ശനിയാഴ്‌ച

ഗഫൂറിക്കായുടെ സ്വന്തം സുഹറാ

786

ഒബില്ലാഹി തൗഫിക്

കണ്ണിന്റെ കണ്ണും കരളിന്റെ കരളുമായ ഗഫൂറിക്കാക്ക് പ്രിയത്തില്‍ ഇക്കാടെ മുത്തിന്റെ സ്നേഹത്തില്‍ പൊതിഞ്ഞ കുത്ത് .

ഇക്കാ  അവിടെ പടച്ചോന്റെ കൃപയാല്‍ സുഖമായിരിക്കുന്നു എന്ന് കരുതട്ടെ . ഇക്കാടെ പ്രാര്‍ത്ഥന കൊണ്ട് ഇവിടേം സുഖമായി പോകുന്നു . വളരെ നാളുകളായി ഒരു കത്തയച്ചിട്ട്‌ എന്നറിയാം മുത്ത് മോളോട് പിണങ്ങല്ലേ .ഫോണ്‍ വിളിക്കാന്‍ കാശില്ലാത്തതുകൊണ്ടാണ് ഇപ്പോള്‍ ഈ കത്തെഴുതുന്നത് . തീരെ സമയം ഇല്ലന്ന് മുത്തിനറിയാമല്ലോ.

ഇക്കാ, ഇവിടെ ദുബായില്‍ പഴയത് പോലുള്ള ഒരു ഗുമ്മില്ല . പഴയത് പോലുള്ള വരവും  ഇപ്പോഴില്ല . എല്ലാം തീരെ കുറഞ്ഞിരിക്കുന്നു .ദുബായിലെ കമ്പനി പൂട്ടി വീട്ടില്‍ വരണ്ട ഗതികേട് ഇക്കാടെ മുത്തിന് വരുത്തല്ലേ എന്ന് മുട്ടിപ്പായി പ്രാര്‍ത്ഥിക്കണം . മുത്തിന് വേണ്ടി ഇക്കാ ദുവാ ചെയ്യണം . വരവറിഞ്ഞു ചിലവ് ചെയ്യണം എന്നത് ഓര്‍മ്മയുണ്ടല്ലോ . മൂത്താപ്പ എപ്പോഴും ഈ കാര്യത്തിനാണ് നമ്മളെ വഴക്കു പറയുന്നത് . മീന്‍കാരന്‍ അന്ത്രുവിനു കൊടുക്കാനുള്ള കായെല്ലാം കൊടുത്ത് തീര്‍ക്കണം . വലിയ മീനൊന്നും വാങ്ങല്ലേ ഇക്ക .

മൂത്ത മോള്‍ ഷാഹിന കോളേജില്‍ പോകുമ്പോഴെല്ലാം ശ്രദ്ധിക്കണേ . പണ്ടത്തെ പോലുള്ള ധൂര്‍ത്ത് ഇനി വേണ്ടാ എന്ന് പറയണം . ഇവിടുള്ളവന്മാരെല്ലാം ഇപ്പോള്‍ സാമ്പത്തിക മാന്ദ്യം എന്ന പേരില്‍ വരവ് കുറച്ചു .വെറും കുബ്ബുസും തൈരും മാത്രം കഴിച്ചാണ് ഇപ്പോള്‍ നാളുകള്‍ നീക്കുന്നത് . പഴയ കാര്യങ്ങള്‍ എല്ലാം ഓര്‍ക്കുമ്പോള്‍ അറിയാതെ കണ്ണില്‍ നിന്നും വെള്ളം വരും ഇക്ക .

ഇളയ മോന്‍ ഷുക്കൂറിന്റെ കരപ്പന്‍ എല്ലാം മാറിയോ ഇക്ക . വൈദ്യരെ കണ്ടു നല്ല മരുന്ന് വാങ്ങി കൊടുക്കണം . പണ്ടാരം പിടിച്ച സമയത്ത് അല്ലറ ചില്ലറ സ്വര്‍ണ്ണം വാങ്ങി അതും ഇപ്പോള്‍ വില കുറഞ്ഞു . ആ സമയത്ത് നാട്ടില്‍ പത്തു സെന്റ്‌ പുരയിടം വാങ്ങിയിരുന്നു എങ്കില്‍ അതിനിപ്പോള്‍ എന്തോരം വിലവന്നെനെ അല്ലേ ഇക്ക . ഹിമാറുകള് നമ്മളെ പറഞ്ഞു പറ്റിച്ചു കളഞ്ഞു. സ്വര്‍ണ്ണത്തില്‍ നിക്ഷേപിക്കൂ . സ്വര്‍ണ്ണത്തില്‍ നിക്ഷേപിക്കൂ . അവന്മാരുടെ തലയില്‍ ഇടിത്തീ വീഴണം . എത്ര ദേഹം അനക്കിയാണ് ഇത്തിരി പൊന്നും പണവും ഉണ്ടാക്കുന്നത്‌ എന്ന് ഇവര്‍ ക്കറിയില്ലല്ലോ .ബാക്കി കുട്ടികള്‍ക്കെല്ലാം സുഖമാണ് എന്ന് കരുതട്ടെ ഇക്ക . എല്ലാവരെയും ഇക്ക നല്ലവണ്ണം ശ്രദ്ധിക്കണം . ബാപ്പക്കും ഉമ്മക്കും സുഖമാണ് എന്ന് കരുതട്ടെ .അവര്‍ക്കുള്ള മരുന്നുകള്‍ ഒന്നും കുറയ്ക്കണ്ട .


മുത്തേ . പഞ്ചാര കുടുക്കേ , എത്ര നാളായട നമ്മളിങ്ങനെ മുണ്ടിം പറഞ്ഞും ഇരുന്നിട്ട് . ഓര്‍ത്തിട്ടു കൊത്യാവാണ് , ഇങ്ങനെ പോയാല്‍ ഞാന്‍ ഉടനെ അങ്ങ് വരും .ഗ്ലോബല്‍ വാര്‍മിംഗ് എന്നൊക്കെ പറഞ്ഞാല്‍ ഇക്കാക്ക് മനസിലാകുമോ എന്തോ . ഇക്കാ , ഇവിടെ ഇപ്പോള്‍ ശരിക്കും നീലഗിരി കുന്നു പോലെയാണ് . കഴിഞ്ഞ വട്ടം ലീവിന് അറബിയുടെ കൂടെ നാട്ടില്‍ വന്നപ്പോള്‍ ഞങ്ങള്‍ പോയില്ലേ .ആ സ്ഥലത്തിന്റെ കാര്യങ്ങള്‍ എല്ലാം ഇക്കയോട് പറഞ്ഞിരുന്ന്വല്ലോ . അതേ പോലെ തണുപ്പ് . നമ്മുടെ സൌദിയില്‍ പെരുത്ത മഴയും . ഇടി വെട്ടിയവനെ പാമ്പ്‌ കടിച്ചു എന്ന് പറഞ്ഞത് പോലെയായി എന്‍റെ കാര്യം ഇക്ക . നല്ല തണുപ്പും എന്നാല്‍ ഒരുത്തനെയും കാണുന്നതും ഇല്ല .

കത്ത് ചുരുക്കട്ടെ ഇക്ക . മുത്തിന് വേണ്ടി പ്രാര്‍ത്ഥിക്കണം . ഇക്ക ആരോഗ്യം എല്ലാം നന്നായി നോക്കണം .
സ്നേഹത്തോടെ ഇക്കായുടെ സ്വന്തം
സുഹറ
ഒപ്പ്
 മുത്തം മുത്തം മുത്തം
1 അഭിപ്രായം:

Jikku Varghese പറഞ്ഞു...

ഇത് കാപ്പിലാന്‍ ഇട്ട പോസ്റ്റ്‌ ഒന്നുമല്ല അയാളുടെ പ്രേതമാണ്‌ ഇത് ....ഒര്‍ജിനല്‍ ആള് ബ്ലോഗ്‌ നിര്‍ത്തി എന്നാലെ പറഞ്ഞത്