും എങ്കില്‍ ലതീഷിന്റെ ബ്ലോഗില്‍ കവിതകള്‍ വായിച്ചാല്‍ മനസിലാകുന്നില്ല എന്നതാണ് വിഷയം .ഈ രണ്ട് വാര്‍ത്തകളും ബ്ലോത്രത്തില്‍ കൂടിയാണ് എന്നെ പോലെയുള്ള ജനങ്ങള്‍ അറിയുന്നത് . സഗീര്‍ ഗത്യന്തരമില്ലാതെ കമെന്റ് മോഡറേഷന്‍ വെച്ചു എങ്കില്‍ , ലതീഷ് ഇഷ്ടപ്പെടാത്ത പല കമെന്റുകളും ഡിലീറ്റ്‌ ചെയ്തു എന്നതും ബ്ലോഗ്‌ പൂട്ടി വെച്ചു എന്നതും ഈ സംഭവത്തിന്റെ പ്രാധാന്യം വര്‍ദ്ധിപ്പിക്കുന്നു .

സഗീറും ലതീഷും കവിതകളിലെ രണ്ട് വ്യത്യസ്ത ധ്രുവങ്ങളില്‍ നില്‍ക്കുന്നവരാണ് . ഒന്ന് നല്ലതാണ് എന്ന് ചിലര്‍ പറയുകയും എന്നാല്‍ ഭൂരിപക്ഷത്തിനും മനസിലാകാതെ ഇരിക്കുമ്പോള്‍ ഒന്നിനെ കൊള്ളുകയില്ല എന്ന് പറഞ്ഞു കൂട്ടമായി ആക്രമിക്കുക , പരിഹസിക്കുക , തള്ളിക്കളയുക തുടങ്ങിയ സംഭവങ്ങള്‍ ഈ ബ്ലോഗ്‌ മലയാളത്തില്‍ നടന്ന് കഴിഞ്ഞു . സഗീറിന്റെ കവിതകള്‍ മികച്ചത് എന്ന് ഞാന്‍ ഒരിക്കലും പറയില്ല . ലതീഷിന്റെ കവിതകള്‍ എനിക്ക് മനസിലാകാത്ത കാലത്തോളം അതിനെ നല്ലതെന്നോ , മോശമെന്നോ പറയുവാന്‍ ഉള്ള ത്രാണിയും എനിക്കില്ല . ഇപ്പോള്‍ ലതീഷിന്റെ ഭാഗത്ത് പലരും വന്നു ചേര്‍ന്നു . ഇഞ്ചിപ്പെണ്ണ് ഉറുമ്പിന്റെ ബ്ലോഗില്‍ ഇട്ട ഒരു കമെന്റിലെ ഒരു വാചകം ഞാന്‍ കടമെടുക്കുകയാണ്.ഇന്ന് ബ്ലോഗില്‍ അന്യോന്യം പുറം ചൊറിയലാണ് നടക്കുന്നത് എന്ന ഉറുംബ്‌ കടിയുടെ മറുപടിയാണ് താഴെ കൊടുക്കുന്നത് .

" അന്യോന്യം പുറം ചൊറിയാൻ പോലും ഒരാളെ കണ്ട് പിടിക്കാൻ പറ്റുന്നില്ലെങ്കിൽ അയാൾ കവിതയോ ബ്ലോഗോ തന്നെ എഴുതരുത് എന്നാണ് എന്റെ പക്ഷം.".

ഈ കമെന്റില്‍ നിന്നും ഒരു കാര്യം എനിക്ക് മനസിലായത് സാഹിത്യസേവനം , മലയാളഭാഷ പോഷണം എന്നീ പേരുകളില്‍ ‍ ബ്ലോഗില്‍ നടക്കുന്നത് അസല്‍ പുറം ചൊറിയല്‍ തന്നെയാണ് എന്നതില്‍ രണ്ട് പക്ഷമില്ല .എനിക്ക് മനസിലായിട്ടു മാസങ്ങള്‍ ആകുന്നു .തീര്‍ച്ചയായും എല്ലാവരും പരസപരം പുറം ചൊറിയണം .പുറം ചൊറിയാന്‍ ഒരാളിനെ കിട്ടിയില്ല എങ്കില്‍ ആ സമയം ബ്ലോഗ്‌ നിര്‍ത്തുക . കവിതകള്‍ , കഥകള്‍ , ലേഖനങ്ങള്‍ മറ്റ് പോസ്റ്റുകള്‍ എന്നിവ എഴുതി പരസപരം കടി മാറ്റുക .

ആശംസകള്‍ .

വ്യാഴാഴ്‌ച

പുകയുന്ന കൊള്ളി

കൊള്ളികള്‍ വീണ്ടും പുകയ്ക്കണം
കൊള്ളിയില്‍ സുഗന്ധങ്ങള്‍ ഇട്ട് പുകയ്ക്കണം
കവിത പാടിപ്പാടി പട്ടും വളയും വാങ്ങണം
കാത്ത് നില്‍ക്കുന്നു പുറത്ത് തമ്പുരാക്കന്മാര്‍
കോരിത്തരിപ്പിന്റെ ഒരു കവിത കൂടി പാടാം

കവിക്കുപ്പായം നല്ലതായി തയ്പ്പിക്കണം
കണ്ണ് പറ്റാതെ നോക്കണം മക്കളെ
കുപ്പ കുപ്പയോട് ചേരും എന്ന പോലെ
കൂട്ടിനായ്‌ നിനക്ക് കൂതറകള്‍ മാത്രം ഗുപ്ത
കളഞ്ഞു പോയ അണ്ടിയെ തപ്പിയെടുക്കണം
കാണാമറയത്തെ  വിക്കികള്‍ മുങ്ങിയെടുക്കണം

കാത്ത് നില്‍ക്കുന്നു കൂത്തിച്ചികള്‍ കവിതയും കാത്ത്
കൂത്തരങ്ങുകള്‍ക്കായി അകത്തളങ്ങളില്‍
കവിത എഴുതി നിര്‍ത്തട്ടെ ഞാന്‍
കവിട്ട ‍ ‍ നിനക്കിഷ്ട്ടപ്പെട്ടെങ്കില്‍
കനിഞ്ഞു നല്‍കണം പട്ടും വളകളും

വെള്ളിയാഴ്‌ച

കവിഞ്ഞുപോയത്‌

ഉരുളുരുളുരുളുരുഉരളെലൊരു ഉരുളന്‍ കല്ല്
പറപറപറപറപറന്നുപോയൊരു തലയന്‍കാക്ക
ഉറിഉറിഉറിഉറിഉറിയെലിരുന്നൊരു കിണ്ണന്‍ പാത്രം
ടപടപടപടപടപടപ്പേന്ന് താഴെപ്പോയി
കുനകുനകുനകുനകുനാന്നൊരു കൂനന്‍ ഉറുംബ്‌
കവകവകവകവകവാന്ന് കവച്ചുനടന്നൊരു കുഴിയാന
മിനുമിനുമിനുമിനുമിനുമിന്നുന്നൊരു കുപ്പായം 
വളവളവളവളവളാന്ന് ചിലക്കുന്നൊരു അവള്‍
പടപടപടപടപടപടപടപടാന്ന്നടന്ന് താഴെവീണു
അവിഅവിഅവിഅവിഅവിഞ്ഞ് പോയൊരു കവിത
കവികവികവികവികവികവീന്ന് കവിഞ്ഞുപോയി
തിളതിളതിളതിളതിളച്ചുവന്നൊരു കവിത
കമകമകമകമകമാന്ന് കമഴ്ന്നു പോയി

വ്യാഴാഴ്‌ച

ഒറ്റത്തടിയില്‍ പണി തീരാത്തത്

ഒറ്റത്തടിയില്‍ പണി തീര്‍ക്കണം
ഒറ്റയിരുപ്പില്‍ പണിയണം
എന്നൊക്കെ കരുതിയാണ്
ഒറ്റക്കണ്ണന്‍ മൂത്താശാരി പത്രു
മൂത്ത മരം തന്നെ വെട്ടി വീഴ്ത്തിയത്

നഗരങ്ങള്‍ക്കൊരു കാവല്‍ക്കാരന്‍
നഗര വാതില്‍ നമുക്ക് പണിയാം
നരകവും സ്വര്‍ഗ്ഗവും വേര്‍തിരിക്കാം
നായരും നാണുവും അബ്ദുവും
അച്ചായനും നമ്പ്യാരും പണിക്കരും
ചോവനും പറയനും പുലയനും
കണ്ണില്‍ പെടാത്ത പിന്നെയും അനവധി വാലുകള്‍
ഒന്നോടോന്നായ്‌ പണിയാന്‍ ‍ഇറങ്ങി

എങ്ങനെ പണിയണം
എപ്പോള്‍ പണിയണം
തമ്മില്‍ തമ്മില്‍ തര്‍ക്കം മൂത്തു
നായര് പിടിച്ച പുലി വാല് പോലെ
അച്ചായന്റെ തലയില്‍ തേങ്ങ വീണത്‌ പോലെ
തമ്മില്‍ത്തല്ലും ശണ്ടകള്‍ അങ്ങനെ അനവധി
ഒടുവില്‍ ‍ പൂരത്തല്ലും തെറിപ്പാട്ടും

വേണ്ട നമുക്കിനി സ്വര്‍ഗോം നരകോം
വേണ്ടത് അല്പം സ്വസ്ഥത മാത്രം
ഒറ്റത്തടിയില്‍ പണിതീരില്ലിവിടെ

തിങ്കളാഴ്‌ച

മഴ

മഴ
കുട
വടി
വളി
ചെളി
ചപ്പല്‍
പുഴ
മണല്‍
മാഫിയ
മഴ
വന്നാല്‍
പോപ്പി
കുടകവിതയുടെ അപാര തീരങ്ങളില്‍ കണ്ണും നട്ട് .

ശനിയാഴ്‌ച

കണ്ണി മാങ്ങ

വരികള്‍ മുറിച്ച
വിത പോലെ ഒരു ക
കൊഴിയില്ല
കോഴിയുമില്ല
എങ്കിലും ഞാന്‍
എറിയും
ഏണി വെച്ച്‌ കയറില്ല
ഏണിയില്‍ കോഴി കയറിയതോ
കൊഴിയില്‍ മാങ്ങ വീണതോ
അല്ല കാര്യം
കണ്ണി മാങ്ങ അറിഞ്ഞരിഞ്ഞരിഞ്ഞു
അച്ചാര്‍ ഇടാം എന്നോ
കണ്ണി മാങ്ങ പച്ചച്ചച്ചക്കു കഴിച്ചാല്‍
പല്ല് പുളിക്കുമെന്നോ
കറ വരുമെന്നോ
എന്നതും അല്ല
ഉപ്പിലിട്ട കണ്ണിമാങ്ങ
ചോറിന് നല്ലതാണ്
എന്നതിലാണ് കാര്യം .

ബുധനാഴ്‌ച

ചാരുകസേര

ഉമ്മറത്ത്‌ റോഡിലേക്ക്‌ കാലും നീട്ടി ,  കണ്ണും നട്ട്
ഒറ്റ ഇരിപ്പ് ഇരിക്കുകയാണ് ഒരു ചാരുകസേര
കാലമേറെയായി ഈ ഇരിപ്പ് തുടങ്ങിയിട്ട്
കാലപ്പഴക്കത്തില്‍ പുറം പൊട്ടി നിറം മങ്ങി
എന്നിട്ടും ചാരുകസേര അവിടെ തന്നെ
കാലം തെറ്റി വന്ന മഴയില്‍
മച്ചില്‍ നിന്നും താഴേക്ക്‌ വീണുടയുന്ന
മഴത്തുള്ളികളില്‍ കാല്‍പ്പാദം നനയുന്നുണ്ട്
കസേരക്കടിയില്‍ ഒന്നും കാണാതിരിക്കട്ടെ എന്ന്
കരുതി കണ്ണുകള്‍ പൂട്ടി തണുത്ത് വിറച്ച് ഒരു പൂച്ച
ആര്‍ക്കും വേണ്ടാത്ത പൂച്ച
മക്കള് പോയിട്ട് ഇതുവരെ വന്നില്ലല്ലോ എന്നോ
അവനിതുവരെ ഒരു കത്ത് പോലും അയച്ചില്ലല്ലൊ
പടികള്‍ കയറി പോസ്റ്റുമാന്‍ കത്തോ കമ്പിയോ ‍ കൊണ്ടുവരുന്നുണ്ടോ
എന്നൊക്കെയാകും ചാരുകസേര ചിന്തിക്കുന്നത്
അടുത്ത അവധിക്ക് നീ വരുമ്പോള്‍
അതിരിലെ വരിക്കച്ചക്ക പഴുക്കുമ്പോള്‍
അല്ലെങ്കില്‍ വേണ്ട
വടക്കേ മൂലയ്ക്ക് നില്‍ക്കുന്ന
മൂവാണ്ടന്‍ മാങ്ങ പഴുക്കുമ്പോള്‍  കൊത്തോ പൂളോ  തരാം കുഞ്ഞേ
എന്ന് പറഞ്ഞു യാത്രയാക്കിയതാണ് കസേര
ചക്കയും മാങ്ങയും പഴുത്തു
 എന്നിട്ടും അവന്‍ വന്നില്ല
 അവനെ മാത്രം ഇതുവരെ കണ്ടില്ലല്ലോ
ഇനി നീ പോയി കാശയച്ചിട്ടു വേണം
പലചരക്ക് കടക്കാരന്‍ രാമുവിന്റെ പറ്റു തീര്‍ക്കണം
സൊസൈറ്റിയില്‍ നിന്നും
ഒരു കോറതുണിയെങ്കിലും വാങ്ങി എന്‍റെ  കസേരക്കൊന്നിടണം
എന്നിട്ടും കാശും എത്തിയില്ല ഇതുവരെ
നീ ഇതുവല്ലതും കേള്‍ക്കുന്നുവോ ചെക്കാ
കാത്തിരിപ്പിനൊടുവില്‍ ആകണം
മഴ തോര്‍ന്നിട്ടാകണം
ആരോ പടികള്‍ കയറി വരുന്നുണ്ട് .

തിങ്കളാഴ്‌ച

ഇലകള്‍ പൊഴിക്കുന്ന മരങ്ങള്‍


നോക്കൂ ...

ഇവിടെ ശൈത്യം വരവായി
മരങ്ങളില്‍ ഇലകള്‍ നിറം മാറുന്നു
താമസിക്കാതെ ഇലകള്‍ പൊഴിഞ്ഞു തുടങ്ങും
ഈ കാണുന്ന മരങ്ങള്‍ എല്ലാം തന്നെ
പിന്നെ ഉണക്ക മരങ്ങളാകും

പൊഴിയുന്ന ഇലകള്‍ക്കായി
ഒരു മരം കരയുന്നതോ
മരത്തിന് വേണ്ടി ഇലകള്‍ കരയുന്നതോ
ഒരിക്കലും ഞാന്‍ കണ്ടിട്ടില്ല
ഇലകള്‍ പൊഴിഞ്ഞ മരത്തിന് വേണ്ടി
ആരെങ്കിലും  കരയുന്നതും ‍ കണ്ടിട്ടില്ല
പ്രതീക്ഷകളാവും മരങ്ങളെ നയിക്കുന്നത്

കടുത്ത ശൈത്യത്തിനും അപ്പുറം
മരങ്ങള്‍ തളിര്‍ക്കുന്നതും
പൂക്കുന്നതും പിന്നെ കായ്ക്കുന്നതും
ദൂരത്ത്‌ നിന്നും കിളികള്‍ പറന്നു വരുന്നതും
മരങ്ങളില്‍ ചേക്കേറുന്നതും ‍ കണ്ടിട്ടുണ്ട്

മരങ്ങള്‍ പോലെ
മനുഷ്യനും മരണത്തിനപ്പുറം
ഒരു ജീവിതം ഉണ്ടാകില്ലേ ?
വീണ്ടുവിചാരങ്ങള്‍ ഇല്ലാത്തതും
പ്രത്യാശ ഇല്ലാത്തതും മനുഷ്യര്‍ക്കാകും

എങ്കിലും

തൊട്ടടുത്ത്‌ നിന്നൊരില
കാലമെത്തും മുന്‍പേ താഴെ വീണപ്പോള്‍ ‍
മറ്റൊരു ഇലത്തുമ്പില്‍ നിന്നും
രണ്ട് തുള്ളി കണ്ണുനീര്‍ താഴെ വീണു ‍

വ്യാഴാഴ്‌ച

ജ്യോനവന് കാര്‍ അപകടം

സുഹൃത്തുക്കളേ ,

പൊട്ടക്കലം എന്ന ബ്ലോഗിന്റെ ഉടമയും കവിയുമായ ജ്യോനവന്‍ ഒരു കാര്‍ അപകടത്തില്‍ പെട്ട് കുവൈറ്റില് ആശുപതിയിലാണ് . ബൂലോകരുടെ പ്രാര്‍ത്ഥന ഈ സമയം അഭ്യര്‍ത്ഥിക്കുന്നു . വിവരങ്ങള്‍ അറിയാവുന്നവര്‍ താഴെ കൊടുത്തിരിക്കുന്ന ബ്ലോഗുകളില്‍ അറിയിക്കുക . ജ്യോനവന്റെ ധാരാളം സുഹൃത്തുക്കള്‍ അവിടെ വിവരങ്ങള്‍ക്കായി കാത്തിരിക്കുന്നു .‍

ജ്യോനവന്‍ വേഗം തന്നെ സുഖം പ്രാപിക്കുവാന്‍ പ്രാര്‍ത്ഥിക്കുന്നു .

ബൂലോക കവിത


പൊട്ടക്കലം