വ്യാഴാഴ്‌ച

ലവ് ജിഹാദി

മുക്കവലയില്‍ പതിവ് പോലെ അന്നും സന്ധ്യയായി . എല്ലാ സന്ധ്യകളും പോലെ  ആ സന്ധ്യയും  മുക്കവലയില്‍ പറയത്തക്ക വ്യത്യാസങ്ങള്‍ ഒന്നും തന്നെ വരുത്തിയില്ല  . നാട്ടിന്‍ പുറത്തിന്റെ നന്മകള്‍ നിറഞ്ഞ ഒരു സാദാ മുക്കവല .ഗ്രാമത്തിലെ വെടിവട്ടക്കാര്‍ എല്ലാവരും വാസുവിന്റെ ചായക്കടയില്‍ കൂടിയിട്ടുണ്ട് .ഗ്രാമത്തിലെ , പഞ്ചായത്തിലെ , കേരളത്തിന്റെ ,ഭാരതത്തിന്റെ തുടങ്ങി  ലോകത്തിലെ എല്ലാ കാര്യങ്ങളും ആ ചായക്കടയില്‍ എല്ലാ ദിവസങ്ങളും പോലെ ചര്‍ച്ചകള്‍ ആരംഭിച്ചു .  വാസു ചായ നീട്ടിയും കുറുക്കിയും അടിച്ച് കൊണ്ടേ ഇരുന്നു. ഇടയ്ക്കിടെ ഉണ്ടപ്പൊരികളും  പരിപ്പ് വടകളും ചില്ലരമാരിയും കടന്ന് പലരുടെയും ആമാശയത്തിലെത്തി ആശയങ്ങളായി പുറത്തേക്ക് വമിച്ചു  .അടുത്തുള്ള തങ്കച്ചന്റെ പലചരക്ക് കടയിലും പതിവ് തിരക്കുകള്‍ തന്നെ . വൈകുന്നേരത്തെ ചന്തയില്‍ മീന്‍ വാങ്ങുവാന്‍ പോകുന്ന പെണ്ണുങ്ങളുടെ മുന്‍ഭാഗത്തും പിന്‍ഭാഗത്തും കുറെയധികം കണ്ണുകള്‍ ചായക്കടയില്‍ നിന്നും പലചരക്ക് കടയില്‍ നിന്നും പോയി പതിക്കുന്നു എന്നതൊഴിച്ചാല്‍ മറ്റ് ഭീകര സംഭവങ്ങള്‍ ഒന്നും തന്നെ അവിടെ നടക്കുന്നില്ല എന്ന് തന്നെ പറയാം .

നാട്ടിലെ നിലപ്പനടിക്കാരെല്ലാം കൂടുന്നത് അടുത്തുള്ള പൂച്ച ജനാര്‍ദ്ധനന്റെ മാടക്കടയിലാണ് .പണ്ടെങ്ങോ കരിംമ്പൂച്ചയെ വാറ്റിയടിച്ചതുകൊണ്ടാണ് പോലും ജനാര്‍ദ്ധനനെ പൂച്ച എന്ന് കൂടി ചേര്‍ത്ത് വിളിക്കുനതെന്ന് പഴമക്കാര്‍ പറയുന്നു .കഥ എന്തായാലും വാറ്റ് , പൂച്ചയുടെ ജന്മാവകാശം പോലെ ഇപ്പോഴും തുടരുന്നുണ്ട് .സോഡാ വിത്ത്‌ വാറ്റ് പൂച്ചയുടെ കടയില്‍ എപ്പോഴും സുലഭം . പലവട്ടം പോലീസ് പൊക്കിയെങ്കിലും കച്ചവടം ഇപ്പോഴും അതേ പോലെ തുടരുന്നു . ഇപ്പോള്‍ പക്ഷേ ഒറ്റു കൊടുക്കാത്ത സ്ഥിരം പറ്റുപടിക്കാര്‍ക്ക് മാത്രമേ പൂച്ച വാറ്റ് കൊടുക്കുകയുള്ളൂ എന്ന് മാത്രം .

അങ്ങനെ തികച്ചും സമാധാനപരമായ അന്തരീക്ഷത്തിലേക്കാണ്  നാട്ടിലെ പ്രധാന റൌഡി അണലിജമാല്‍ ചാടി വീണ് ഭീകരാന്തരീക്ഷം സൃഷ്ടിക്കുന്നത് . അണലിയെ കണ്ടാല്‍ സാധാരണക്കാര്‍ അടുക്കില്ല . പെണ്ണുങ്ങള്‍ കഴിവതും അണലിയുടെ കണ്‍മുന്നില്‍ പെടാതെ സൂക്ഷിച്ചാണ് നടപ്പ് . കുട്ടികളെ അമ്മമാര്‍ ആ നാട്ടില്‍ പേടിപ്പിച്ചു ഭക്ഷണം കഴിപ്പിക്കുന്നതും ജമാലിന്റെ പേര് പറഞ്ഞാണ് . കുട്ടികള്‍ക്ക് ജമാല്‍ എന്ന പേര് കേള്‍ക്കുമ്പോള്‍ തന്നെ നിക്കറില്‍ തനിയെ മൂത്രം വീണുപോകും .

അണലി രാവിലെമുതല്‍ പൂച്ചയുടെ മാളത്തില്‍ ഉണ്ടായിരുന്നു എന്നും ,അതല്ല ഇപ്പോള്‍ പോയ ബസില്‍ വന്നിറങ്ങിയതാണ് എന്നും രണ്ട് രീതിയിലുള്ള കുശുകുശുപ്പുകള്‍ കാഴ്ചകള്‍ കാണാന്‍ കൂടി വന്ന ജനങ്ങള്‍ നടത്തുന്നുണ്ട് എങ്കിലും ജമാലിന്റെ അടുക്കലേക്ക്‌ അടുക്കുവാന്‍ ആരും ധൈര്യം കാണിച്ചില്ല . ഊരിപ്പിടിച്ച കഠാരയുമായാണ് അണലിയുടെ നില്‍പ്പ് . ഇടയ്ക്കിടെ സ്വന്തം ശരീരത്തില്‍ കുത്തി ദേഹമാസകലം ചോരയും ഒലിപ്പിച്ചുകൊണ്ടുള്ള ആ നില്പ് കണ്ടാല്‍ സാധാരണപ്പെട്ടവര്‍ അടുക്കില്ല .

 അടുക്കരുത് നായിന്റെ മക്കളെ . കുത്തിക്കീറിക്കളയും !! അണലി കഠാര വീശി അലറി .

അണലി പെട്ടന്നിങ്ങനെ വിഷം ചീറ്റുവാനുള്ള കാരണത്തെക്കുറിച്ച് ചായക്കടയിലും പലചരക്ക് കടയിലും ആളുകള്‍ തലപുകഞ്ഞ് ആലോചിച്ചു .ചോദ്യ ചിഹ്നങ്ങള്‍ പേറുന്ന കണ്ണുകളും കയ്യുകളും പരസപരം സംസാരിച്ചു . വാസുവിന്റെ ചായ അന്തരീക്ഷത്തില്‍ നിശ്ചലമായി .

സാധാരണ അണലി പട്ടയും കഞ്ചാവും അടിച്ച് മാളത്തില്‍ കയറുകയാണ് പതിവ്. ഗ്രാമത്തിലെ മീന്‍ കച്ചവടക്കാരനാണ് ജമാല്‍ .രാവിലെ മുതല്‍ വീട് വീടാന്തരം മീന്‍ വിറ്റു കഴിഞ്ഞാല്‍ വീട്ടില്‍ പോയി കുളിച്ചതിനു ശേഷം പൂച്ചയുടെ മാളത്തില്‍ കയറും . ഇന്ന് ജമാല്‍ മീന്‍ കച്ചവടത്തിനും പോയിട്ടില്ല എന്നതാണ് ഏറ്റവും പുതിയ അറിവ് . ഗ്രാമത്തില്‍ വഴക്കുകള്‍ ഉണ്ടാകുന്നതിന്റെ പിന്നിലെ പ്രധാന കാരണം ജമാലാണ് എന്നതാണ് പൊതുവേയുള്ള ജനസംസാരം .

പൊതുജീവിതത്തിന് തടസം സൃഷ്ടിക്കുന്ന ഇവനെ നിലക്ക് നിര്‍ത്താന്‍ ആരുമില്ലേ എന്ന് ആണുങ്ങള്‍ പരസപരം സംസാരിച്ചു .ആ സമയത്താണ് മരിച്ചു പോയ പട്ടാളക്കാരന്‍ വിജയന്‍റെ ഭാര്യ ദേവകി ചന്തയില്‍ മീന്‍ വാങ്ങാന്‍ വന്നത് .‍ വിജയന്‍ പട്ടാളത്തില്‍ വെച്ച്‌ അപകടത്തില്‍ മരിച്ചു എന്നും അതല്ല ദേവകിയമ്മയുടെ നല്ലനടപ്പ്‌ കാരണം ആത്മഹത്യ ചെയ്തു എന്നും ആളുകള്‍ പറയുന്നുണ്ടെങ്കിലും ആ നാട്ടിലെ ആണുങ്ങളെക്കാള്‍ തണ്ടും തടിയും തന്റെടവുമുണ്ട് ദേവകിക്ക് .അതുകൊണ്ടാണല്ലോ ആളുകള്‍ അപവാദം പറയുമ്പോഴും തന്റെടത്തോട് കൂടി ഇറങ്ങി നടക്കുന്നതും ഭര്‍ത്താവിന്റെ മരണശേഷവും ഒറ്റത്തടിയായി ജീവിക്കുന്നതും . വിജയന്‍ പട്ടാളത്തില്‍ ആയിരുന്നപ്പോഴും മരിച്ചതിനു ശേഷവും രാത്രിയില്‍ പലരും അവിടെ നിന്നും ഇറങ്ങി പോകുന്നത് പലരും കണ്ടിട്ടുണ്ടത്രേ !!.ഗ്രാമത്തിലെ സന്ധ്യകളില്‍ പലരും ദേവകിയുടെ വേലിക്കല്‍ നിന്ന് ചൂളം വിളിച്ചിട്ടുണ്ടെങ്കിലും ദേവകി അതൊന്നും കാര്യമാക്കാന്‍ പോയിട്ടില്ല .പലരും ഇപ്പോള്‍ ജമാലിനെയും ദേവകിയും ചേര്‍ത്താണ് ഒരോ കഥകള്‍ മെനയുന്നത് .


ദേവകിയെ കണ്ടപാടെ ആള്‍ക്കൂട്ടം ഒന്നിളകി .പെണ്ണുങ്ങള് വരാന്‍ അറയ്ക്കുന്ന ഈ നേരത്ത് ഇവളിതെന്തിനുള്ള പുറപ്പാട് എന്ന് ആളുകള്‍ മൂക്കത്ത് വിരല്‍ വെച്ചു.പെട്ടന്നാണ് ജമാലില്‍ ഒരു ഭാവമാറ്റം കാണുന്നത് . ജമാല്‍ ഓടി ദേവകിയുടെ അടുക്കല്‍ എത്തി ആ കയ്കളില്‍ മുറുക്കെ പിടിച്ചു കൊണ്ട് കത്തി ഉയര്‍ത്തി .കൂടിനിന്നവര്‍ ആകെ അമ്പരന്നു . എന്തും ചെയ്യാന്‍ മടിക്കാത്തവനാണ് ജമാല്‍ . കണ്മുന്നില്‍ ഒരു കൊലപാതകം കൂടി കാണാന്‍ ഉള്ള ശേഷിയില്ലാത്തവര്‍ എല്ലാം കണ്ണുകള്‍ ഇറുക്കെ അടച്ചു .എന്നാല്‍ ദേവകിയില്‍ കാര്യമായ ഭാവ വ്യത്യാസങ്ങള്‍ കാണാത്തതിനാല്‍ നാട്ടുകാര്‍ വീണ്ടും ഞെട്ടി .

തുടരുന്നു

6 അഭിപ്രായങ്ങൾ:

പട്ടേപ്പാടം റാംജി പറഞ്ഞു...

വെറുതെ ടെന്‍ഷന്‍ അടുപ്പിച്ചു.

ഇനിയെന്തെങ്കിലും നടക്കുമോ ആവോ.

Martin Tom പറഞ്ഞു...

athe athe !!

Martin Tom പറഞ്ഞു...

ഇത് ഒരു മാതിരി മറ്റോടത്തെ ഇടപാടയിപോയി !! :) :)

പള്ളിക്കുളം.. പറഞ്ഞു...

തുടരൂ ബാറ്റൺ ബോസ്..

sunil panikker പറഞ്ഞു...

ഇപ്പൊ ആക്ഷൻ ത്രില്ലറും എഴുതിത്തുടങ്ങിയോ..?
ഒറ്റവരി പറഞ്ഞപോലെ ഇതൊരു മാതിരി മറ്റേടത്തെ എടപാടായിപ്പോയി. ഇതെന്താ മംഗള-മനോരമ സ്റ്റൈൽ ആണോ..?

മേല്‍പ്പത്തൂരാന്‍ പറഞ്ഞു...

ഇക്കണക്കിനു പോയാൽ കാപ്പുവിനെ മനോരമക്കാരു പൊക്കിക്കോണ്ടു പോകും..::(:(