ശനിയാഴ്‌ച

ലവ് ജിഹാദ് - 2

ഒന്നാം ഭാഗം

 ഇന്നലെ വൈകിട്ട്  കവലയില്‍ നടന്ന  സംഭവങ്ങള്‍ ഒന്നും അറിയാത്ത രീതിയില്‍ ആയിരുന്നു
 തെക്കേക്കര ഗ്രാമത്തിന്റെ മുകളില്‍ വെള്ള കീറിയത് .രാത്രിയില്‍ ഇടമുറിയാതെ പെയ്ത മഴയില്‍ പാടങ്ങളും ആറ് കടമ്പന്‍ തോടും നിറഞ്ഞൊഴുകി എങ്കിലും രാവിലെ തന്നെ തണുത്ത് കിടന്ന ഗ്രാമത്തില്‍
 കാട്ടുതീപോലെ വാര്‍ത്ത പരന്നു.വായും ചെവിയും കൈമാറി വായു വേഗത്തില്‍ വാര്‍ത്തകള്‍ സഞ്ചരിച്ചു.  ദേവകി ജമാലിനോടൊപ്പം പോയതിനേക്കാള്‍ കൂടുതല്‍ സങ്കടകരമായി നാട്ടുകാര്‍ക്ക് തോന്നിയത് , കെട്ടിക്കാന്‍ പ്രായമായ ദേവകിയുടെ മകളെ ഇനി ആര് നോക്കും എന്നതും ദീനമായി കിടക്കുന്ന ജമാലിന്റെ ബീവി റംല ഇനി എങ്ങനെ ജീവിക്കും എന്നതുമായിരുന്നു .

ദേവകിയുടെ മകള്‍ രമ്യ , ആലപ്പുഴയില്‍ ഏതോ വീട്ടില്‍ വേലയ്ക്കു നില്‍ക്കുകയാണ് .കല്യാണപ്രായം ആയി വരുന്നു എന്ന് പറയാം . കഴിഞ്ഞ ഓണത്തിന് നാട്ടില്‍ വന്നപ്പോള്‍ കണ്ടിരുന്നു .അസല്‍ ഞാവല്‍ പഴം പോലെ ഒരു മധുരപ്പതിനേഴുകാരി . ആര് കണ്ടാലും ഒന്ന് നോക്കി നിന്ന് പോകും .ദേവകിയുടെ മകളാണെന്ന് പറയുകയേ ഇല്ല ! .വെളുത്ത ഒരു സുന്ദരി .  വേലക്കാരികള്‍ക്കൊക്കെ ഇത്രയും സൌന്ദര്യം ഉണ്ടോ എന്ന് പലരും ചോദിക്കുന്നത് കേട്ടതാണ്  . വല്ല സീരിയല്‍കാരോ സിനിമാക്കാരോ കണ്ടാല്‍ അപ്പോള്‍ കൊത്തിക്കൊണ്ടു പോകും . അത്രയ്ക്ക് സുന്ദരി !! അവയവമുഴുപ്പും ഭംഗിയും എല്ലാം കിറ് കൃത്യം . അവളുടെ നടത്തക്കും ഒരു പ്രത്യക ഭംഗിയാണ് . ഗ്രാമത്തിലെ എല്ലാ സൗന്ദര്യവും പകര്‍ന്നു കിട്ടിയ ഒരു കൊച്ചു സുന്ദരി  തന്നെ എന്ന് പറയാം .

ഇന്നലെ വൈകിട്ട് എന്തായിരുന്നു അഭ്യാസങ്ങള്‍ !!


സിനിമകളിലെ മോഹന്‍ലാലും മമ്മൂട്ടിയും ഒക്കെ ചെയ്യുന്നത് പോലെ ഒരു കയ്യില്‍ ദേവകിയും മറുകയ്യില്‍ ഉയര്‍ത്തിയ കത്തിയുമൊക്കെയായി ജമാല്‍ കാണിച്ചു കൂട്ടിയ കസര്‍ത്തുകള്‍ . നാട്ടിലെ ആണുങ്ങള്‍ ശ്വാസമടക്കി പിടിച്ചു നിന്ന് കണ്ടതല്ലാതെ ഒരക്ഷരം പോലും മിണ്ടിയില്ല . എതിര്‍ക്കാന്‍ ചെന്ന വേലായുധന്‍ മൂപ്പരുടെ മകന്‍ പൊടിയനും കിട്ടി കഠാര പിടികൊണ്ട്‌ മോന്തക്കൊരു കീറല്‍ . പൊടിയനെ ആശുപത്രിയില്‍ കൊണ്ടു പോയെന്നും  പോലീസ് കേസാകും എന്നെല്ലാം പറഞ്ഞു കേള്‍ക്കുന്നു .

ജമാല്‍ അറഞ്ഞു തുള്ളുകയായിരുന്നു . ഇതിന് മുന്‍പ് ജമാലിന്റെ ഇത്തരത്തില്‍ ഒരു പ്രകടനം ആ നാട്ടില്‍ ആരും കണ്ടിട്ടില്ല  . ദേവകിയെ പിടിച്ചു മാറ്റി നിര്‍ത്തിക്കൊണ്ട് ജമാല്‍ കത്തി നാല് പാടും വീശി വിളിച്ചു പറഞ്ഞു .

വരീനട സുവറുകളെ . ഈ നില്‍ക്കുന്ന ദേവകി എന്‍റെ പെണ്ണാണ് . ഞാന്‍ നിക്കാഹ് കഴിക്കാന്‍ പോകുന്ന എന്‍റെ പെണ്ണ് .ഇവള്‍ക്കിഷ്ടമുണ്ടെങ്കില്‍ എന്‍റെ കൂടെ പൊറുക്കും .എതിര്‍ക്കാന്‍ കെല്‍പ്പുള്ള അമ്മയുടെ മുലപ്പാല് കുടിച്ചിട്ടുള്ള ഏതെങ്കിലും നായിന്റെ മക്കള്‍ എന്‍റെ ജാതിയിലോ , ഇവളുടെ ജാതിയിലോ ഉണ്ടെങ്കില്‍ മുന്നോട്ടു വരാം .ഇനി ഇവളെ പറ്റി ആരെങ്കിലും അപവാദങ്ങള്‍ പറഞ്ഞാല്‍ ആ നാവ് ഞാന്‍ അരിയും കഴുവര്‍ടാ മക്കളെ .

വേലായുധന്‍ മൂപ്പരുടെ മകന്‍ പൊടിയന്‍ , ആ സമയത്താണ് മുക്കിന് എത്തുന്നത് .മുക്കിന് ആള് കൂടി നില്‍ക്കുന്നത് കണ്ടപ്പോള്‍ എന്താണ് സംഭവം എന്നറിയാന്‍ വന്നു നോക്കിയതാണ് പൊടിയന്‍ .കള്ളിന്റെ ലഹരിയില്‍ രണ്ടാമതൊന്ന് ആലോചിക്കാതെ രംഗത്തേക്ക് എടുത്തു ചാടുകയും ചെയ്തു .

പണ്ടേ പൊടിയന് ദേവകിയില്‍ ഒരു കണ്ണുണ്ട് . പലവട്ടം അടുത്തു നോക്കിയെങ്കിലും അവള്‍ അമ്പിനും വില്ലിനും അടുക്കുന്നില്ല . ആരോഗ്യ ദൃഡഗാത്രനായ ജമാലിനെപ്പോലാണോ നരുന്ത് പോലുള്ള പൊടിയന്‍ ! ദേവകിക്ക് പൊടിയന്‍ അമ്പലപ്പറമ്പില്‍ കൂടി പോയ ഒരീച്ച പോയത് പോലെ തോന്നു . അന്നേ അവള്‍ പൊടിയനോട് പറഞ്ഞതാണ് , പോടാ പൊടിയാ നിന്‍റെ മുട്ട് സൂചി ഈ ചൂളയില്‍ പഴുപ്പിക്കാന്‍ നോക്കണ്ടാ എന്ന് .കേള്‍ക്കണ്ടേ ?
 
കരുനാഗപ്പള്ളിക്ക് വടക്ക് കായല് വാരത്ത് എവിടെയോ ആണ് റംലയുടെ വീട് . പണ്ട് ആട് കച്ചവടത്തിന് പോയ വഴിക്ക് കിട്ടിയ ആലോചനയാണ് റംല . മീന്‍ കച്ചവടത്തിന് മുന്‍പ് അണലിക്ക് മാട്ട് കച്ചവടവും ആഴ്ചാവസാനം ചന്തയിലെ ഇറച്ചി വില്പനയുമായിരുന്നു പ്രധാന വരുമാന മാര്‍ഗം . ഏത് വലിയ കാളയെയും പോത്തിനെയും നിമിക്ഷ നേരം കൊണ്ടു കശാപ്പ് ചെയ്തു തരും . ആടിനെ അറുത്താല്‍ അതിന്റെ ചങ്ക് ചോരയോടെ പച്ചക്ക് കഴിക്കുന്നതാണ് ജമാലിന്റെ രീതി .നാട്ടുകാര്‍ അതുകൊണ്ട് തന്നെ ജമാലിനെ ഇരട്ടച്ചങ്കന്‍ എന്നും വിളിക്കുന്നു .
 
ആദ്യ കാലത്തൊന്നും ജമാല്‍ ഇങ്ങനെ കുടിക്കുകയോ നാട്ടില്‍ ബഹളം വെയ്ക്കുകയോ ചെയ്യില്ലായിരുന്നു .നാട്ടിലെ മുസ്ലീങ്ങളുടെ നിഖാഹിനും മറ്റും ബിരിയാണി വെയ്ക്കുക , ആഴ്ച ചന്തയില്‍ ഇറച്ചി വില്‍ക്കുക, ‍കാളക്കച്ചവടം ചെയ്യുക അങ്ങനെ നാട്ടില്‍ ഒരു വിധം ആളുകള്‍ കൂടുന്നിടത്തെല്ലാം ജമാലിനെ കാണാമായിരുന്നു .റംലയെ ആദ്യ കാലത്തെല്ലാം നന്നായി നോക്കിയിരുന്നതാണ് ജമാല്‍ . ഏതോ വലിയ കടം കയറിയെന്നോ , അതല്ല കല്യാണം കഴിഞ്ഞിട്ട്‌ വര്‍ഷങ്ങളായിട്ടും കുട്ടികളില്ലാത്ത വിഷമമോ എന്തോ പതുക്കെ പതുക്കെ ജമാല്‍ കുടി തുടങ്ങി . കുടിച്ചിട്ട് വീട്ടില്‍ എത്തുക വീട്ടിലെത്തിയാല്‍ റംലയെ എടുത്തിട്ട് തല്ലുക എന്നിവയായി പിന്നത്തെ പരിപാടികള്‍ .
 
നാട്ടുകാര്‍ പറയുന്നത് , നാട്ടിലെ വെടികളും പുറത്തുള്ള മറ്റ് കൂട്ട് കെട്ടുകളുമാണ് ജമാലിനെ നശിപ്പിച്ചത് എന്നാണ് . ജമാലിന് കഞ്ചാവിന്റെയും പെണ്ണുങ്ങളുടെയും എല്ലാം കച്ചവടം ഉണ്ടത്രേ . ഇതൊന്നും റംല സമ്മതിക്കാത്തത് കൊണ്ടാണ് റംലയെ ദേഹോദ്രവം ചെയ്യുന്നത് എന്ന് . അതല്ല കല്യാണം കഴിച്ചിട്ട് വര്‍ഷങ്ങളായിട്ടും കുട്ടികള്‍ ഉണ്ടാകാത്തത് കൊണ്ടാണ് റംലയെ ദ്രോഹിക്കുന്നത് എന്നും പറയുന്നു . റംലക്ക് ഇടിയും ചവിട്ടും കൊള്ളാത്ത ദിവസങ്ങളില്ല . ഒന്ന് രണ്ട് തവണ വീട്ടില്‍ നിന്നും റംല ഇറങ്ങി ഓടി അയല്‍വീടുകളില്‍ അഭയം പ്രാപിച്ചിട്ടുണ്ട് . ഒരു തവണ ട്രെയിന് തലവെയ്ക്കാന്‍ പോയത് തക്ക സമയത്ത് നാട്ടുകാര്‍ കണ്ടത് കൊണ്ടു രക്ഷപെട്ടു . പല തവണ പള്ളിക്കാര്‍ ഇടപെട്ടെങ്കിലും ജമാല്‍ അവരുടെ വാക്കുകള്‍ ഒന്നും കേള്‍ക്കാന്‍ കൂട്ടാക്കിയില്ല .
 
മുറക്ക് മുറക്കുള്ള ഇടിയും ചവിട്ടും കൊണ്ടാകണം റംല ഇപ്പോള്‍ ആകെ വശം കെട്ടു.ഇന്നലെ രാവിലെയും വീടിന്റെ വാതിക്കല്‍ കൂടി അക്കരെയുള്ള സര്‍ക്കാര്‍ ആശുപത്രിയില്‍ വലിവിന്റെ മരുന്ന് വാങ്ങാന്‍ പോകുന്നത് കണ്ടു . റംലയാണ് പോകുന്നതെന്ന് പറയുകയേ ഇല്ല . ആകെ കോലം കെട്ടിരിക്കുന്നു. ജമാല്‍ കെട്ടിക്കൊണ്ടു വരുന്ന നാളില്‍ എന്തൊരു സൌന്ദര്യമായിരുന്നു റംലക്ക് .
 
എങ്ങനെയൊക്കെ ആലോചിച്ചിട്ടും ജമാലും ദേവകിയും  നടത്തിയ പരസ്യമായ ഈ വെല്ലുവിളിയുടെ അര്‍ഥം നാട്ടുകാര്‍ക്ക് മനസിലാകുന്നില്ല .
 
സ്വന്തം ജാതിക്കാരും നാട്ടുകാരും നില്‍ക്കുമ്പോള്‍ പരസ്യമായി , അതും അന്യജാതിക്കാരനും കല്യാണം കഴിച്ചതുമായ ഒരുത്തന്റെ കൂടെ.!!.
 
 അഥവാ , ദേവകിക്ക് ഒരു കല്യാണം കൂടി കഴിക്കണമായിരുന്നെങ്കില്‍ അത് സ്വന്തം ജാതിയില്‍ നിന്നും ആകാമായിരുന്നല്ലോ ? ജമാലിനോ മക്കളില്ല , ഇവടെ മോടെ ഭാവിയെങ്കിലും ഓര്‍ക്കണമായിരുന്നു . ഇനി അവളെ ആര് കെട്ടും ? ഇത് സ്വന്തം ജാതിക്കാരെ ഒരു മാതിരി വടിയാക്കുന്ന ഏര്‍പ്പാടായി പോയി .
 
 ഛേ . നാണോം മാനോം ഇല്ലാത്തവള്‍ .ഇതിലും എത്രയോ ഭേതമാണ് കരടി ജാനകിയും തോട്ടുംകര നബീസയും . അവരൊന്നും ഇത്ര പരസ്യമായിട്ടില്ല .
 
നാട്ടുകാര്‍ പലരീതിയിലും ഇതിനെ വിലയിരുത്തി .
 
ഇതിന് തക്ക മറുപടി കൊടുക്കുവാന്‍ തന്നെ പലരും രഹസ്യ യോഗങ്ങള്‍ ചേര്‍ന്നു.
 
**************************************************

 
തുടരും

5 അഭിപ്രായങ്ങൾ:

ബഷീർ പറഞ്ഞു...

ബാക്കി കൂടി പോരട്ടെ..

SUNIL V S സുനിൽ വി എസ്‌ പറഞ്ഞു...

പക്കാ പൈങ്കിളിയാണെങ്കിലും രസമുണ്ട്‌.
ഇടയ്ക്കിടെയുള്ള ഈ രൂപമാറ്റം ഗുണം ചെയ്യുമോ..?

“ദേവകിക്ക് പൊടിയന്‍ അമ്പലപ്പറമ്പില്‍ കൂടി പോയ ഒരീച്ച പോയത് പോലെ തോന്നു.. അന്നേ അവള്‍ പൊടിയനോട് പറഞ്ഞതാണ്, പോടാ പൊടിയാ നിന്‍റെ മുട്ട് സൂചി ഈ ചൂളയില്‍ പഴുപ്പിക്കാന്‍ നോക്കണ്ടാ എന്ന്..“

ഹി ഹി ഹി..

ശ്രീ പറഞ്ഞു...

:)

Irshad പറഞ്ഞു...

:)

Mohamed Salahudheen പറഞ്ഞു...

:)