ചൊവ്വാഴ്ച

പ്രസവമുറി -കഥ

നാട്ടിലെ സര്‍ക്കാര്‍ ആശുപത്രിയാണ് രംഗം . പ്രസവിക്കുവാന്‍ മുട്ടി നില്‍ക്കുന്ന അഞ്ചു പൂര്‍ണ്ണ ഗര്‍ഭിണികള്‍ പ്രസവവേദന കൊണ്ട് പുളയുകയാണ്.ഗര്‍ഭിണികളെ എല്ലാം സ്ഥലപരിമിതികള്‍ മൂലം ഒരേ മുറിയില്‍ താഴെയും കട്ടിലിലുമായി കിടത്തിയിരിക്കുന്നു .വേണ്ടത്ര ശുശ്രൂഷ കിട്ടാത്തതിനാല്‍ ഗര്‍ഭിണികളുടെ ബന്ധുക്കള്‍ എല്ലാവരും ആശുപത്രി ജീവനക്കാരെ തെറി വിളിക്കുന്നിടത്ത് നിന്നും കഥ ആരംഭിക്കുന്നു .

ഗര്‍ഭിണികള്‍ക്കെല്ലാം ഒരേ ദിവസം തന്നെ പ്രസവിക്കണം എന്ന ആഗ്രഹമുണ്ട് .കാരണം അവരെല്ലാം അടുത്തടുത്ത ബന്ധുക്കള്‍ . കന്നി മാസം വരുമ്പോള്‍ നാട്ടിലെ ശ്വാനന്‍മാര്‍ക്ക് ചന പിടിക്കുന്നത്‌ പോലെ അല്ലെങ്കില്‍ തണുപ്പുകാലം കഴിഞ്ഞ് അമേരിക്കയില്‍ ബേബി ബൂം ഉണ്ടാകുന്നത് പോലെ കഷ്ടകാലത്തിനോ നല്ലകാലത്തിനോ നമ്മുടെ കഥാ നായികകളായ കൂട്ടുകാരികള്‍ക്കെല്ലാം  ഒരേ സമയത്താണ്  ഗര്‍ഭം ഉണ്ടാകുന്നത് .ഡോക്ടര്‍മാര്‍ ആവതും വയറ് കീറി കുട്ടിയേയും അമ്മയെയും വേര്‍തിരിക്കുവാന്‍ ശ്രമിക്കുന്നു എങ്കിലും ആവശ്യത്തിനുള്ള ഡോക്ടര്‍മാര്‍ അവിടെ ഇല്ല എന്നൊരു പോരായ്മയും കഥയില്‍ പറയാതെ വയ്യ .ആശുപത്രിയില്‍ ആകെ രണ്ടേ രണ്ട് ഡോക്ടര്‍മാര്‍ !! .

ഗര്‍ഭിണികള്‍ ആകെ വീര്‍പ്പുമുട്ടുകയാണ് . അതില്‍ ഒരു സ്ത്രീക്ക് അവിടുത്തെ മരുന്നിന്റെയും അഴുക്കുകളുടെയും മണം മൂക്കിലടിച്ചപ്പോള്‍ ഉള്ളില്‍ നിന്നും തികട്ടി തികട്ടി വരുന്ന ശര്ദ്ധി അടക്കാന്‍ കഴിയുന്നില്ല . മണം അടിക്കുംതോറും ഞാനിപ്പോള്‍ ചാവുമേ എന്ന് ഉറക്കെ നിലവിളിക്കുകയാണ് ആ പാവം സ്ത്രീ .

അടുത്തു കിടന്ന മറ്റേ സ്ത്രീയിലും മുറുമുറുപ്പും പരിഭവങ്ങളും ആരംഭിച്ചു . ഈ ആശുപത്രിയില്‍ വരുന്ന സമയം കൊണ്ട് അടുത്തുള്ള വയറ്റാട്ടി നാണിത്തള്ളയുടെ അടുക്കല്‍ പോയിരുന്നെങ്കില്‍ എപ്പോഴേ പ്രസവം കഴിയുമായിരുന്നു എന്നും സ്ത്രീ ഓര്‍മ്മിക്കുന്നു . പിന്നീട് വാ തോരാതെ നാണിത്തള്ളയുടെ വര്‍ണ്ണന തുടങ്ങി . കേള്‍ക്കുന്നവര്‍ക്ക് അലോസരം ഉണ്ടാക്കുന്നു എന്നത് പോലും ഓര്‍ക്കാതെ വീണ്ടും വീണ്ടും എന്തെല്ലാമോ ആ സ്ത്രീ പുലമ്പിക്കൊണ്ടിരുന്നു . എന്നാല്‍ ഗര്‍ഭിണിയല്ലേ ? ആവശ്യമില്ലാതെ ഒന്നും മിണ്ടണ്ടാ എന്ന് കരുതി കാണികള്‍ ആകാംഷരായി പുറത്ത് പ്രസവവും കാത്തിരുന്നു .

 കാത്തിരിപ്പിന്റെ ഒടുവില്‍ ആ മുറിയില്‍ ആദ്യത്തെ പ്രസവം നടക്കുന്നു . നിലത്തു കിടന്ന കല്യാണിയമ്മയാണ് ആദ്യമായി പ്രസവിക്കുന്നത് . ഒരു പൊന്നുംകുടം പോലുള്ള പെണ്‍കുട്ടി . കാക്കക്കും തന്‍ കുഞ്ഞ് പൊന്‍ കുഞ്ഞാണ് എന്ന് പറയുന്നത് പോലെ ആ കുഞ്ഞിനെ അമ്മ മനസ് നിറയെ സ്നേഹം പകരുന്നുണ്ട് . അന്ധയാണ്‌ തന്റെ കുഞ്ഞ് എന്ന് തിരിച്ചറിഞ്ഞിട്ടും ആ അന്ധതയിലും ആ അമ്മ സമാധാനം കണ്ടെത്തുന്നു . വേറെ വല്ല അമ്മമാരും ആയിരുന്നെകില്‍ ഡോക്ടര്‍മാരുടെ കുറ്റമായി വരുത്തി തീര്‍ത്തേനെ . നമ്മുടെ നാട്ടിലെ കാര്യമല്ലേ ! ഒന്നിനും ഒരു നിശ്ചയവും ഇല്ല .എന്‍റെ കണ്ണേ എന്ന് വിളിച്ചു കൊണ്ട് കുഞ്ഞിനെ താലോലിക്കുന്ന ഒരമ്മയെ ഇവിടെ കാണാം .

ഗര്‍ഭിണികളുടെ കഷ്ടപ്പാടുകള്‍ കണ്ടിട്ടാകണം , മഹാമാന്ത്രികനായ കടമറ്റത്ത് കത്തനാര്‍ പെട്ടന്ന് ആശുപത്രിയില്‍ പ്രത്യഷനാകുന്നു . ആശുപത്രിയിലെ ഏലിയാമ്മയെ കാണുവാന്‍ റോസാ പൂവുമായാണ് കത്തനാര്‍ വന്നതെങ്കിലും , കത്തനാരെ കണ്ട പാടെ ഏലിയാമ്മ എനിക്ക് റോസാ പൂവ് വേണ്ടാ പകരം അയലത്തെ ഗൗരിയുടെ തോട്ടത്തിലെ ശംഖ് പുഷ്പം മതിയെന്ന് പറയുന്നു . മാത്രമല്ല എനിക്ക് ചെവിയില്‍ കൂടി പ്രസവിച്ചാല്‍ മതിയെന്ന വാശി പിടിക്കുകയാണ് ദുര്‍ വാശിക്കാരിയായ ഏലിയാമ്മ .

കത്തനാരുടെ അനുഗ്രഹം കൊണ്ടാകണം , അടുത്തുള്ള സ്ത്രീയും വളരെ വേഗം പ്രസവിക്കുന്നു . പ്രസവിച്ച ഉടനെ തന്നെ അമ്മയുടെ കയ്യില്‍ ആ കുഞ്ഞ് മുറുകെ പിടിച്ചു .ആ കുഞ്ഞിന്റെ സ്നേഹം , കടമറ്റത്ത് കത്തനാരുടെ സ്നേഹം എന്നിവ കാഴ്ച്ചക്കാരായ ആളുകളുടെ മനസിലും തൊട്ടേ തൊട്ടേ എന്ന് പറഞ്ഞ് കൊണ്ട് നില്‍ക്കുമ്പോള്‍ പ്രസവ മുറി എന്ന കഥ ഇവിടെ പൂര്‍ണ്ണമാകുന്നു .

വളരെ ഹൃദയ സ്പര്‍ശിയായ ഒരു കാഴ്ചയാണ് ഞാനാ പ്രസവമുറിയില്‍ കണ്ടത് . ഒരേ ദിവസം ഒരേ മുറിയില്‍ അഞ്ചു പ്രസവങ്ങള്‍ .ഡോക്ടര്‍മാരുടെ ശ്രദ്ധക്കുറവുകൊണ്ടോ , അമ്മമാര്‍ ശരിക്ക് പോഷകാഹാരങ്ങള്‍ കഴിക്കാത്തത് കൊണ്ടോ ഒന്നോ രണ്ടോ കുട്ടികളില്‍ കാര്യമായ ക്ഷീണം സംഭവിച്ചിട്ടുണ്ട് എങ്കിലും , ഇനിയും ശ്രദ്ധിച്ചാല്‍ ആ കോട്ടം മാറ്റി എടുക്കാന്‍ സാധിക്കും . സമയത്തിനു മരുന്നും ആഹാരവും കഴിക്കാന്‍ മറക്കരുത് .കടമറ്റത്ത് കത്തനാരുടെ തക്ക സമയത്തുള്ള രംഗ പ്രവേശനം കാര്യങ്ങള്‍ വഷളാകാതെ കാത്തു എങ്കിലും കാഴ്ചക്കാര്‍ ഡോക്ടര്‍മാരെ പലപ്പോഴും വഴക്കുകള്‍ പറയുന്നത് കേള്‍ക്കാമായിരുന്നു .

നമ്മുടെ നാട്ടിലെ സര്‍ക്കാര്‍ ആശുപത്രിയില്‍ ഇതും ഇതിനപ്പുറവും നടന്നില്ലെങ്കില്‍ മാത്രമേ അത്ഭുതപ്പെടാനുള്ളൂ . നിങ്ങള്‍ ഇനിയും ആ പ്രസവമുറി കണ്ടില്ലെന്നോ . എങ്കില്‍ സമയം കളയാതെ വേഗം പോയി കാന്മീന്‍ . ഈ കഥ കാണുവാനും , എഴുതുവാനും ഞാന്‍ വളരെ വൈകിപ്പോയി എങ്കിലും ഇതെഴുതി കഴിഞ്ഞപ്പോള്‍ എന്താ ഒരാശ്വാസം !


5 അഭിപ്രായങ്ങൾ:

Joji പറഞ്ഞു...

prasavamuri kandu.
appozhanu thankal ezhuthiyirikkunnathu ethra uchithamennu thonniyathu. enkilum ithrem vendiyirunno?

mini//മിനി പറഞ്ഞു...

പ്രസവിക്കുന്നവൾ കാണുന്നത് മറ്റൊരു തരത്തിലായിരിക്കും. ശരിക്കും കാണിച്ചത് നന്നായി.

SUNIL V S സുനിൽ വി എസ്‌ പറഞ്ഞു...

കൊള്ളാം കാപ്പാ... വേറിട്ടൊരു വ്യാഖ്യാനം കാണുന്നുണ്ട്.. ഇനി അടുത്തത്‌ പോരട്ടെ..

ദേവസേന പറഞ്ഞു...

കാപ്പിലാന്‍ വളരെ കഷ്ടപ്പെട്ടിരിക്കുന്നു.
എന്താണുദ്ദേശിച്ചത്?
പരിഹാസമോ?
ഹാസ്യമോ?

പകല്‍കിനാവന്‍ | daYdreaMer പറഞ്ഞു...

തീര്‍ച്ചയായും കാപ്പൂ ഗംഭീരം!!