ഞായറാഴ്‌ച

ലോനപ്പന്റെ വ്യാകുലതകള്‍ !


നാട്ടാര്‍ക്ക് അത് അത്ഭുതമായിരുന്നു !
ചറപറ ചറപറ ചറപറ
ചിലച്ചു നടന്ന കറവക്കാരന്‍ ലോനപ്പന്‍
പെട്ടന്നൊരു ദിവസം നിശബ്ദനായി !

കറവക്കാരന്‍ ലോനപ്പന്റെ
മുറുക്കാന്‍ തെറിക്കുന്ന വായില്‍ നിന്നും
ഉറക്കെ തെറിക്കുന്ന വാക്കുകള്‍ ഇല്ലാതെ
കവല മൂകമായി !

ലോനപ്പന്റെ സ്തംഭനത്തിന്റെ
ഉള്‍ ചുഴികളിലേക്ക്
 നാട്ടുകാര്‍
കഥകള്‍ നെയ്ത് മുങ്ങാം കുഴികളിട്ടു .

ലോനപ്പന്റെ മൗനം ,
കാലത്തിന്റെ നെലോളിയാണ് എന്ന്‌
പലര്‍ പലോട്ടം പറഞ്ഞു നടന്നു .

നാട്ടിലെ പശുക്കളുടെ അകിട് കാണുമ്പോള്‍
വിവരങ്ങള്‍ അറിയുന്ന ലോനപ്പന്‍ ,
വിവരമേ ഇല്ലാതെ ,
അടച്ചുറപ്പില്ലാത്ത വീട്ടില്‍  കഴിയുന്ന
ലോനപ്പന്റെ പെണ്മക്കളുടെ സങ്കടം കാണാതെ പോയി
എന്നും ചിലര്‍ .

നാള്‍ക്കുനാള്‍ വളരുന്ന ലോനപ്പന്റെ മക്കളുടെ
അംഗ ലാവണ്യത്തില്‍ ലോനപ്പന്റെ കണ്ണുകള്‍ ഉടക്കിയില്ല എങ്കിലും ,
അഴകോടെ വളരുന്ന പെണ്മക്കളെ ആരൊക്കെയോ കണ്ടു പോലും !

അതല്ല ,
ലോനപ്പന്‍ ബുദ്ധിജീവിയായതാണ് എന്ന് ചിലര്‍ .
വന്മരം ഒന്നിനൊളിക്കാന്‍ ഒരു വിത്ത്‌ പോരെ എന്നായി അവര്‍ .
വിദ്വാന് മൗനം ഭൂക്ഷണം എന്നാണല്ലോ ഒരിത് !

ലോനപ്പന്‍ ഇല്ലാത്ത കവല
ഒബാമയില്ലാത്ത അമേരിക്ക പോലെ
എന്ന്‌ ചിലരെങ്കിലും പറഞ്ഞു .

ലോനപ്പന്റെ മൗനം വളര്‍ന്ന് ഒരാല്‍മരമാകാന്‍
അവര്‍ കാതോര്‍ത്ത് കാത്ത്‌ നിന്നു.
ലോനപ്പന്റെ വായില്‍ നിന്നും
എന്തെങ്കിലും ഒന്ന് വീഴാന്‍ അവര്‍ കാത്ത്‌ നിന്നു .

ഒടുവില്‍.
അത്ഭുതം !
അത്ഭുതം !!
ആകാശങ്ങളില്‍ അത്ഭുതം !!!

ലോനപ്പന്‍ കാണാതിരുന്ന ,
നാട്ടാര് കേള്‍ക്കാതിരുന്ന ,
ലോനപ്പന്റെ സങ്കടം ,
പെണ്മക്കളുടെ സങ്കടം
കര്‍ത്താവിനെ കേള്‍പ്പിക്കാന്‍ ,
ലോനപ്പന്‍ ,
ആകാശത്ത്‌ നിന്നും ഇറങ്ങി വന്ന
വള്ളിയില്‍ നേരിട്ട് യാത്രയായി പോലും !

വെള്ളിയാഴ്‌ച

പച്ച രക്തംഞാനിപ്പോള്‍ നില്‍ക്കുന്നത്
തകര്‍ന്ന് പോയൊരു
പുരാതന പട്ടണത്തിന്റെ
പടി വാതില്ക്കലാണ് .

വിശപ്പിന്റെ വിളി
കഠിനമായത് കൊണ്ടാകണം
വിളറി ഒട്ടിയ ധാരാളം മുഖങ്ങള്‍
പേരറിയിക്കാതെ
വിളിച്ചു പറയുവാന്‍ ഒന്നുമില്ലാതെ
മൂകമായ് നടന്ന് നീങ്ങുന്നു .

നര ബാധിച്ച
മരങ്ങള്‍ക്കും മേഘങ്ങള്‍ക്കും
ഒരേ നിറവും ഭാവവും !
പണ്ടെങ്ങോ പ്രതാപികളായിരുന്ന
കെട്ടിടങ്ങളും മൃഗങ്ങളും
മണ്ണോടു ചേരുവാന്‍ വിതുമ്പി വെമ്പി
മണ്ണിന് മുകളില്‍
മുഴച്ചു നില്‍ക്കുന്നു .

നന്മ തിന്മകളെ വേര്‍തിരിക്കും പോലെ
പട്ടണത്തിന് നടുക്കായി ഒരു
പുഴ ഒഴുകുന്നുണ്ട് .
ഇടയ്ക്കിടെ അരുതേ അരുതേ എന്ന്‌
പുഴയിലെ ഓളങ്ങള്‍ പട്ടണത്തോട്
വിളിച്ചു പറയും പോലെ
കരയിലേക്ക് ഒഴുകി എത്തുന്നുണ്ട് .

അപ്പോഴും
പുഴക്കക്കരെ മലമുകളിലെ
പച്ചരക്തം കുടിക്കുവാന്‍
ലക്ഷ്യമിടുകയായിരുന്നു
വിദേശ നിമ്മിത മിസൈല്‍ ഒരെണ്ണം .