ബുധനാഴ്‌ച

2009 ഡിസംബര്‍ 31

എന്‍റെ പ്രിയപ്പെട്ട ഡിസംബര്‍,

വട വൃക്ഷത്തിന്‍ അവസാന പത്രവും
പറിച്ചു നീ പോകുമ്പോഴും , അതില്‍
വൃത്തത്തില്‍ ഒരു കളം പോലും
വരച്ചില്ലല്ലോ എന്നോര്‍ത്ത് ഞാന്‍ ഒരിക്കലും ദു:ഖിക്കില്ല !

കലണ്ടറിന്‍ അക്കങ്ങള്‍ ഇത്രവേഗം മാഞ്ഞുപോകുമ്പോഴും ,അതില്‍
മുക്കാലും എനിക്കക്ഷരതെറ്റുകള്‍
എന്നോര്‍ത്തും ഞാന്‍ സങ്കടപ്പെടില്ല .

നീ എനിക്കെന്നും പ്രിയപ്പെട്ടവള്‍ തന്നെയായിരുന്നു

ഒരു കുന്നോളം മോഹങ്ങള്‍ .
അതിലൊരു നുള്ളോളം സാഫല്യങ്ങള്‍ .
നിറഞ്ഞ ആകാശം .അതില്‍
നിറയെ നക്ഷത്രക്കുഞ്ഞുങ്ങള്‍
ഇത്രയും നാള്‍ പാര്‍ക്കാന്‍ ഈ ഹരിത ഭൂമി
വാനത്തിന്റെ അങ്ങേ ചരുവില്‍ ഒരു സുവര്‍ണ്ണ താരകം
മലയോളം മഞ്ഞും , കടലോളം മഴയും
മഞ്ഞിറങ്ങുന്ന ചുവന്ന മൂക്കുള്ള റുഡോള്‍ഫ് മാനും
കുഞ്ഞ് വിളക്കുകള്‍ തൂക്കിയ മരങ്ങളും
മരങ്ങള്‍ക്കിടയില്‍ ഒരു മാലാഖ കുഞ്ഞും
നിറയെ പ്രതീക്ഷകളും ആര്‍പ്പും വിളികളും
ഒക്കെയും നീ തന്നതല്ലേ ?

ഒട്ടേറെ സങ്കടങ്ങള്‍ കണ്ടിട്ടാണെങ്കിലും
എന്‍റെ പ്രിയപ്പെട്ട ഡിസംബര്‍ ,
നീ സന്തോഷത്തോടെ ഇപ്പോള്‍ പോകുക
കാത്തിരിക്കാം ഞാന്‍ കണ്ണടയുവോളം

6 അഭിപ്രായങ്ങൾ:

കാപ്പിലാന്‍ പറഞ്ഞു...

എല്ലാവരും ഡിസംബറിനെ കുറിച്ച് കവിതയെഴുതുന്നു . കിടക്കട്ടെ എന്‍റെ വക ഒരു ഗവിതയും

ഞാന്‍ ആചാര്യന്‍ പറഞ്ഞു...

"ഒരു കുന്നോളം മോഹങ്ങള്‍ .
അതിലൊരു നുള്ളോളം സാഫല്യങ്ങള്‍"

wow

അജ്ഞാതന്‍ പറഞ്ഞു...

ഇതാണല്ലേ, ഡിസംബറില്‍ എന്തെക്കൊയോ നടക്കും എന്ന് നിങ്ങള്‍ പറഞ്ഞു നടന്നത്......എന്നിട്ടെന്തായി ?

SUNIL V S സുനിൽ വി എസ്‌ പറഞ്ഞു...

“ഒട്ടേറെ സങ്കടങ്ങള്‍ കണ്ടിട്ടാണെങ്കിലും
എന്‍റെ പ്രിയപ്പെട്ട ഡിസംബര്‍ ,
നീ സന്തോഷത്തോടെ ഇപ്പോള്‍ പോകുക
കാത്തിരിക്കാം ഞാന്‍ കണ്ണടയുവോളം..”

നല്ല വരികൾ..
ഈ കവിത വളരെ മനോഹരമായിരിക്കുന്നു കാപ്പൂ..

മുഹമ്മദ്‌ സഗീർ പണ്ടാരത്തിൽ പറഞ്ഞു...

നന്നായിരിക്കുന്നു, കവിതയുടെ പേര്‍ ‘ഡിസംബര്‍‘ എന്ന് മാത്രം മതിയായിരുന്നു

jayanEvoor പറഞ്ഞു...

കൊള്ളാം കാപ്പിലാന്‍!

"നീ സന്തോഷത്തോടെ ഇപ്പോള്‍ പോകുക
കാത്തിരിക്കാം ഞാന്‍ കണ്ണടയുവോളം"

അടുത്ത ഡിസംബറിനു അത്രത്തോളം കാത്തിരിക്കണോ!?