ചൊവ്വാഴ്ച

ഭ്രാന്തിളകിയ ചങ്ങലക്കണ്ണികള്‍



ജനാധിപത്യത്തിന്റെ നിര്‍വ്വചനം മാറ്റിയെഴുതേണ്ട സമയം അതിക്രമിച്ചിരിക്കുന്നു എന്ന് വേണമെങ്കില്‍ വിശേഷിപ്പിക്കാവുന്ന നാളുകളാണ് കഴിഞ്ഞ ദിവസങ്ങളില്‍ കേരളത്തില്‍ കഴിഞ്ഞ് പോയത് . ഭ്രാന്തന്മാര്‍ക്ക് വേണ്ടി ഭ്രാന്തന്മാര്‍ തിരഞ്ഞെടുക്കുന്ന ഭ്രാന്തന്മാരുടെ ഭരണ സംവിധാനം എന്നാക്കി മാറ്റി എഴുതണം . പെണ്ണ് കേസില്‍ പിടിക്കപ്പെടുന്ന രാഷ്ട്രീയ നേതാക്കള്‍ , മനുഷ്യ ചങ്ങല പിടിച്ച കുഞ്ഞന്‍ സഖാക്കളുടെ കയ്യില്‍ ഇരുട്ടത്ത് മിന്നിത്തെളിയുന്ന മൊബൈല്‍ ക്യാമറകള്‍ , ആ ചിത്രങ്ങള്‍ ഉടനടി തന്നെ നെറ്റുകളില്‍ പറക്കുക .ഉണ്ണിത്താന്‍ ആരായാല്‍ എനിക്കെന്ത് ? അയാള്‍ ഏത് രാഷ്ട്രീയ പാര്‍ട്ടിയുടെ ആളായാലും , അയാള്‍ എന്ത് തന്നെ ചെയ്താലും ചോദിക്കുവാനോ പറയുവാനോ നിയമ നടപടികള്‍ സ്വീകരിക്കുവാനോ അധികാരപ്പെട്ട അധികാര കേന്ദ്രങ്ങള്‍ കേരളത്തില്‍ ഇല്ലേ എന്ന് ഞാന്‍ സംശയിക്കുന്നു . പകരം നിയമം ജനങ്ങള്‍ കയ്യിലെടുക്കുന്ന അവസ്ഥ .ഒരു തരം പകപോക്കല്‍ പോലെ ഭ്രാന്തരായ ഒരു കൂട്ടം ജനങ്ങള്‍ ചുറ്റിലും ആര്‍ത്തു വിളിക്കുകയും ആക്രമിക്കുകയും ചെയ്യുക . തീര്‍ച്ചയായും കേരളം എന്ന് കേള്‍ക്കുമ്പോള്‍ തിളക്കണം ചോര ഞരമ്പുകളില്‍ !!
 
ഇവിടെ ആണിനും പെണ്ണിനും സമ്മതമാണ് എങ്കില്‍ , ആരെയും എവിടെയും കൂട്ടിപ്പോകാനും , എന്തും ചെയ്യുവാനുമുള്ള സ്വാതന്ത്ര്യമുണ്ട് .ആരും വന്ന് തല്ലുകയോ പിടിക്കുകയോ ചെയ്യുകയില്ല . ഇപ്പോള്‍ കേരളത്തില്‍ നടന്നത് ഒരു കാടത്തരമായി പോയി എന്ന് പറയുവാനേ എനിക്ക് സാധിക്കൂ . കപട സദാചാര വീരന്മാര്‍ !!

പലതരത്തിലുള്ള ചങ്ങലകളില്‍ കുരുങ്ങി കിടക്കുകയാണ് ഇന്നത്തെ കേരളീയ യുവാക്കള്‍ .തീവ്രവാദം ,ലൈംഗീക അരാജകത്വം , മനസ്സില്‍ തിങ്ങുന്ന പക , പകപോക്കല്‍ അങ്ങനെ പുറമേ നിന്നു നോക്കുന്ന എന്നെപ്പോലെയുള്ള ഒരാള്‍ക്ക്‌ ഒരു ഭീകര ചിത്രമാണ് മുന്നില്‍ തെളിയുന്നത് . ഇവിടെ ഏത് പാതി രാത്രിയിലും ഒരു പെണ്ണിനോ ആണിനോ ധൈര്യമായി പുറത്ത് പോകാന്‍ കഴിയുമെങ്കില്‍ കേരളത്തിലോ ഇന്ത്യയിലോ രാത്രിയില്‍ ഒരു പെണ്ണിന് ഒറ്റയ്ക്ക് പുറത്തിറങ്ങാന്‍ കഴിയാത്ത അവസ്ഥ സംജാതമായിരിക്കുന്നു . ഭരണം മാറി മാറി വന്നാലും സ്ഥിതി ഇതുതന്നെയാകും എന്നതില്‍ യാതൊരു സംശയവും ഇല്ല .

യുവാക്കള്‍ എന്തുകൊണ്ട് അക്രമസക്തരാകുന്നു ? അല്ലെങ്കില്‍ എന്തുകൊണ്ട് അവര്‍ വഴി തെറ്റിപ്പോകുന്നു ? ‍ മാതാപിതാക്കള്‍ എന്തുകൊണ്ട് ഇവരെ കാര്യമായി ശ്രദ്ധിക്കുന്നില്ല ? ഇവയെല്ലാം ചിന്തിക്കേണ്ട വിഷയങ്ങള്‍ തന്നെ . മിക്കപ്പോഴും മതിയായ വിദ്യാഭ്യാസത്തിന്റെ പരിമിതികള്‍ മൂലമാകാം ഇങ്ങനെ സംഭവിക്കുന്നത്‌ .അല്ലെങ്കില്‍ തിരക്കേറിയ ജീവിതത്തില്‍ കുട്ടികളെ നേര്‍വഴി നടത്തുവാന്‍ സമയം കിട്ടാതെയുമാകാം .

ഭ്രാന്ത് ഒരു രോഗമാണ് . രോഗലക്ഷണമല്ല. മതിയായ ചികിത്സ കൊടുത്താല്‍ ഭ്രാന്ത് മാറികിട്ടും പക്ഷേ ഇവിടെ രോഗം ബാധിച്ചിരിക്കുന്നത് ഒരു സമൂഹത്തിലാകമാനമാണ് .ഒരോ കണ്ണികളെയും പ്രത്യേകം പ്രത്യേകം ചികിത്സക്ക് വിധേയമാക്കണം .കേരളം ഭ്രാന്താലയം എന്ന് മാത്രമേ ഇതുവരെ കേട്ടിട്ടുള്ളൂ . ഈ കണക്കിന് പോയാല്‍ കേരളം ഏറ്റവും വലിയ വേശ്യാലയം എന്ന പേര് ലഭിക്കുവാനും അധികം കാത്തിരിക്കണ്ട . അതിന് വേണ്ടുന്ന മരുന്ന് , സ്കൂള്‍ തലം മുതല്‍ക്കേ കുട്ടികള്‍ക്ക് ലൈംഗീക വിദ്യാഭ്യാസം കൊടുക്കുക എന്നതാണ് . പലപ്പോഴും ഇത്തരം കാര്യങ്ങള്‍ കുട്ടികള്‍ക്ക് പറഞ്ഞുകൊടുക്കുവാന്‍ മാതാപിതാക്കള്‍ മടിക്കും . എന്നാല്‍ കുട്ടികള്‍ വളരുന്നതനുസരിച്ച് അവര്‍ മറ്റിടങ്ങളില്‍ നിന്നും ഈ വക കാര്യങ്ങള്‍ മനസിലാക്കും . അറിയാത്ത കാര്യങ്ങള്‍ അറിയുവാനുള്ള ആഗ്രഹം കുട്ടികള്‍ക്ക് ഉണ്ടാകുക സ്വാഭാവികം . അങ്ങനെ അവര്‍ ഈ ആധുനിക യുഗത്തില്‍ തെറ്റുകളിലേക്ക് കൂടുതല്‍ വീഴുവാനുള്ള സാഹചര്യം ഉളവാകും .

അങ്ങനെ സ്കൂള്‍ തലം മുതല്‍ ലൈംഗീക കാര്യങ്ങള്‍ ,അതിന്റെ അപകടങ്ങള്‍ , ജീവിത മൂല്യങ്ങള്‍ എന്നിവ കുട്ടികള്‍ പഠിച്ച് വളരട്ടെ. അല്ലെങ്കില്‍ അധികം താമസിക്കാതെ തന്നെ മറ്റൊരു വിപത്തിനെ നമുക്ക് നേരിടാം . അതിനായി തയ്യാറെടുക്കാം .

5 അഭിപ്രായങ്ങൾ:

ചാണക്യന്‍ പറഞ്ഞു...

സദാചാരം ജന മധ്യത്തിൽ വിളമ്പുന്നവൻ സദാചാരിയായിരിക്കണം- അത്രേ ഉള്ളൂ നോ പ്രോബ്ലം..
ഉണ്ണിത്താൻ ഇനിയും ഉണ്ണിയിൽ പിടിച്ച് കളിക്കട്ടെ...:):):):)

SUNIL V S സുനിൽ വി എസ്‌ പറഞ്ഞു...

വളരെ ഗൌരവമുള്ള ഒരു പോസ്റ്റ്.
ജീവനും മാനവും നടുറോഡിൽ
നിമിഷനേരം കൊണ്ട്‌ നഷ്ടപ്പെടാൻ
സാധ്യതയേറിയ കാലമാണിത്‌.

ഞാന്‍ ആചാര്യന്‍ പറഞ്ഞു...

ഇത് വിദ്യാഭ്യാസ പരിമിതി മാത്രമല്ല. എന്തിന്‍റെ നേര്‍ക്കുമുള്ള ലാഘവബുദ്ധിയോടെയുള്ള സമീപനവും അവഗണനയും അറഗന്‍സും കൊണ്ട് നമുക്ക് ഉണ്ടാകുന്ന പ്രശ്നമാണ്. തെറ്റു ചെയ്യുകയാണ് എന്ന് അബോധത്തില്‍ അറിഞ്ഞു കൊണ്ട് തന്നെ തെറ്റ് ചെയ്യുന്നതിനെ നിസാരമായി വിചാരിക്കുന്ന ഒരു മനോനിലയാണിന്ന് മലയാളിക്ക്. തെറ്റ് ചെയ്യാതിരുന്നു കൂടെ എന്ന് ചിന്തിച്ചാലും അങ്ങനെ പ്രവര്‍ത്തിക്കുന്നില്ല. ചുറ്റിനും അധര്‍മം നിറയുന്നത് കാണുമ്പോള്‍ നാം മാത്രമെന്തിനു മാറി നില്‍ക്കണമെന്ന് ലാഘവബുദ്ധിയാണ് പ്രശ്നം. നാടോടുമ്പോള്‍ നടുവെയുള്ള ഓട്ടം. ഇത് സ്വയം തീരിച്ചറിയാനുള്ള വൈമുഖ്യമാണ്. നല്ല കാര്യങ്ങള്‍ ചെയ്യാതെ നേട്ടത്തിനെന്ന പേരില്‍ നല്ലതല്ലാത്തതും ചെയ്താല്‍ ആത്യന്തികമായി എന്ത് നേട്ടം. മഹാരാജാക്കന്മാര്‍ വിട പറഞ്ഞപ്പോഴും ഭൂമിദേവി കൂടെ പോയിട്ടില്ല. പിന്നെയല്ലേ ചെറിയ ചെറിയ നേട്ടങ്ങള്‍ക്കായി അധര്‍മ്മത്തെ പുല്‍കുന്ന നമ്മോടൊപ്പം? ധര്‍മ്മത്തെപ്പറ്റിയുള്ള തിരിച്ചറിവാണ് ധര്‍മ്മം. ധര്‍മ്മം നിര്വ്വഹിക്കുന്നത് എന്തെങ്കിലും നേടാനല്ല. നമുക്ക് അങ്ങനെ ഒരുത്തരവാദിത്തം നമ്മില്‍ രൂഡ്ഡമൂലമായിട്ടുള്ളതു കൊണ്ടാണ്. നാം നമ്മെ, നമ്മിലുള്ള ധാര്‍മികോത്തരവാദിത്തത്തെ, മന:പൂര്വ്വം കാണാതെ ഒഴിഞ്ഞു മാറുകയാണ്

Manoraj പറഞ്ഞു...

thangal paranjathu pole school thalam muthal venam laingeeka vidyabhyasam

Sabu Kottotty പറഞ്ഞു...

എല്ലാര്‍ക്കും അറിയാവുന്നതും നിര്‍ബ്ബന്ധവുമായ ഒരു പ്രവര്‍ത്തിയെക്കുറിച്ച് മിണ്ടാന്‍ പാടില്ലെന്ന ധാരണ മാറിയേപറ്റൂ. അല്ലെങ്കില്‍പ്പിന്നെ ഇങ്ങനെ ചിന്തിയ്ക്കണം.