ബുധനാഴ്‌ച

ആറാമിന്ദ്രിയം

പ്രണയത്തിന് മുല്ലപ്പൂവിന്റെ ഗന്ധം
എന്ന് പറഞ്ഞവന്റെ മൂക്ക് ചെത്തണം
ഒരു സെന്‍സുമില്ലാത്ത  പഹയന്‍ !!

ആര്‍ത്തിരച്ചു വരുന്ന കടല്‍ത്തിരകളുടെ ആവേശം ?!
കടലിന്റെ ശാന്തത ?
നറു നിലാവിന്റെ വെണ്മ ?

ഛേ  അതൊന്നുമായിരിക്കില്ല പ്രണയം !!

കവിതയില്‍ കണക്ക് കൂട്ടാന്‍ പാടുണ്ടോ എന്നറിയില്ല
കവിതകളില്‍ ആദ്യം കണക്ക് പഠിച്ചത് ആരായിരിക്കും ?

പ്രണയത്തെ ജീവിതം കൊണ്ട്
കൂട്ടുകയും ഹരിക്കുകയും ഗുണിക്കുകയും
ചെയ്‌താല്‍ കിട്ടുന്ന ഫലം ശൂന്യമായിരിക്കും .

ഉറപ്പ് .

അല്ലെങ്കില്‍ നീ കൂട്ടി നോക്ക് !

തേങ്ങാ പൊതിച്ച്‌ വലിച്ചെറിഞ്ഞ തൊണ്ട് പോലെയാണ് പ്രണയം .
കായലോരത്തെ ചീഞ്ഞ തൊണ്ടിന്റെ ഗന്ധമാണ് പ്രണയത്തിന് .
തല്ലിയും നൂര്‍ത്തും ഇഴപിരിച്ചും ഇഴകോര്‍ത്തും
ഒരു താലി ചരടിലോ ഒരു തുണ്ട് കയറിലോ
ഒടുങ്ങുന്ന ജീവിതങ്ങള്‍ !!

അല്ലെങ്കില്‍ ആമത്തോട് പോലെയാകണം പ്രണയം .
ജീവിതമെന്ന രക്ഷാകവചവും ചുമന്ന്,
ഉള്ളിലേക്ക് സ്വയം വലിഞ്ഞ് , സ്വയം മറന്ന്
വലിച്ചു വലിച്ചു നീങ്ങുന്ന കുറെ ആമജീവിതങ്ങള്‍ !

14 അഭിപ്രായങ്ങൾ:

Pappu Houston പറഞ്ഞു...

kavitha kollam. cheenja thondinte gandham njanum idakkokke arinjitttunde. kaviyum ee njanum oru naattukaran aanne!. Aamathodil valiyunnathu vayichappozha sankadam vanne. ippo akathottu valinju poyathu purathottu varunnilla. ividuthe thapuppukondarikkum alle vayanakkare?. Ishwaro raksha. Swamiyeeee sharanam ayyappa.

Sabu Kottotty പറഞ്ഞു...

അത്തുതന്നെ...
ഒരു താലിച്ചരടിലോ ഒരുതുണ്ടു കയറിലോ ഒടുങ്ങണം...

...ആശംസകള്‍...

Seek My Face പറഞ്ഞു...

പ്രണയത്തിന് മുല്ലപ്പൂവിന്റെ ഗന്ധം
എന്ന് പറഞ്ഞവന്റെ മൂക്ക് ചെത്തണം
ഒരു സെന്‍സുമില്ലാത്ത പഹയന്‍ !!
ഇത് കലക്കി .....
തേങ്ങാ പൊതിച്ച്‌ വലിച്ചെറിഞ്ഞ തൊണ്ട് പോലെയാണ് പ്രണയം .
കായലോരത്തെ ചീഞ്ഞ തൊണ്ടിന്റെ ഗന്ധമാണ് പ്രണയത്തിന് .
തല്ലിയും നൂര്‍ത്തും ഇഴപിരിച്ചും ഇഴകോര്‍ത്തും
ഒരു താലി ചരടിലോ ഒരു തുണ്ട് കയറിലോ
ഒടുങ്ങുന്ന ജീവിതങ്ങള്‍ !!
ഇത് ജീവിതം ....സൂപ്പെര്‍ മാഷേ ...

പ്രയാണ്‍ പറഞ്ഞു...

കുറച്ചൊക്കെ അതിശയോക്തി കവിതയില്‍ പറഞ്ഞിട്ടുള്ളതാണെങ്കിലും ചീഞ്ഞതൊണ്ടിന്റെ മണം കുറച്ചു കൂടിപ്പോയി കാപ്പിലാന്‍ ......ആലപ്പുഴയായോണ്ടാവുമല്ലെ.....ഏതോ അടുക്കളയില്‍ ഒരു നിരൂപണം തിളച്ചുമറിയുന്നതിന്റെ മണമടിക്കുന്നുണ്ട്.....:)

സന്തോഷ്‌ പല്ലശ്ശന പറഞ്ഞു...

"ആമജീവിതങ്ങള്‍" എന്ന പ്രയോഗം എനിക്ക്‌ ഇഷ്ടപ്പെട്ടു.

ബോണ്‍സ് പറഞ്ഞു...

നന്നായി...ഞാന്‍ നിരൂപിക്കണോ?

ഓട്ടകാലണ പറഞ്ഞു...

പ്രണയത്തിന്റെ ഗന്ധമറിയാന്‍ ശ്രമിക്കുന്നവന്‍
സ്വന്തം വായനാറ്റവും ചേര്‍ത്ത് അതിനെ മണത്താലോ?

വീകെ പറഞ്ഞു...

ജീവിതമെന്ന രക്ഷാകവചവും ചുമന്ന്,
ഉള്ളിലേക്ക് സ്വയം വലിഞ്ഞ് , സ്വയം മറന്ന്
വലിച്ചു വലിച്ചു നീങ്ങുന്ന കുറെ ആമജീവിതങ്ങള്‍

സത്യമാണ് കാപ്പിലാനെ...!!
ആശംസകൾ...

Jayesh/ജയേഷ് പറഞ്ഞു...
രചയിതാവ് ഈ അഭിപ്രായം നീക്കംചെയ്തു.
Jayesh/ജയേഷ് പറഞ്ഞു...

ഉത്തരാധുനികം ആണല്ലേ..മനസ്സിലായി.ഇതേ പാറ്റേണില്‍ ഒരെണ്ണം എവിടെയോ വായിച്ചതായി ഓര്‍ മ്മ

ഗീത പറഞ്ഞു...

കാലം ചെല്ലുന്തോറുമാണ് കാപ്പൂ പ്രണയത്തിന് പലപല ഗന്ധവും ഭാവവും ഒക്കെയുണ്ടാകുന്നത്. പ്രണയത്തിനു തുടക്കത്തില്‍ മുല്ലപ്പൂഗന്ധം തന്നെ.
ഒടുക്കത്തില്‍ ചീഞ്ഞതൊണ്ടിന്റെ ഗന്ധമാകുമായിരിക്കും അല്ലേ?

Sapna Anu B.George പറഞ്ഞു...

കുറെ നാളുകൾക്കു ശേഷം ആണിവിടെ എത്തിയതും വായിച്ചതും

Muralee Mukundan , ബിലാത്തിപട്ടണം പറഞ്ഞു...

പ്രണയത്തിന്റെ പ്രയാണമാണ് ഭായി വിവരിച്ചിരിക്കുന്നത് കേട്ടൊ
മുല്ലപ്പൂവിൽ നിന്നും ചകിരിത്തൊണ്ട് തേടിയുള്ള ഒരു ആമയോട്ടം!

വിരോധാഭാസന്‍ പറഞ്ഞു...

പ്രണയത്തെ ജീവിതം കൊണ്ട്
കൂട്ടുകയും ഹരിക്കുകയും ഗുണിക്കുകയും
ചെയ്‌താല്‍ കിട്ടുന്ന ഫലം ശൂന്യമായിരിക്കും .


എല്ലാം പൂജ്യങ്ങള്‍..വെറും വട്ടപ്പൂജ്യങ്ങള്‍..!