തിങ്കളാഴ്‌ച

ഉയിര്‍പ്പ്

അതികാലത്ത് തന്നെ മറിയം കുളിമുറിയിലേക്ക് നടന്നു . രാത്രിയിലെ അഴുക്ക്, ശരീരത്തെ ആകെ വീര്‍പ്പുമുട്ടിക്കുന്നത് പോലെ . രാത്രി കൊഴിഞ്ഞു തീരുവോളം മുറിക്കുള്ളില്‍ ബഹളമായിരുന്നു . വൃദ്ധനാണെങ്കിലും വലിയ പിതാവിന്റെ ഉശിര് ഇപ്പോഴും തീര്‍ന്നിട്ടില്ല . എന്തൊരു ആവേശമായിരുന്നു .ചെവിയിലിപ്പോഴും കിതപ്പിന്റെ മുഴക്കം . തനിക്കൊന്നും ഓര്‍മ്മ കിട്ടുന്നില്ല .വീഞ്ഞിന്റെ ലഹരിയില്‍ കുതിര്‍ന്ന വാക്കുകള്‍ അവിടെയും ഇവിടെയും ഇപ്പോഴും ചിതറി തെറിക്കുന്നത്‌ പോലെ . എവിടെയോ എന്തെല്ലാമൊക്കെയോ വീണു പൊട്ടുന്നു .അകത്തെ മുറിയില്‍ നിന്നും ഇപ്പോഴും വലിയ പിതാവിന്റെ കൂര്‍ക്കം വലിയുടെ ശബ്ദം ഉയര്‍ന്നു കേള്‍ക്കുന്നുണ്ട് . ഒടുവില്‍ വന്ദ്യ
പിതാവ് അവശനായി ഒരു വാടിയ പൂമൊട്ട് പോലെ തന്റെ നെഞ്ചില്‍ !!!

ഓര്‍ക്കുമ്പോള്‍ തന്നെ ഒരു മനം പുരട്ടല്‍ പോലെ .

ഛേ . എല്ലാ പുരുഷന്മാരും ഇങ്ങനെയാണോ ?

മറിയം കുളിമുറിയിലെ ഷവര്‍ ഓണ്‍ ചെയ്തു . ഷവറില്‍ നിന്നും വീഴുന്ന ജലധാരയില്‍ നിന്നും ഒരു സ്നാനം കൂടി .തലമുടിയില്‍ വീഴുന്ന വെള്ളം മലയില്‍ നിന്നും ഒലിച്ചിറങ്ങുന്ന ഒരു കുഞ്ഞരുവി പോലെ നിമ്നോന്നതകളില്‍ തട്ടി ഉടഞ്ഞ് പൊട്ടിച്ചിരിക്കുന്നു . വെള്ളത്തുള്ളികള്‍ തന്റെ ഈ ശരീരം കണ്ടിട്ടാകുമോ ഇങ്ങനെ നാണം കൊണ്ട് ചിരിക്കുന്നത് ?

കുളിമുറിയിലെ കണ്ണാടിയില്‍ മറിയം തന്റെ നഗനരൂപത്തെ ഒന്നുകൂടി കണ്കുളിര്‍ക്കെ കണ്ട് ഒന്നുറക്കെ പുഞ്ചിരിച്ചു . പ്രായമേറെയായിട്ടും കാര്യമായ ഉടവുകള്‍ ഒന്നും തന്നെ ശരീരത്ത് ഇല്ല എന്ന് തന്നെ പറയാം. കണ്‍ പീലിത്തടങ്ങള്‍ക്ക് മുന്‍പുണ്ടായിരുന്ന കറുപ്പ് നിറം ഇപ്പോള്‍ കാണാനില്ല . രണ്ട് ദിവസങ്ങള്‍ക്ക് മുന്‍പ് കരഞ്ഞു വിളിച്ച കണ്ണുകളിലെ ചുവപ്പ് നിറം മാറിയിരിക്കുന്നു . മുഖത്താകമാനം മുന്‍പ് കണ്ടിട്ടില്ലാത്തതു പോലെ ഒരു ശോഭ വന്നിരിക്കുന്നു .

എന്താണ് തനിക്ക് പെട്ടന്നിങ്ങനെ ഒരു മാറ്റം ?

പെട്ടന്ന് എന്തോ ആലോചിച്ചിട്ടെന്നപോലെ കുളി മതിയാക്കി മറിയം പുറത്തിറങ്ങി .

തിരുവെഴുത്തുകള്‍ പ്രകാരം ഇന്നാണ് മൂന്നാം ദിവസം !!.

ഈ രാത്രി തനിക്കിനി ഉറങ്ങാന്‍ കഴിയില്ല എന്ന സത്യം ഒരു വെളിപാട് പോലെയാണ് മറിയയുടെ മനസിലേക്ക് കടന്ന് വന്നത് . മറിയ അലമാരിയില്‍ മണവാളനെ എതിരേല്‍ക്കുവാനായി കരുതി വെച്ചിരുന്ന വിശിഷ്ട സാരി പുറത്തെടുത്തു . വിശിഷ്ട വസ്ത്രത്തിലും കാര്യമായ ചുളിവുകള്‍ സംഭവിച്ചിട്ടില്ല . നിലക്കണ്ണാടിയുടെ മുന്നില്‍ നിന്നും ഭംഗിയായി സാരിയുടുത്തു .ദേഹമാസകലം സുഗന്ധ ദ്രവ്യങ്ങള്‍ പൂശി . ഒരിക്കല്‍ക്കൂടി കണ്ണാടിയില്‍ നോക്കി തന്റെ ഭംഗി ഉറപ്പ് വരുത്തിയതിന് ശേഷം വീടിന് പുറത്തേക്ക് നടന്നു .

വീടിന് പുറത്ത് പാര്‍ക്ക് ചെയ്തിരുന്ന കോളിസ് കാര്‍ ഓണാക്കി .ആദ്യമായാണ്‌ ഡ്രൈവര്‍ ഇല്ലാതെ മറിയം വീടിന് പുറത്തേക്ക് വണ്ടി ഇറക്കുന്നത്‌ . ഇത്ര അതിരാവിലെ ഡ്രൈവര്‍ മത്തായി വരില്ല .അയാള്‍ ഔട്ട്‌ ഹൗസില്‍ നല്ല ഉറക്കത്തിലാണ് . വീടിനുള്ളിലെ കൂര്‍ക്കം വലി കൂടുതല്‍ ഉച്ചസ്ഥായിലായി എന്ന് തോന്നുന്നു .

പുറത്താകമാനം മൂടല്‍ മഞ്ഞ് മൂടിയിരിക്കുന്നു . രാത്രിയില്‍ അവിടെയും ഇവിടെയും നരിച്ചീറുകള്‍ ശബ്ദമുണ്ടാക്കി പറന്ന് പോയി . ആകാശത്തെങ്ങും ഒറ്റ നക്ഷത്രങ്ങള്‍ പോലുമില്ല .മഴ വരാന്‍ വേണ്ടിയാകണം അങ്ങുമിങ്ങും പോക്കാച്ചി തവളകള്‍ കരയുന്നു .
മഴയും മഞ്ഞും ഒരുപോലെയോ ?
അതിശയമായിരിക്കുന്നു .
മറിയം വണ്ടി സ്റ്റാര്‍ട്ട്‌ ആക്കി മഞ്ഞില്‍ കൂടി പള്ളി പറമ്പിനെ ലക്ഷ്യമാക്കി ഓടിച്ചു പോയി .
പള്ളിയുടെ വലിയ ഗേറ്റ് തുറന്നിട്ടിരിക്കുന്നു . ഈ രാത്രിയിലും അച്ഛന്റെ മുറിക്കുള്ളില്‍ വെളിച്ചം കാണുന്നുണ്ട് .എങ്കിലും അച്ഛന്‍ പള്ളിയുടെ ഗേറ്റ് അടക്കാതെ , ചിലപ്പോള്‍ തന്നെ ഈ രാത്രി അച്ഛന്‍ പ്രതീക്ഷിച്ചിട്ടുണ്ടാകുമോ ?
 പള്ളി മുറ്റത്ത് വണ്ടി നിര്‍ത്തി , മറിയം മൂടല്‍ മഞ്ഞില്‍ കൂടി ശവക്കോട്ടയിലേക്ക്‌ നടന്നു .
പള്ളി മച്ചില്‍ നിന്നും മൂങ്ങയുടെ ചിറകടികളും പ്രാവിന്റെ കുറുകലും ഉയര്‍ന്നു കേള്‍ക്കുന്നു .കടവാവലുകള്‍ തലക്കു മീതെ കൂടി ഒന്ന് പറന്ന് പോയപ്പോള്‍ ഉള്ളൊന്നു കാളി . എവിടെ നിന്നോ നായ്ക്കളുടെ ഓരിയിടല്‍ .മണ്ണിളകിയതാകണം ശവങ്ങളുടെ മുകളില്‍ കൂടി നടന്നപ്പോള്‍ ഒരു കാല് ലേശം മണ്ണില്‍ ചെറുതായി താഴേക്ക് പോയി . ധൈര്യം കൈ വിടാതെ മറിയ മുന്നോട്ടു നടന്നു .

പുതിയതായി വെട്ടിയ കല്ലറക്ക് മുന്നില്‍ മറിയം നിന്നു . കല്ലറയുടെ മുകളില്‍ വെച്ച റീത്തുകളിലെ പൂക്കളില്‍ നിന്നാകണം , എവിടെ നിന്നോ മുല്ലപ്പൂവിന്റെ മണം .തന്റെ മണവാളന്‍ ഈ കല്ലറയില്‍ ഉറങ്ങുന്നു . മൂന്നാം ദിവസം കിഴക്ക് വെള്ള കീറുവാന്‍ ഇനി നാഴികകള്‍ മാത്രം .കല്ലറയില്‍ നിന്നും കാര്യമായ പ്രതികരണങ്ങള്‍ ഒന്നും ഇതുവരെയും ഇല്ല . കല്ലറയിലെ കല്ല് ഏത് നിമിക്ഷവും മാറ്റപ്പെടാം . എല്ലാ തേജസോടും കൂടി തന്റെ മണവാളന്‍ ഉടനെ എത്താം . വലിയ പ്രതീക്ഷയോട് കൂടി മറിയം കാത്ത് നിന്നു . നാഴികകള് പലത് കൊഴിഞ്ഞു .
 
സ്ത്രീയെ നീ ആരെ അന്വഷിക്കുന്നു ?
എന്നൊരു ശബ്ദത്തിനായി മറിയം കാതോര്‍ത്ത് നിന്നു .
 
അവസാനം സഹികെട്ട് മറിയയുടെ പൂന്തോട്ടത്തില്‍ നിന്നും പറിച്ചെടുത്ത ഒരു ചുവന്ന റോസാ പൂവ് കല്ലറക്ക് മുകളില്‍ വെച്ച്‌ മറിയം തിരിച്ചു നടന്നു .‍

17 അഭിപ്രായങ്ങൾ:

അജ്ഞാതന്‍ പറഞ്ഞു...

നല്ല കഥ.
തുടരൂ..
ആശംസകള്‍

മുഹമ്മദ്‌ സഗീർ പണ്ടാരത്തിൽ പറഞ്ഞു...

നല്ല കഥ

ഏ.ആര്‍. നജീം പറഞ്ഞു...

കാപ്പൂ...

വ്യക്തിപരമായ് തോന്നിയ ഒരു കാര്യം പറയട്ടെ..

ഈ നല്ലൊരു തീം മനോഹരമായി അവതരിപ്പിക്കാമായിരുന്നു കാപ്പുവിന്. പക്ഷേ വല്ലാതെ ചുരുക്കി ചുരുക്കി അവസാനിപ്പിക്കാന്‍ ധൃതികാണിച്ചത് പോലെ ഒരു തോന്നല്‍.

കഥ ഇഷ്ടായത് കൊണ്ടാട്ടോ ഇത്രയും പറഞ്ഞത്

ചാണക്യന്‍ പറഞ്ഞു...

കൊള്ളാം നല്ല കഥ കാപ്പൂ....പക്ഷെ എന്തോ കുറവുണ്ട്.....:):):)

Rakesh R (വേദവ്യാസൻ) പറഞ്ഞു...

സ്ത്രീയെ നീ ആരെ അന്വഷിക്കുന്നു ? അവന്‍ വഞ്ചനയുടെ ഈ ലോകത്തേയ്ക്ക് തിരികെ വരാന്‍ ആഗ്രഹിക്കുന്നില്ല :)

Jayesh/ജയേഷ് പറഞ്ഞു...

നജീം പറഞ്ഞ പോലെ, നല്ലൊരു തീം ഇത്ര ഒതുക്കേണ്ടായിരുന്നു. സാധ്യതകള്‍ ഉണ്ടായിരുന്നല്ലോ കാപ്പിലാനേ..

കാപ്പിലാന്‍ പറഞ്ഞു...

മരങ്ങള്‍ പുറത്ത് ധാരാളം വളരുന്നുണ്ട്‌ . എന്നാല്‍ വന്‍ വൃക്ഷങ്ങളെ ചട്ടിയില്‍ ആക്കി സ്വീകരണ മുറികളില്‍ വളര്‍ത്തുമ്പോള്‍ അവയെ ബോണ്‍സായ് എന്ന ഓമനപ്പേരില്‍ അറിയപ്പെടുന്നു . സാധ്യതകള്‍ ഉണ്ടായിരുന്നു പക്ഷേ ഞാന്‍ നിസഹായനാണ് .
അഭിപ്രായം അറിയിച്ച എല്ലാവര്‍ക്കും നന്ദി .

ജസ്റ്റിന്‍ പറഞ്ഞു...

നല്ല കഥ

ഇതിന്റെ തുടര്‍ച്ചയും പ്രതീക്ഷിക്കുന്നു

Sabu Kottotty പറഞ്ഞു...

നല്ലൊരടീടെ കുറവുണ്ട്. നല്ലൊരു തീം കിട്ടിയിട്ട്...
എഴുതാനറിയാത്ത ആളാണെങ്കില്‍ തരക്കേടില്ല... ന്നാലും ഉള്ളതു നന്നായി...

ഏ.ആര്‍. നജീം പറഞ്ഞു...

കാപ്പൂ,

വന്‍ മരങ്ങളെ അതേ പൂര്‍‌ണതയോടെയും ഗാംഭീര്യത്തോടെയും മുറിയിലെ കുഞ്ഞുചട്ടിയില്‍ ഒതുക്കിയാല്‍ മാത്രമേ അതിനു സൗന്ദര്യമുണ്ടാകൂ. ഒരു പേരാലിന്റെ കൊമ്പു പറിച്ചെടുത്ത് ചെടിചട്ടിയില്‍ കുത്തിവച്ചാല്‍ അത് ബോണ്‍‌സായ് ആകില്ലല്ലോ... : )

ചുമ്മാ ഒരു തമാശ പറഞ്ഞതാണേയ്....

കാപ്പിലാന്‍ പറഞ്ഞു...

പൂര്‍ണ്ണതയില്‍ എത്തിയിലെന്നും പൂര്‍ത്തിയാക്കാന്‍ കഴിഞ്ഞില്ല എന്നും ഞാന്‍ സമ്മതിക്കുന്നു . കൊട്ടോട്ടി പറഞ്ഞത് പോലെ ശരിക്കും ഒരടിയുടെ കുറവെനിക്കുണ്ട്. പേരാല്‍ കൊമ്പ് ഞാന്‍ വെട്ടിയില്ല നജീം . ഇരിക്കുന്ന കൊമ്പ് മുറിക്കുന്നവനല്ല ക്യാപ്പിലാന്‍ . ഇതൊരു തുടരന്‍ ആയാലോ എന്ന ചിന്തയിലാണ് ഞാനിപ്പോള്‍ . മറിയവും അനന്തര സംഭവങ്ങളും :)

ചിത്രഭാനു Chithrabhanu പറഞ്ഞു...

നല്ല വിഷ്വല്‍സ്... സൂക്ഷ്മം..ഇഷ്ടായി..

പട്ടേപ്പാടം റാംജി പറഞ്ഞു...

ഒരു ചില്ലുകൂട്ടിലടച്ചപോലെ സുന്ദരമായ കഥ.
നന്നായിഷ്ടപ്പെട്ടു.

ബഷീർ പറഞ്ഞു...

എന്നാൽ പിന്നെ തുടരനാക്കരുതോ...

ആശംസകൾ

Muralee Mukundan , ബിലാത്തിപട്ടണം പറഞ്ഞു...

അതൈയിതൊരു കഥകഥകസ്തൂരി....

aneeshans പറഞ്ഞു...

outstanding work.

നന്ദ പറഞ്ഞു...

good attempt.