ഞായറാഴ്‌ച

സ്വപ്നയാത്ര

Daddy look ! look !!
look at the clouds . Its cool.

ഇട റോഡില്‍ നിന്നും തിരക്കേറിയ ഫ്രീ വേയിലേക്ക് കാറ് പ്രവേശിച്ചപ്പോള്‍ പുറകിലെ സീറ്റില്‍ നിന്നും മകള്‍ വിളിച്ചു പറഞ്ഞു. സാധാരണ റോഡുകളില്‍ നിന്നും ഉയരത്തിലാണ് ഫ്രീ വേകള് സ്ഥിതി ചെയ്യുന്നത് . അവിടെ ട്രാഫിക് ലൈറ്റ്കളോ മുട്ടിന് മുട്ടിന് ട്രാഫിക് പോലീസ്കാരോ കാണില്ല . ഒരേ ദിശയിലേക്കു നീളുന്ന ആറും ഏഴും പാതകള്‍ . വാഹനങ്ങള്‍ക്ക് മാക്സിമം 75 മൈല്‍ സ്പീഡ് ആണെങ്കിലും മിക്കവാറും ‍ എല്ലാവരും 80 മൈല്‍ സ്പീഡിനു മുകളിലാണ് പാച്ചില്‍ .അതിനിടയില്‍ ‍ കണ്ണൊന്നു തെറ്റിയാല്‍ ‍!

വേണ്ട . ആവശ്യമില്ലാത്ത കാര്യങ്ങള്‍ ചിന്തിക്കണ്ട . സമയം സന്ധ്യയാകാന്‍ പോകുന്നു . പുറകില്‍ മക്കള്‍ രണ്ടുപേരും ഒരേ പോലെ വാശി പിടിക്കാന്‍ തുടങ്ങി . സാധാരണ വണ്ടിയില്‍ കയറിയാല്‍ രണ്ട് പേരും ഉറക്കം തുടങ്ങും . ഇന്നെന്താണാവോ പ്രത്യേകത ? ഇനിയും എന്തെങ്കിലും മേഘങ്ങളേ പറ്റി പറഞ്ഞാലേ അവര്‍ അടങ്ങു . ആകാശം ചുട്ടു പഴുത്ത ഒരു ലോഹത്തണ്ട് പോലെ കിടക്കുന്നു . ഇടയ്ക്കിടെ നീലമേഘങ്ങളും. ആകാശത്തെ കൊല്ലപ്പണിക്കാരന്‍ തന്റെ മൂശയില്‍ പുതിയ പുതിയ ആയുധങ്ങള്‍ നിര്‍മ്മിക്കുകയാവും .
 
 മേഘങ്ങള്‍ ആകാശത്തെ മാലാഖമാരാണ്  എന്നാണ് മോള്‍ പറയുന്നത് .മകനും പറയുവാനുണ്ട് പല കാര്യങ്ങളും . അവരുടെ എല്ലാ കാര്യങ്ങളും പലപ്പോഴും സമ്മതിക്കുകയേ തരമുള്ളൂ . മകന്‍ കുറെ കൂടി മുതിര്‍ന്ന് ശാസ്ത്രീയമായ രീതിയിലാണ് ഓരോന്നിനെയും വിലയിരുത്തുന്നത് .
സമയം സന്ധ്യയായി തുടങ്ങി .ഇനിയും ഏകദേശം 60 മൈല്‍ കൂടി പോകണം . സാധാരണ ഇങ്ങനെ മക്കള്‍ മാത്രമായി ഒരു ദൂരയാത്ര , അതും തിരക്ക് പിടിച്ച ഈ ഫ്രീ വേയില്‍ കൂടി ചെയ്യാന്‍ ധൈര്യം കിട്ടാറില്ല . ഭാര്യ അടുത്തുണ്ടെങ്കില്‍ അതൊരു ധൈര്യമാണ് . അവള്‍ ഇതുവരെയും ജോലിയില്‍ നിന്നും ഇറങ്ങിയിട്ടില്ല . എല്ലാവര്‍ക്കുംതിരക്കാണ് .

മുന്നിലെവിടെയോ ഒരപകടം സംഭവിച്ചത് പോലെ തോന്നുന്നു . മൂന്ന് നാല് പോലീസ് വണ്ടികള്‍ വശങ്ങളില്‍ കൂടി പായുന്നത് കണ്ടു .മക്കള്‍ ഉറക്കമായി എന്ന് തോന്നുന്നു . ഒരു പഴയ ഹിന്ദി ഗസലിന്റെ സി . ഡി എടുത്തിട്ടു . ആരോടും സംസാരിക്കാതെ ,വണ്ടി ഓടിച്ചാല്‍ ചിലപ്പോള്‍ ഉറങ്ങിപ്പോയാലോ .
ഇന്നലെ രാത്രിയിലും ശരിയ്ക്കുറങ്ങിട്ടില്ല .

പലപ്പോഴും ഓരോരോ പ്രശ്നങ്ങളില്‍ മനസ് വല്ലാതെ പതറിപ്പോകുന്നു . നാട്ടിലെ കാര്യങ്ങള്‍ ഓര്‍ക്കുമ്പോഴാണ് കൂടുതല്‍ വിഷമങ്ങള്‍ . അമ്മയ്ക്ക് സുഖമില്ലാതെ ആശുപത്രിയില്‍ . നോക്കുവാനും അന്വഷിക്കുവാനും ആരുമില്ല .വേലക്കാരിയുന്ടെങ്കിലും സമയത്തിന് അന്വഷിക്കുമോ ശുശ്രൂഷിക്കുമോ എന്നെന്നും ഒരു നിശ്ചയവുമില്ല . നാട്ടില്‍ പോകുന്ന ഒരു സുഹൃത്തിന്റെ അടുക്കല്‍ കുറെ സാധനങ്ങള്‍ കൊടുത്തുവിടാനാണ് രാത്രിയിലെ ഈ യാത്ര .പല തവണ അമേരിക്കയിലേക്ക് അമ്മയെ കൊണ്ടുവരാന്‍ ശ്രമിച്ചെങ്കിലും അതിനൊന്നും അമ്മ സമ്മതിക്കുന്നില്ല . അപ്പനെ അടക്കിയടത്ത് തന്നെ അമ്മയെയും അടക്കണമത്രേ, മാത്രമല്ല അമ്മക്ക് 20 മണിക്കൂര്‍ ഫ്ലൈറ്റില് ഇരിക്കാന്‍ ഭയം .അങ്ങനെ ഓരോരോ മുടന്തന്‍ ന്യായങ്ങള്‍ .ഓര്‍ക്കുമ്പോള്‍ സങ്കടവും വിഷമവും വരുന്നുണ്ട് .‍
 
ഡാഷ് ബോര്‍ഡില്‍ നിന്നും ഉസ്താദ് അംജത് അലിഖാന്റെ ഗസല്‍ ഉയര്‍ന്നു തുടങ്ങി .
മനസും പിന്നോട്ട് പിന്നോട്ട് ഒരു സിനിമയിലെ രംഗങ്ങള്‍ പോലെ പായുകയാണ്.
 കടന്ന് വന്ന വഴികള്‍ എല്ലാം മുന്നില്‍ തെളിയുന്നു .
ആടിയതും അഴിച്ചു വെച്ചതുമായ വേഷങ്ങളും ഭാവങ്ങളും പകര്‍ച്ചകളും എല്ലാം ഇന്നലെ കഴിഞ്ഞത് പോലെ .
വെള്ളക്കാ വണ്ടിയും വള്ളി നിക്കറും ഇട്ട് നടന്ന ഞാന്‍ ഇന്ന് .
ഓര്‍ക്കുമ്പോള്‍ ചിലപ്പോള്‍ തമാശകള്‍ തോന്നും .
 
********************************************************************
 
ഓരോന്നെല്ലാം ചിന്തിച്ചുകൊണ്ട്‌ എത്ര നേരം വണ്ടിയോടിച്ചു എന്നറിയില്ല .
വീട് എത്താറായിട്ടും ഇതുവരെയും പിറകില്‍ നിന്നും മക്കളുടെ അനക്കമൊന്നും കേള്‍ക്കാനില്ലല്ലോ . ഇനി വീട്ടിലെത്തിയാലെ ഉണരൂ എന്നതാകും .

പെട്ടന്ന് മുന്നില്‍ നിന്നും ഡാഡി എന്ന് വിളിച്ചു കൊണ്ട് ഒരു യുവാവ് കൂടെ ഭാര്യയും മകളും . അവര്‍ നന്നായി കരഞ്ഞു തളര്‍ന്നിട്ടുണ്ട് എന്ന് കണ്ണുകള്‍ കണ്ടാല്‍ അറിയാം . മുഖം കണ്ടിട്ട് എന്‍റെ മക്കളെ പോലെ തന്നെ . അപ്പോള്‍ പുറകില്‍ ?

അയാള്‍ തിരിഞ്ഞ് നോക്കി . വണ്ടി ഒരു സഡന്‍ ബ്രെക്കോട് കൂടി നിന്നു .എവിടെയാണ് വണ്ടി നിര്‍ത്തിയത് . കാറിപ്പോള്‍ നില്‍ക്കുന്നത് ഫ്രീവേയില്‍ അല്ല .വണ്ടി നിര്‍ത്തിയതിന്റെ മുന്നിലെ ബോര്‍ഡ്‌ വായിച്ചു " നിക്സണ്‍ ഫ്യൂണറല്‍ ഹോം ".കണ്ണുകളില്‍ ഇരുട്ട്   പരക്കുന്നത് പോലെ തോന്നി .

7 അഭിപ്രായങ്ങൾ:

പ്രയാണ്‍ പറഞ്ഞു...

നല്ല കഥ(?).......... കഥയല്ലാച്ചാല്‍ അമ്മക്കു വേണ്ടി എന്റെ പ്രാര്‍ത്ഥന കൂടി.

ബോണ്‍സ് പറഞ്ഞു...

ഫീല്‍ ചെയ്തു...

പട്ടേപ്പാടം റാംജി പറഞ്ഞു...

ഒരു വിവരണം പോലെ പറഞ്ഞ കഥ നന്നായി.

ആശംസകള്‍.

Muralee Mukundan , ബിലാത്തിപട്ടണം പറഞ്ഞു...

എല്ലാസ്വപ്നയാത്രകളും അവസാനിക്കുന്നിടത്ത്തന്നെ വണ്ടിയും,കഥയും നിറുത്തികളഞ്ഞല്ലോ..
നന്നായിരിക്കുന്നു ഭായി.

Sabu Kottotty പറഞ്ഞു...

):(

Sapna Anu B.George പറഞ്ഞു...

നന്നായിട്ടുണ്ട്,ഒരായിരം കഥകളുള്ള എന്റെ മനസ്സിൽ, കഥകൾഎങ്ങനെ തുടങ്ങും എന്നൊരു സംശയം ആയിരുന്നു.കഥ തുടങ്ങാൻ ഒരു ഇടം,അല്ലെങ്കിൽ നല്ല തുടക്കമല്ല,എങ്ങനെ എഴുതുന്നു എന്നനുസരിച്ചിക്കും കഥ, കഥായാകുന്നത് എന്നിപ്പോൾ മനസ്സിലായി.

siva // ശിവ പറഞ്ഞു...

കഥ നന്നായിരിക്കുന്നു. ക്ലൈമാക്സ് ട്വിസ്റ്റ് പ്രതീക്ഷിച്ചതേയില്ല.