തിങ്കളാഴ്‌ച

പ്രണയമണി തൂവല്‍ പൊഴിയും ബൂലോകം

പ്രണയത്തിന്റെ നനുത്ത തൂവല്‍ സ്പര്‍ശം ഏതൊരാളെയും കവിയാക്കി തീര്‍ക്കും എന്നാണ് വിവരമുള്ളവര്‍ പറഞ്ഞ് വെച്ചിരിക്കുന്നത് . പ്രണയിക്കുക പ്രണയിക്കപ്പെടുക എന്നത് ഏതൊരാളിനെയും കടമയും അവകാശവുമാണ് .പ്രകൃതിയിലെ വസ്തുക്കള്‍ തന്നെ ദിനവും പരസ്പരം പ്രണയിക്കുകയാണ് എന്ന് തോന്നും .പ്രകൃതിയിലെ ഘടനയും അങ്ങനെ തന്നെ . അതുകൊണ്ടാകും കവികള്‍ അവരുടെ മുഖ്യ വിഷയമായി പ്രണയത്തെ തിരഞ്ഞെടുത്തിരിക്കുന്നത് . മറ്റൊന്നും ഇത്രമേല്‍ എഴുതി ഫലിപ്പിക്കുവാന്‍ ഉള്ള കഴിവുകേട് കൊണ്ടാണ് എന്നൊന്നും ആരും പറയില്ല . എത്ര എഴുതിയാലും തീരാത്ത ഉറവയാണ് പ്രണയം .
ചില ഭ്രാന്തന്‍ കവികള്‍ ( ? ) തിരിച്ച് തെറി വിളിക്കാത്ത മരങ്ങളെ പ്രണയിക്കുന്നു . ചിലര്‍ പ്രകൃതിയെ പ്രണയിച്ചു വാഴ്ത്തിപ്പാടുന്നു . മറ്റ് ചിലര്‍ മരിച്ചു പോയവരെയും ,നഗരത്തെയും പ്രണയിക്കുന്നു . ബൂലോകത്തില്‍ അങ്ങനെ വിവിധ തലങ്ങളില്‍ കൂടി പ്രണയ പരീക്ഷകള്‍ നടക്കുകയാണ് . ചിലര്‍ക്ക് പ്രണയിച്ചു പ്രണയിച്ചു പനി പിടിച്ചു. പ്രണയത്തിന്റെ വിവിധ തലങ്ങളില്‍ കൂടി സഞ്ചരിക്കുവാന്‍ ഞാന്‍ ഇപ്പോള്‍ ആഗ്രഹിക്കുന്നില്ല .

പ്രണയത്തിന് ചീഞ്ഞ തൊണ്ടിന്റെ ദുര്‍ഗന്ധം എന്ന് പറഞ്ഞവനെ കടലാമണക്കും പത്തലുകൊണ്ട് അടിക്കണം . പരിപാവനമായ പ്രണയത്തില്‍ മണ്ണ് വാരിയിട്ടവന്‍. ഒരു കാലത്തും പൊറുക്കാന്‍ കഴിയാത്ത തെറ്റാണ് അവന്‍ ചെയ്തത് . പ്രണയം നല്ലതാണ് , പക്ഷേ വാര്‍ദ്ധക്യത്തിലെ പ്രണയം കുട്ടികളില്‍ മീസില്‍സ് വരുന്നത് പോലെയാണ് എന്നും മറ്റൊരാള്‍ പറഞ്ഞിട്ടുണ്ട് .

പുതു കവിതകളിലോ കവികളിലോ കാര്യമായ കേള്‍ക്കാന്‍ കഴിയുന്നില്ല എന്നതാണ് മറ്റൊരു പ്രശസ്ത നിരൂപകന്‍ ആരോപിക്കുന്നത് . മാറ്റങ്ങളും കാലോച്ചകളും കേള്‍ക്കാന്‍ കഴിയുന്നില്ല എന്നതാണ് മറ്റൊരു പ്രശസ്ത നിരൂപകന്റെ പരിദേവനം . പുതുകവികളുടെ മേല്‍ മണ്ണ് ഇളക്കി ഫാക്ടം ഫോസ് 20- 20- 0-15 , എല്ല് പൊടി , ചാണക പൊടി എന്നിവ സമാസമം മിശ്രിതമാക്കി കൊടുത്താല്‍ കൂടുതല്‍ വിള ലഭിക്കുവാന്‍ ഇടയുണ്ട് . മൂത്ത് നരച്ചു കായഫലം ഇല്ലാത്ത പഴയ കവികളെ മൂടോടെ വെട്ടി മാറ്റി തീയിലിട്ടാല്‍ മറ്റുള്ള പുതിയ കവികളുടെ വളര്‍ച്ചക്ക് സഹായകരമാകും .

പ്രണയം എന്ന വിഷയത്തില്‍ എന്‍റെ ശ്രദ്ധയില്‍ പെട്ട പ്രശസ്തരായ രണ്ട് കവികളുടെ കവിതകളാണ് ഇന്ന് നിങ്ങളുടെ മുന്നില്‍ വെയ്ക്കുന്നത് .ബൂലോകത്ത് തന്റേതായ വ്യക്തിത്വങ്ങള് തെളിയിയിച്ച രണ്ട് മഹാശക്തികള്‍. രണ്ട് വ്യത്യസ്ത ധ്രുവങ്ങളില്‍ നില്‍ക്കുന്ന ഇവരെ ഒരേ വേദിയില്‍ കൊണ്ടുവരാന്‍ സാധിച്ചത് ഒരു മഹാ ഭാഗ്യമായി തന്നെ ഞാന്‍ കരുതുന്നു .ഒന്ന് മലയാളകവിതയുടെ തലതൊട്ടപ്പന്‍ ശ്രീ .സുനില്‍ പണിക്കര്‍ . മറ്റൊന്ന് ബൂലോക കവിതയുടെ നാഡീ സ്പന്ദനവും ഈ-പത്രത്തില്‍ വനിതാ വേദി കൈകാര്യം ചെയ്യുന്ന ശ്രീമതി . ദേവസേന എന്നിവരാണ് നമ്മോടൊപ്പം ഉള്ളത് .രണ്ട് പേരെയും ഇതില്‍ കൂടുതല്‍ ഒരു പരിചയപ്പെടുത്തലിന്റെ ആവശ്യം ഉണ്ട് എന്നെനിക്ക് തോന്നുന്നില്ല .

ഉറങ്ങാതിരിക്കുക നഗരമേ നീയെനിക്കുക്കൂട്ടായ്‌
നമ്മളന്യോന്യമീവിധം നെഞ്ചോടുചേരുക,

നിന്നിലേയ്ക്കെന്നെ നീ നിത്യമുള്ളിൽക്കൊരുക്കുക...

 നഗരത്തെ പ്രണയിക്കുന്ന സുനില്‍ പണിക്കരുടെ ഹസാർവില്ലയിലെ രാത്രികൾ..എന്ന കവിതയിലെ മുകളിലെ വരികള്‍ മാത്രം മതി കവിതയുടെ തീവ്രത അളക്കുവാന്‍ . ഷാര്‍ജയിലെ ഹസാര്‍ വില്ലയില്‍ ഇരുന്ന് രാത്രി മുഴുവന്‍ ആനന്ദിക്കുന്ന കവി . രാത്രിയെ കവി പ്രണയിക്കുകയാണ് . അതി തീവ്രമായിട്ടുള്ള പ്രണയം . അതില്‍ പ്രണയത്തിന്റെ മൂര്‍ധന്യ ഭാവത്തിലാണ് നഗരത്തിലെ രാത്രിയെ " കള്ളി " എന്ന് വിളിക്കുന്നത്‌ . ഷാര്‍ജയിലെ ഹസാര്‍ വില്ലയെ പറ്റി ഞാന്‍ വിശദമാക്കുവാന്‍ ആഗ്രഹിക്കുന്നില്ല . ബംഗാളികളും ,പട്ടാണികളും ,പഞ്ചാബികളും മലബാറികളും തിങ്ങി നിറഞ്ഞ ഹസാര്‍ വില്ലയില്‍ രാത്രികാലം എന്താണ് കവി ചെയ്യുന്നത് എന്ന് പറയുവാന്‍ വിസ്താര ഭയത്താല്‍ ഞാന്‍ മടിക്കുന്നു .

ദേവസേനയുടെ മരണാനന്തരം എന്ന കവിത ഒരു പടി കൂടി മുന്നിലാണ് .പട്ട ചാരായമടിച്ച് വട്ടമെത്തുന്നതിന് മുന്‍പേ ചത്തുപോയ ആരെയോ സ്വപനത്തില്‍ കണ്ടുകൊണ്ട്‌ മതിവരാത്ത രതിയെ ഓര്‍ത്ത്‌ പാടുന്ന ഒരു പ്രണയിനിയെയാണ് ആ കവിതയില്‍ കാണാന്‍ കഴിയുന്നത്‌ .. പള്ളിപ്പറമ്പിലും അടുത്തടുത്ത് കിടക്കണം എന്ന ഒരു സാധാ വീട്ടമ്മയുടെ സ്വരം . ആ സ്വപ്നത്തിനും കള്ളിന്റെ മധുരിമയോ പട്ടയുടെ നാറ്റമോ എന്തെല്ലാമോ കാണാന്‍ കഴിയുന്നുണ്ട് . ഇവിടെ നമ്മള്‍ ഉയിര്‍പ്പ് എന്ന കഥ ഓര്‍ക്കുന്നത് നന്നാകും എന്നാണ് എന്‍റെ അഭിപ്രായം .ഈ കവിതയെ കുറിച്ചും കൂടുതലായി ഒരു വിശദീകരണം നല്‍കുവാന്‍ ഞാന്‍ ആഗ്രഹിക്കുന്നില്ല .

അങ്ങനെ ബൂലോകത്തില്‍ ആകെ പ്രണയ മഴകള്‍ തൂകി പരിലസിച്ചു നില്‍ക്കുകയാണ് പ്രശസ്തരായ കവികള്‍ .മറ്റ് ചില കവികള്‍ക്ക് ഭൂഗുരുത്വം മുലഗുരുത്വമായും തോന്നുന്നുണ്ട് . വേറെ ചില കവികള്‍ക്ക് പൂച്ച , പട്ടി എന്നീ വളര്‍ത്തു മൃഗങ്ങളോടാണ് ഈ ആഴ്ച പ്രണയം തോന്നുന്നത് .ആണെഴുത്തായാലും പെണ്ണെഴുത്തായാലും ഒരു കുറ്റിയില്‍ കെട്ടിയിട്ട ക്ടാവിനെ പോലെ വെറുതെ വട്ടം കറങ്ങുകയല്ലാതെ ശക്തമായ പ്രമേയങ്ങളോ കവിതകളോ കണ്ടില്ല എന്ന് വേണം പറയുവാന്‍ .

 മറ്റൊരു നിരൂപണവുമായി ഞാന്‍ ഉടനെ എത്തും .അതുവരെ ഗുഡ് ബൈ .


ജയഹോ

3 അഭിപ്രായങ്ങൾ:

ബഷീർ പറഞ്ഞു...

ബൂലോകമല്ലേ.. നടക്കട്ടെ..

മുഹമ്മദ്‌ സഗീർ പണ്ടാരത്തിൽ പറഞ്ഞു...

ആരേയാണ് കവികള്‍ എന്നു വിളിക്കുന്നത് ?
എന്താണ് കവിത എന്നു പറഞ്ഞാല്‍ ?
എന്നോട് തന്നെ ഞാന്‍ ചോദിക്കട്ടെ !
നിങ്ങള്‍ക്കും ഉത്തരം നല്കാം,പക്ഷെ പൂര്‍ണത എത്രമാത്രം !

സഹമ്മദ് മുഗീർ ഭണ്ടാരം പറഞ്ഞു...

അപൂർണ്ണതയുടെ ആക്രാന്തനങ്ങളിൽ
എന്തുകൊണ്ടെന്നെ ആരും കവി എന്നു വിളിക്കുന്നില്ല..? ഷിറ്റ്...ജസ്റ്റ്...
ഫെബ്രുവരി ദാറ്റ്.. മാർച്ച്...ഏപ്രിൽ ഫുല്ലേ....!