തിങ്കളാഴ്‌ച

വിശുദ്ധ അവറാന്റെ കുഞ്ഞാടുകൾ !

റബറും ഏലോം  കുരുമുളകും കപ്പേം
വിളഞ്ഞു നില്ക്കുന്ന ,
കർത്താവിന്റെ ഏദൻതോട്ടം പോലുള്ള
വിശുദ്ധ അവറാന്റെ വയൽ പ്രദേശത്ത്‌ വെച്ചാണ്
പട്ടാപ്പകൽ പൊട്ടു പോലൊരു പെണ്ണ്
പട്ടു പോയത് !!

താത്വികമായും
പ്രത്യയശാസ്ത്രത്താലും
 തികച്ചും  അവലോകനം  ചെയ്ത്
ശരിയാക്കപ്പെടാവുന്ന
 ഒരു നിസാര കൊല !

അവറാൻ പാപിയല്ല ...
വിശുദ്ധനാക്കപ്പെട്ട
 വാഴിച്ച
നാട്ട് തമ്പ്രാനാണ് ...
കിരീടോം ചെങ്കോലും ഒക്കെയുള്ള
വിശുദ്ധ അവറാൻ !

വിശുദ്ധ നരകത്തിൽ  കൊല്ലപ്പെട്ട് പോയ
സത്നം സിങ്ങിനെപ്പോലെയോ
 പേരറിയാതെ പോയ
മറ്റ് പാതകങ്ങൾ പോലെയോ വെറും നിസാരം !
അതല്ലെങ്കിൽ ....
നഗരത്തിലെ " പ്രമുഖ " അതുരാലയത്തിന്റെ
പുറകിലൂടെ ഓടുന്ന റെയിൽവേ പാളത്തിൽ
അർദ്ധരാത്രി ബലാൽസംഗം ചെയ്യപ്പെട്ട  മാലാഖയോ... ,
അഭയയോ സൌമ്യയോ ജിഷയെയോ
പോലുള്ള വളരെ നിസാരമായ മാനഭംഗം ..


കായിനുകൾ പെരുകുന്ന കാലത്ത്
നമുക്കൊരു ഉമ്മ മയക്കത്തിൽ
വെറുതെ മയങ്ങിക്കിടക്കാം !
കുഞ്ഞാടുകൾ അറുക്കപ്പെടട്ടെ ...
മധുപാത്രങ്ങളിൽ മധുരവും .......
ഭണ്ടാരങ്ങളിൽ ധാന്യങ്ങളും
നിറഞ്ഞു കവിയട്ടെ ....
നിന്റെ വടീം കോലും ഞങ്ങളെ
വീണ്ടും വീണ്ടും ആശ്വസിപ്പിക്കട്ടെ !

 അതികാലത്തെ നമുക്കേഴുന്നേറ്റ് .
ആറന്മുളയിലെഎയർപോർട്ട്‌
എന്തായി എന്നും ...
 മെത്രാൻ കായലിലെ
കൃഷി എത്തറ്റം വരെയായി എന്നും   ....
നോക്കിയിട്ട് വരാം !
ശരിയാക്കപ്പെടെണ്ടവരായ
വയൽ പ്രദേശത്തെ കുഞ്ഞാടുകൾക്ക്
കല്പനകളും ഉത്തരവുകളും
എഴുന്നള്ളിക്കാം ....

എല്ലാം ശരിയാവട്ടെ !
നമുക്കതിനായി മുട്ടിപ്പായി പ്രാർത്ഥിക്കാം !