ചൊവ്വാഴ്ച

അഡ്വ. വില്‍‌സണ്‍ പെരേര എഴുതുന്നു .

ബ്ലോഗിലെ അപശ്രുതികള്‍


ഇന്റർനെറ്റ് എന്ന ഇലക്ട്രോണിക് വലയുടെ അനന്ത സാധ്യതകളെ ഉപയോക്താവിന്റെ ആവിഷ്കാര ധിഷണയുടെ സഫലീകരണത്തിനായി എങ്ങനെ പ്രയോജനപ്പെടുത്താം എന്നതിന്റെ പ്രത്യക്ഷ നിദാനമാണ് ബ്ലോഗുകൾ. ഗൂഗിളിന്റെ ഔദാര്യ സേവനമായ ബ്ലോഗറിലൂടെ അച്ചടി മാധ്യമം അപ്രാപ്യമായിരുന്ന നിരവധി പേർ സ്വന്തം സൃഷ്ടികൾക്ക് ഊടും പാവും നെയ്യാൻ അവസരം കണ്ടെത്തി. എഴുത്തുകാരന്റെ സൃഷ്ടികൾ ഒന്നാം തരമെന്നോ രണ്ടാം തരമെന്നോ ഉള്ള തെരെഞ്ഞെടുപ്പിന് വിധേയമാവാതെ എഡിറ്ററുടെ കത്രികക്ക് അവസരം നൽകാതെ സൃഷ്ടികൾ അവയുടെ പ്രാഥമിക രൂപത്തിൽ തന്നെ വായനക്കാരന്റെ മുന്നിൽ എത്തി. കാരണം ബ്ലോഗിൽ പ്രസാദകനോ എഡിറ്ററോ ഇല്ല, സൃഷ്ടിക്കുന്നയാളും സൃഷ്ടിയും മാത്രമെ ഉള്ളൂ .

വളരെ സൌകര്യ പ്രദമായ രീതിയിൽ അതിയായ സ്വാതന്ത്ര്യത്തോടെ ബ്ലോഗ് എന്ന ഇലക്ട്രോണിക് മീഡിയത്തെ ഉപയോഗപ്പെടുത്താം എന്ന് തോന്നാമെങ്കിലും അശ്രദ്ധമായ ഉപയോഗം കാരണം ബ്ലോഗറെ വൻ നിയമക്കുരുക്കിലേക്ക് തള്ളിവിടാനും ഈ ജിഹ്വക്ക് കഴിയും. സംസാര സ്വാതന്ത്ര്യത്തിന്റേയും ആവിഷ്കാര സ്വാതന്ത്ര്യത്തിന്റേയും അവകാശത്തെ മുൻനിർത്തി പ്രവർത്തിക്കുന്ന അച്ചടി മാധ്യമങ്ങൾ അടക്കമുള്ള മീഡിയകൾക്കുള്ള സ്വാതന്ത്ര്യം തത്വത്തിൽ ബ്ലോഗിനോ അതിന്റെ അഡ്മിൻ ആയ ബ്ലോഗർക്കോ അനുവദിക്കപ്പെട്ടിട്ടില്ല. എന്ന് പറഞ്ഞാൽ ഒരു ബ്ലോഗ് ഒരിക്കലും പത്രമാവില്ല എന്നർത്ഥം. വാർത്തകൾ ശേഖരിച്ച് അച്ചടിച്ച് പൊതുജന മധ്യത്തിൽ വിതരണം ചെയ്യുന്ന പത്രങ്ങളെ അങ്ങനെ ചെയ്യാൻ അനുവദിക്കുന്നത് വ്യക്തമായ രജിസ്റ്റ്രേഷൻ നിയമങ്ങളുടെ പിൻബലമാണ്. അതായത് ബിറ്റ് നോട്ടീസ് അച്ചടിച്ച് വിതരണം ചെയ്യുന്ന ലാഘവത്തിൽ പത്രം നടത്താൻ പറ്റില്ലെന്ന് സാരം.

ബ്ലോഗുകൾ ഒരിക്കലും പത്രങ്ങളാവില്ല എന്ന് പറഞ്ഞല്ലോ. ഒരു ബ്ലോഗർ ഗൂഗിളിന്റെ ഔദാര്യത്തിൽ ഒരു ബ്ലോഗ് തുടങ്ങിയിട്ട് ഇത് പത്രമാണെന്ന് പറഞ്ഞാൽ അത് പത്രമാവില്ല; ബ്ലോഗായി ഗണിക്കാനെ കഴിയൂ. കാരണം ഗൂഗിൾ അടക്കമുള്ള സേവനദാതാക്കൾ ഉപയോക്താവിന് അവരുടെ മേൽവിലാസത്തിന്റെ ബലത്തിൽ പത്രം നടത്താനുള്ള അവസരമല്ല മറിച്ച് ബ്ലോഗ് നടത്താനുള്ള ഔദാര്യമാണ് (അവകാശമല്ല) നൽകിയിട്ടുള്ളത്. ഈ മീഡിയയുടെ ഇത്തരത്തിലുള്ള ദുരുപയോഗം തടയാനാണ് ഗൂഗിൾ ബ്ലോഗറിന്റെ സേവന വ്യവസ്ഥയിലും ഉള്ളടക്ക വ്യവസ്ഥയിലും കർശന നിർദ്ദേശങ്ങൾ പറഞ്ഞിട്ടുള്ളത്.

അതിൽ പ്രധാനമായിട്ടുള്ളത് ഒരു ബ്ലോഗിൽ പ്രസിദ്ധപ്പെടുത്തുന്ന കാര്യങ്ങളുടെ പൂർണ്ണ ഉത്തരവാദിത്വം ആ ബ്ലോഗിന്റെ അഡ്മിനുമാത്രമായിരിക്കും എന്നതാണ്. മാത്രവുമല്ല ഒരു ബ്ലോഗർക്ക് ഒരിക്കലും മറ്റൊരു വ്യക്തിയുടെ വ്യക്തിപരമായിട്ടുള്ളതും ആളെ തിരിച്ചറിയാൻ സഹായിക്കുന്നതുമായ ഒരു വിവരവും അയാളുടെ അറിവോ സമ്മതമോ ഇല്ലാതെ എന്ത് ലക്ഷ്യത്തോടെ (നല്ലതിനായാൽ പോലും) ആയാലും പ്രസിദ്ധപ്പെടുത്താനുള്ള സ്വാതന്ത്ര്യവും ഇല്ല. ഇങ്ങനെ സംഭവിച്ചാൽ അതിന്റെ ഉത്തരവാദിത്വം ബ്ലോഗിന്റെ സേവനദാതാക്കൾ ഏറ്റെടുക്കില്ല. വ്യക്തികൾക്കും സ്ഥാപനങ്ങൾക്കും നേരെ ഉണ്ടായേക്കാവുന്ന അപകീർത്തി പരമായ പോസ്റ്റുകളെ നിരുത്സാഹപ്പെടുത്താനാണ് ഇത്തരമൊരു നിലപാട് അവർ കൈക്കൊള്ളുന്നത്.

സിയാബ് എന്ന വ്യക്തി നടത്തിയെന്ന് പറയുന്ന കുറെ പ്രവർത്തികളുടെ വിശദാംശങ്ങൾ നമ്മുടെ ബൂലോകം എന്ന ബ്ലോഗിൽ ഈയിടെ വായിക്കാനിടയായി. ആ ബ്ലോഗർ, സിയാബ് എന്ന വ്യക്തിയെ കുറിച്ച് കുറെ ആരോപണങ്ങൾ ഉന്നയിക്കുകയല്ല , മറിച്ച് സ്റ്റേറ്റ്മെന്റുകളായിട്ട് സിയാബ് കുറ്റക്കാരനാണെന്ന് സമർത്ഥിക്കുകയാണ് വിവിധ പോസ്റ്റുകളിലൂടെ ചെയ്തിരിക്കുന്നത്. സമൂഹ നന്മക്കായി സത്യം അന്വേഷിച്ച് ബ്ലോഗിൽ പ്രസിദ്ധപ്പെടുത്താൻ ഒരു ബ്ലോഗർക്ക് ഏതറ്റം വരെയും പോകാമോ? വ്യക്തിയെ കുറിച്ചുള്ള തെറ്റും ശരിയും അന്വേഷിക്കൽ അതിന്റെ ഫലങ്ങൾ ബ്ലോഗിൽ പ്രസിദ്ധപ്പെടുത്തൽ ഇതൊക്കെ ബ്ലോഗറുടെ വിശിഷ്യാധികാരങ്ങളാണോ?

സിയാബ് കുറ്റക്കാരനാവട്ടെ അല്ലാതിരിക്കട്ടെ ഇതൊക്കെ അന്വേഷിക്കാൻ ഭരണകൂടങ്ങൾ വിഭാവനം ചെയ്ത അധികാരപ്പെട്ട സ്ഥാനങ്ങൾ ഉണ്ട്. ആ ഏജൻസികൾ പരാജയമാവുകയോ നിസംഗത പ്രകടിപ്പിക്കുകയോ ചെയ്യുന്ന അവസരങ്ങളിൽ പത്രങ്ങൾ സ്വയമേവ അന്വേഷണങ്ങൾ നടത്തി നിജ സ്ഥിതി പുറത്ത് കൊണ്ടുവരുന്ന അവസ്ഥയും നമ്മുടെ നാട്ടിലുണ്ട്. പക്ഷെ ഒരു ബ്ലോഗ് ഒരിക്കലും പത്രമാവാത്ത സ്ഥിതിക്ക് നമ്മുടെ ബൂലോകം അങ്ങനെയുള്ള വിശിഷ്യാധികാരം അവകാശപ്പെടുന്നത് ബ്ലോഗെന്ന മീഡിയത്തിന് ആശാസ്യമല്ല. കാരണം സിയാബ് എന്ന വ്യക്തിക്ക് മുന്നെ കുറ്റകരമായ പ്രവർത്തി ചെയ്തിരിക്കുന്നത് നമ്മുടെ ബൂലോകം തന്നെയാണ് എന്ന് പറയാതെ വയ്യ. കാരണം ഇല്ലാത്തത് ഉണ്ടെന്ന തെറ്റിദ്ധാരണ പരത്തുകയാണ് നമ്മുടെ ബൂലോകത്തിന്റെ അഡ്മിൻ ചെയ്തിരിക്കുന്നത്. വെറുമൊരു ബ്ലോഗിനെ പത്രമെന്ന് സ്വയം വിശേഷിപ്പിച്ച് ഒരു പത്രത്തിനുള്ള എല്ലാ സാധ്യതകളും ഉപയോഗപ്പെടുത്താമെന്ന് ധരിച്ച് വശായിരിക്കുന്നത് അതിലുള്ള അജ്ഞതകാരണമാണെന്ന് തോന്നുന്നു.

ഈ കുറ്റകരമായ അജ്ഞതയുടെ പരിണിത ഫലങ്ങളാണ് സിയാബിനെ കുറിച്ച് ഞങ്ങളുടെ സംഘം അയാളുടെ നാട്ടിലും വീട്ടിലും ആശുപത്രിയിലും അന്വേഷണം നടത്തിയെന്നുള്ള പ്രസ്ഥാവന. തന്നെയുമല്ല നമ്മുടെ ബൂലോകം ബന്ധപ്പെട്ട കാര്യങ്ങളിൽ മറുപടി പറയാൻ സിയാബിന് രണ്ടാഴ്ച്ച സമയവും നൽകിയത്രെ!!!! സിയാബ് തനിക്കെതിരെയുള്ള ആരോപണങ്ങൾക്ക് മറ്റൊരു ബ്ലോഗറുടെ ബ്ലോഗിൽ പോയി മറുപടി പറയണം എന്ന അബദ്ധജഡിലമായ പ്രസ്ഥാവ്യം നമ്മുടെ ബൂലോകത്തിന്റെ അഡ്മിൻ അടക്കമുള്ള ചിലർ സിയാബിനെതിരെ കുറ്റകരമായ ഗൂഢാലോചന നടത്തി എന്നതിനു തെളിവാണ്. സിയാബ് കുറ്റക്കാരനാവട്ടെ അല്ലാതാവട്ടെ, സിയാബിന്റെ നിരപരാദിത്വം ഒരു ബ്ലോഗറുടെ മുന്നിൽ തെളിയിക്കണം എന്നുള്ള നിലപാട് വ്യക്തിസ്വാതന്ത്ര്യത്തിലേക്കുള്ള കടന്നാക്രമണം തന്നെയാണ്.

നമ്മുടെ ബൂലോകത്തിന്റെ കണ്ടെത്തെലുകൾ സിയാബിന് ഐ എ എസ് ഇല്ല, രോഗമില്ല ഇതൊക്കെ പറഞ്ഞ് പണം തട്ടിയെന്നൊക്കെയാണ്. സിയാബിന് ഐ എ എസ് ഉണ്ടോന്നും അതിന്റെ പേരിൽ അയാൾ ആരെയെങ്കിലും വഞ്ചിച്ചിട്ടുണ്ടോ എന്നും അന്വേഷിക്കേണ്ടത് പത്രം എന്ന് സ്വയം അവകാശപ്പെടുന്ന ഒരു ബ്ലോഗർ അല്ല, മറ്റ് അന്വേഷണ ഏജൻസികൾ വഞ്ചനക്ക് വിധേയരായവരുടെ പരാതിയിന്മേലാണ് . രോഗ വിവരവും അവർ ആർ സി സിയിൽ അന്വേഷിച്ച് ഇല്ലാന്ന് ഉറപ്പ് വരുത്തി എന്ന് പറയുന്നുണ്ട്. നേരിട്ട് അറിയാവുന്ന രോഗികളെ ആർ സി സിയിൽ സന്ദർശിക്കുന്നതിനു വിലക്കില്ല. പക്ഷെ അന്വേഷണം എന്ന പേരിൽ ഇങ്ങനെയൊരു വ്യക്തി ഇവിടെ ചികിത്സയിലുണ്ടോ എന്ന് ആർ സി സി പോലൊരു സ്ഥാപനത്തിൽ അന്വേഷിച്ചാൽ ഇല്ല എന്ന മറുപടിയെ അവിടെയുള്ളവർ നൽകൂ.

സത്യം പുറത്ത് കൊണ്ടുവരാനും ഇനിയുമേറെപേർ വഞ്ചനക്ക് പാത്രമാവാതിരിക്കാനും വേണ്ടിയാണ് ഇത്തരത്തിൽ ഒരു അന്വേഷണം നടത്തിയത് എന്നുള്ള നമ്മുടെ ബൂലോകത്തിന്റെ മുൻകൂർ ജാമ്യം ഒളിച്ചോടൽ മാത്രമാണ്. സമൂഹത്തിലെ അരുതായ്മകൾ അന്വേഷിച്ച് ആ വിവരങ്ങൾ അധികാരപ്പെട്ട ഏജൻസികൾക്ക് കൈമാറാൻ പൌരധർമ്മം ഒരു പൌരനെ അനുവദിക്കുന്നുണ്ട്, പക്ഷെ ആ വിവരങ്ങൾ സ്വന്തം ബ്ലോഗിലിടുന്നത് ക്രിമിനൽ കുറ്റമാണ്. സിയാബിന്റെ ഫോട്ടൊയടക്കമുള്ള വ്യക്തിപരമായ വിവരങ്ങൾ പ്രസിദ്ധപ്പെടുത്തിയതിലൂടെ നിയമത്തിന്റെ വഴിയിൽ നിന്നും മാറി സഞ്ചരിക്കാൻ നമ്മുടെ ബൂലോകത്തിനുള്ള പഴുത് അടഞ്ഞിട്ടുണ്ട്. സിയാബിനെതിരെ മറ്റ് അന്വേഷണങ്ങൾ വരാതെ പ്രശ്നം ബ്ലോഗിൽ പരിഹരിക്കുക എന്നത് നമ്മുടെ ബൂലോകത്തിന്റെ ഒരു ഔദാര്യമായി അവർ കണക്ക് പറയുന്നുണ്ട്. ഒരാളെ കുറിച്ചുള്ള വിവരങ്ങൾ ശേഖരിച്ച് അത് ബ്ലോഗിൽ പ്രസിദ്ധപ്പെടുത്തിയ ശേഷമുള്ള ഈ വൃത്തികെട്ട പ്രസ്ഥാവ്യം ആ ബ്ലോഗിനു പിന്നിലെ ഇരുണ്ട മനസിന്റെ ഉടമയെ കാട്ടിതരുന്നുണ്ട്.

സിയാബിനെ ഞങ്ങളും സഹായിക്കാം എന്ന് പറയുന്ന നമ്മുടെ ബൂലോകം ചാറ്റ് അടക്കമുള്ള വിവരങ്ങൾ പ്രസിദ്ധപ്പെടുത്തിയത് വഴി ബ്ലോഗെന്ന മീഡിയത്തിലെ അപശൃതിക്ക് തുടക്കകാരൻ എന്ന വിശേഷണത്തിന് അർഹനായി. ഇപ്പോൾ കാണിച്ച പ്രവർത്തിയെക്കാൾ ശ്ലാഘനീയമാവുന്നത് കിട്ടിയ വിവരത്തിന്റെ അടിസ്ഥാനത്തിൽ വഞ്ചനക്ക് പാത്രമായ ആളുടെ പരാതി അധികാരപ്പെട്ടവർക്ക് കൈമാറി സിയാബിനെ നിയമത്തിന്റെ വഴിയേ കൊണ്ടു വരിക എന്നതായിരുന്നു. സിയാബ് തന്റെ നിരപരാദിത്വം കോടതിയിൽ സ്ഥാപിക്കട്ടെ. അതല്ലെ ജനാധിപത്യ മര്യാദ.

ഇവിടെ സംഭവിച്ചിരിക്കുന്നത് ഒരു ബ്ലോഗർ പരാതി സ്വീകരിക്കുന്നു, അന്വേഷണം നടത്തുന്നു, വിവരങ്ങൾ പോസ്റ്റായി പ്രസിദ്ധപ്പെടുത്തുന്നു, സിയാബിന് മറുപടി പറയാൻ സമയം നൽകുന്നു തുടങ്ങിയ പ്രവർത്തികളാണ്. അതായത് ഒരു ബ്ലോഗർ, പത്രവും പോലീസും കോടതിയും ഒക്കെ ആവുന്ന സൂപ്പർ ബ്ലോഗർ പദവിയിലേക്ക് സ്വയം അവരോധിതനായിരിക്കുന്നു. സിയാബ് കുറ്റക്കാരനായാലും ഇല്ലെങ്കിലും നമ്മുടെ ബൂലോകം എന്ന ബ്ലോഗർക്കെതിരെ നിയമനടപടി സ്വീകരിക്കാനുള്ള എല്ലാ വഴികളും സിയാബിനു മുന്നിൽ തെളിഞ്ഞ് കിടപ്പുണ്ട്.

കള്ളനേയും കൊള്ളക്കാരനേയും വഞ്ചകനേയും അന്വേഷണം നടത്തി അറസ്റ്റ് ചെയ്ത് കോടതിയിൽ ഹാജരാക്കി ശിക്ഷ വാങ്ങി കൊടുക്കാൻ പോലിസിന് അധികാരമുണ്ട്. എന്ന് കരുതി പോലിസിന് ഇവരെയൊക്കെ മർദ്ദനമടക്കമുള്ള മൂന്നാം മുറക്ക് വിധേയമാക്കാൻ അധികാരമുണ്ടോ? അങ്ങനെ ചെയ്തെന്ന് വന്നാൽ ശിക്ഷിക്കപ്പെട്ട കുറ്റവാളിയോടൊപ്പം അയാളെ കേസന്വേഷണത്തിന്റെ ഭാഗമായി പീഢിപ്പിച്ചതിന്റെ പേരിൽ പോലിസും കുറ്റവാളിയോടൊപ്പം ജയിലിലെ ഉണ്ട തിന്നേണ്ടി വരും. അതും ഈ രാജ്യത്തെ നിയമവ്യവസ്ഥയിൽ നടപ്പുള്ള കാര്യമാണ്.

സിയാബ് കുറ്റക്കാരനാണ് അതിനാൽ ഞങ്ങൾ നിരപരാധികളാണെന്ന ബൂലോകത്തിന്റെ വാദം നിലനിൽക്കുന്നതല്ല. ഒരാൾ കുറ്റവാളിയാണെന്ന് കരുതി അയാളുടെ മറ്റ് അവകാശങ്ങൾ സംരക്ഷിക്കുവാൻ സ്റ്റേറ്റിനു ബാധ്യതയില്ല എന്ന് പറയാനാവില്ല.

സിയാബ് ഇപ്പോൾ കുറ്റാരോപിതൻ മാത്രമാണ്, അയാൾ കുറ്റവാളിയാണെന്ന് പറയേണ്ടത് കോടതിയാണ്.... എന്ന് കരുതി മറ്റുള്ളവരുടെ പ്രവർത്തികൾ ന്യായീകരിക്കപ്പെടില്ല.

-------------------------------------------------------------------------

അഡ്വ. വിത്സൺ പെരേര.

7 അഭിപ്രായങ്ങൾ:

അജ്ഞാതന്‍ പറഞ്ഞു...

ഇപ്പറഞ്ഞിരിക്കുന്നതെല്ലാം ശരിയാണെന്നു തോന്നുന്നു.

അജ്ഞാതന്‍ പറഞ്ഞു...

ഇതിലിപ്പം തൂങ്ങാന്‍ പോകുന്നത് ജോ മാത്രം.
അനിലും കൂതറ ദീപക്കും അവസാനം മുങ്ങും.
പിന്നെ ആ നാട്ടുകാരന്‍ എന്ന തെണ്ടിയും കൈ കഴുകും.

ഗുപ്തന്‍ പറഞ്ഞു...

നിയമജ്ഞന്‍ ഇടപെട്ടതില്‍ സന്തോഷം. വക്കീലിന്റെ ഫോണ്‍ നമ്പരോ നാട്ടിലെ അഡ്രസോ ഒന്നു തരുമോ? ഈ വിഷയവുമായി ബന്ധപ്പെട്ട് ചില കാര്യങ്ങള്‍ ചോദിച്ചറിയണമെന്നുണ്ട്.

Joseph Thomas പറഞ്ഞു...

ഇത് പോലുള്ള 'തറ ഇടപാടുകളെ' കൈപ്പള്ളിയെപ്പോലുള്ളവര്‍ പോസ്ടിട്ടു പുകഴ്ത്തുന്നത് കാണുമ്പൊള്‍ ഹാ കഷ്ടം എന്നല്ലാതെ എന്ത് പറയാന്‍?
കൈപ്പള്ളിയുടെ പത്രങ്ങള്‍ക്കു പിഴക്കുമ്പോള്‍ എന്ന പോസ്റ്റ്‌ നോക്കുക.

അജ്ഞാതന്‍ പറഞ്ഞു...

വക്കീല്‍ വായിലെ പുണ്ണുകാരണം അവധി എടുത്ത് ഒളിവിലാണ് ഗുപ്താ. അഡ്രസ് തരാന്‍ പറ്റില്ല.

അജ്ഞാതന്‍ പറഞ്ഞു...

വക്കീലെ, നമ്മുടെ ബൂലോകത്തിനെതിരെ ഒരു കേസങ്ങട് പൂശിയാലോ......വക്കീലായത് കൊണ്ട് നടത്തിപ്പ് ചെലവ് കുറഞ്ഞു കിട്ടും .......ന്താ, ഒരു കൈ നോക്കണോ.....

അജ്ഞാതന്‍ പറഞ്ഞു...

ഓ, ചുമ്മാ പുളു പറയാതെ വക്കീല് മാമ, അവര് ആരുടേം ഔദാര്യത്തിലോന്നുമല്ല......അങ്ങോട്ട്‌ ചെന്ന് നോക്കിയാട്ടെ..... എന്നിട്ടെഴുതീന്‍....