തിങ്കളാഴ്‌ച

മിസ്സിസ്:വസുന്ധര ദാസ് എം .എ .എല്‍. എല്‍ .ബി

കിഴക്കന്‍ മല നിരകള്‍ക്ക് മുകളില്‍
കത്തുന്ന സൂര്യനായ് ഉദിച്ചുയരുന്ന വസുന്ധരാ
കത്തുന്ന നിന്‍റെ നെഞ്ചകത്തീ ചൂടേറ്റ്
പച്ചപ്പുകള്‍ എല്ലാം ഇന്ന് ‍ കറുത്ത് പോകുന്നു


ദൂരത്തു നിന്ന് നിന്നെ ആരാധിച്ച
ഈ ആരാധകനെ ഓര്‍ക്കുവാന്‍
യാതൊരു സാധ്യതയുമില്ല എന്നറിയാം
 
നാല് വര്‍ഷങ്ങള്‍ക്ക്‌ മുന്‍പൊരു പ്രഭാതത്തിലാണ്
നമ്മളാദ്യമായ് കണ്ടത്
വിളക്കി ചേര്‍ക്കാന്‍ ആകാത്ത  കണ്ണിയുമായി മല്ലടിച്ച്
കരഞ്ഞു വീര്‍ത്ത മുഖവുമായി
കൊച്ചു പെണ്‍കുട്ടിയെ പോലെ
ഡോക്ടര്‍ പി. എം മാത്യുവിന്റെ മുറിയില്‍
ഇരുന്ന് തേങ്ങുന്ന
വേദനിപ്പിക്കുന്ന ആ മുഖം
പിന്നെ പൊട്ടിത്തെറിപ്പിച്ച  മഞ്ഞ ചങ്ങലയുമായി
 കൊടുങ്കാറ്റ് പോലെ പുറത്തേക്ക് പായുന്ന വസുന്ധര
എല്ലാം എന്‍റെ ഓര്‍മ്മയില്‍ ഇപ്പോള്‍ വീണ്ടുമെത്തുന്നു
 
എപ്പോഴാണ് നമ്മള്‍ തമ്മില്‍ വീണ്ടും കണ്ടത്
അതേ .........
ഞാന്‍ ഓര്‍ക്കുന്നു
നിന്‍റെ കരിമഷി എഴുതിയ നീലമിഴികളിലെ
പകപൂണ്ട കരിനാഗാസ്ത്രങ്ങള്‍
 ഏറ്റു വീണു പിടയുന്ന
പുരുഷ കേസരികളെ പലപ്പോഴും
ഞാന്‍ നിരത്തുകളില്‍ കണ്ടെത്തിയിട്ടുണ്ട്
 കവലകളില്‍ ,പൊതുവേദികളില്‍ ,ചാനലുകളില്‍
പത്രങ്ങളില്‍ അങ്ങനെ ഒരോ ദിനങ്ങള്‍  ഉദിച്ചതും അസ്തമിച്ചതും
നിന്നെ ചുറ്റിത്തിരിഞ്ഞുകൊണ്ടായിരുന്നു


 നീ ഒരഗ്നിഗോളമായി  പടരുകയായിരുന്നു
ഉപഭോഗ സംസ്കാരത്തിനും ,വനിതാ വിമോചനത്തിനും
വേശ്യാവൃത്തിക്കും ,അസന്തുലിതമായ രാഷ്ട്രീയ , സാമൂഹിക
സമവാക്യങ്ങള്‍ക്കും എതിരെ നീ ഉയര്‍ത്തിയ പടവാളിന്റെ
മിന്നലാട്ടങ്ങളില്‍ ഞാന്‍ പലപ്പോഴും ഞെട്ടിത്തരിച്ചിട്ടുണ്ട്
ഭരണയന്ത്രങ്ങള്‍ പോലും നിന്‍റെ
വാക്കിന്റെ വാള്‍മുന തുമ്പില്‍ വിറയ്ക്കുന്നത് കണ്ട്
എന്‍റെ ഉഷ്ണരക്തം ശീതികരിക്കപ്പെട്ടിട്ടുണ്ട്
കുട്ടികള്‍ പിഴച്ചു പോകും എന്ന് കരുതിയിട്ടാകണം
നീ കാണാതെ പഠിച്ച് തൊണ്ട പൊട്ടി ഉറക്കെ
വിളിച്ചു പറഞ്ഞ വാക്യങ്ങളില്‍ നളിനി ജമീല കടന്ന് വരാത്തത്
എന്നോര്‍ത്ത് ഞാന്‍ ആശ്വസിച്ചിട്ടുണ്ട്
നിന്‍റെ പേരിന്റെ വാലില്‍ വെറുതെ
തൂങ്ങിക്കിടക്കുന്ന ദാസ് എന്ന നാമം കൂടി
 വെട്ടി മാറ്റാമായിരുന്നില്ലേ
എന്ന് ഞാന്‍ ചിന്തിച്ചിട്ടുണ്ട്
സ്ത്രീ ആരുടേയും അടിമയല്ല എന്നെനിക്കും
വിളിച്ചു പറയണം എന്ന് തോന്നിച്ചിട്ടുണ്ട്


സ്ത്രീകളുടെ ഉന്നമനത്തിന് വേണ്ടി
അവരുടെ കണ്ണുനീര്‍ ഒപ്പുവാന്‍
കയ്യും മെയ്യും രാവും പകലും
വീടും കുടിയും എല്ലാം മറന്ന്
എത്ര നീ കഷ്ടപ്പെട്ടിരിക്കുന്നു
 
ഇന്ന് അന്താരാഷ്‌ട്ര വനിതാ ദിനം
ഇന്നെങ്കിലും ഇതെഴുതി
നിനക്ക് സമര്‍പ്പിക്കണം എന്ന് കരുതിയാണ്
തിരക്കുകളില്‍ നിന്നും ഒഴിഞ്ഞ്
കൊച്ചിയിലെ ലൂസിയായില്‍ മുറിയെടുത്തത്
 
രാവിലെ കേട്ട വാര്‍ത്ത തന്നെ എന്നെ ഞെട്ടിച്ചു കളഞ്ഞു
പാര്‍ലമെന്റില്‍ വെച്ച
33 % സംവരണ ബില്‍ പാസായില്ലത്രേ
ഇനി അത് പാസാകുന്നില്ല ലക്ഷണവുമില്ല
 
വനിതാ ദിനത്തില്‍
ലോകത്തെ പ്രശസ്ത വനിതകളില്‍
നിന്‍റെ പേരുണ്ടാകും എന്നതായിരുന്നു എന്‍റെ ആത്മവിശ്വാസം
ഇന്ത്യയിലെ ഒരു സ്ത്രീയുടെയെങ്കിലും പേരുണ്ടാകാതിരിക്കില്ല
പത്താം വയസില്‍ വിവാഹമോചനം നേടിയ Nujood Ali
ആഗ്ര ചര്‍മ്മികളായ ആഫ്രിക്കന്‍ വനിതകളിലെ Waris Dirie
ഓസ്കാറില്‍ ആദ്യ വനിതാ സംവിധായക അവാര്‍ഡ്‌ നേടിയ Kathryn Bigelow
തുടങ്ങിയ പതിനൊന്നോളം വനിതകളില്‍
നിന്‍റെ പേരില്ലാത്തതും എന്നെ വല്ലാതെ നിരാശപ്പെടുത്തി


എന്‍റെ ഈ ജന്മത്തില്‍ ഇത് പൂര്‍ത്തിയാക്കാന്‍ കഴിയുമെന്ന് തോന്നുന്നില്ല
ഇതില്‍ കൂടുതല്‍ ഞാനെന്താണ് എഴുതേണ്ടത്
ആര്‍ക്കും വേണ്ടാത്ത
ഭാരത സ്ത്രീ തന്‍ ഭാവശുദ്ധിയെ കുറിച്ചോ
നിരാശയോടെ എഴുതിയതത്രയും വലിച്ചു കീറി
പേനയും മടക്കി വെച്ച്‌
മുറി പൂട്ടി പുറത്തിറങ്ങി
 
നേരം സന്ധ്യയാകാറായിരിക്കുന്നു
എന്നെ കണ്ടിട്ടാകണം
വരാന്തയില്‍ കാറ്റ് കൊള്ളാന്‍ നിന്ന അര്‍ദ്ധനഗനയായ
ഒരു യുവതി വാതിലടച്ച്‌ മുറിക്കുള്ളില്‍ മറഞ്ഞത്
കണ്ട് മറന്ന ഏതൊക്കെയോ മുഖങ്ങള്‍
മനസ്സില്‍ മിന്നി മാഞ്ഞു .

5 അഭിപ്രായങ്ങൾ:

Sapna Anu B.George പറഞ്ഞു...

അന്താരാഷ്ടവനിതാ ദിനത്തിൽഇൻഡ്യക്കാരുടെ എല്ലാവരുടെയും എല്ലാ പ്രതീക്ഷകളും,നമ്മൾതന്നെ നശിപ്പിച്ചു എങ്കിലും ഒരു വനിതാ ഡയറക്ടർഎങ്കിലും ആദരിക്കപ്പെട്ടല്ലോ!അതുമതി,ഇൻഡ്യക്കാർഎന്നും സ്വന്തം ശരീരവും,സ്വന്തം നാടിന്റെയും നാട്ടാരെയും വേദനിപ്പിച്ചു പടിച്ചു വളർന്നവരാണ് അതു മാറില്ല.നല്ല അവസരോചിതമായ കവിത കാപ്പിലാൻ

ഞാന്‍ ആചാര്യന്‍ പറഞ്ഞു...

വാക്കിന്റെ വാള്‍മുന തുമ്പില്‍ വിറയ്ക്കുന്നത് കണ്ട്
എന്‍റെ ഉഷ്ണരക്തം ശീതികരിക്കപ്പെട്ടിട്ടുണ്ട്

ഈയിടം വരെ കവിത തുളുമ്പുകയായിരുന്നു

പ്രയാണ്‍ പറഞ്ഞു...

വനിതാദിനം കഴിഞ്ഞുപോയകൊണ്ട് ആശംസകള്‍ പറയുന്നില്ല.നന്നായിട്ടുണ്ട്.

മുഹമ്മദ്‌ സഗീർ പണ്ടാരത്തിൽ പറഞ്ഞു...

നല്ല കവിത കാപ്പൂ!

രാമചന്ദ്രൻ വെട്ടിക്കാട്ട് പറഞ്ഞു...

വനിതാ സംവരണ ബില്‍ പാസ്സായീട്ടാ..
:)