ബുധനാഴ്‌ച

ലതീഷ് മോഹന്റെ കവിത " വഴി തരുമോ ? കടല വില്‍ക്കാനാണ് " ഒരു പഠനം .

മലയാള ബ്ലോഗില്‍ മുട്ടിന് മുട്ടിന് ഇപ്പോള്‍ കവികളാണ് . അവരെ മുട്ടാതെ ബ്ലോഗിന്റെ ഇടവഴിയില്‍ കൂടി നടക്കാന്‍ വയ്യ എന്ന സ്ഥിതി വിശേഷം ഇന്ന് ബ്ലോഗിന് കൈവന്നിരിക്കുന്നു . എന്നാല്‍ ഞാന്‍ ആ വഴികളില്‍ നിന്നും അല്പം മാറി സഞ്ചരിക്കുവാന്‍ ഇഷ്ടപ്പെടുകയാണ് . ഋതുക്കള്‍ പോലെയാണ്  എന്‍റെ ഇഷ്ടങ്ങളും ഇഷ്ടക്കേടുകളും. അവ  ഇങ്ങനെ മാറി മാറി സഞ്ചരിക്കും .അതുകൊണ്ടാകണം ബ്ലോഗില്‍ കവിത എഴുതുന്നതിനേക്കാള്‍ ‍ , ബ്ലോഗില്‍ എഴുതുന്ന കവിതകള്‍ക്ക് ആസ്വാദനം എഴുതുവാന്‍ ഞാന്‍ ഏറെ ഇഷ്ടപ്പെടുന്നത് ‍. ഒരു ചെറിയ വരിയിലെ കമെന്റുകളില്‍ മാത്രം ഒതുക്കാന്‍ കഴിയാത്ത കവിതകള്‍ മാത്രമേ ‍എന്‍റെ നിരൂപണത്തിനോ ആസ്വാദന കുറിപ്പിനായോ ഞാന്‍ തിരഞ്ഞെടുക്കുകയുള്ളൂ .

ഇന്ന് നിരൂപക സിംഹത്തിന്റെ മുന്നില്‍ കടിച്ചു കീറാന്‍ കിട്ടിയ ഇര , ലതീഷ് മോഹന്‍ കഴിഞ്ഞ ദിവസം ജലം സാധ്യത ഓര്‍മ്മ എന്ന ബ്ലോഗില്‍ എഴുതിയ  "വഴിതരുമോ? കടല വില്‍ക്കാനാണ്"എന്ന കുഞ്ഞാടാണ്‌ . .  ലതീഷിനെ ഞാന്‍ അധികം പരിചയപ്പെടുത്തേണ്ട കാര്യമില്ല എങ്കില്‍ തന്നെയും ചില കാര്യങ്ങള്‍ സൂചിപ്പിക്കാതിരിക്കുവാനും തരമില്ല . ഒരിക്കല്‍ ഞാന്‍ പറഞ്ഞിരുന്നു ലതീഷിന്റെ കവിത മനസിലാക്കണമെങ്കില്‍ ബുദ്ധി വേണം .കൊള്ളാം ,നല്ലത് ,ഗംഭീരമെന്നോ അല്ലെങ്കില്‍ അതിലെ രണ്ട് വരി താഴെ എഴുതി ഒരു സ്മൈലി കൂടി ഇട്ടാലോ അത് മനസിലായി എന്നര്‍ത്ഥം ആകണമെന്നില്ല എന്ന് .ഇപ്പോള്‍ ഇതെഴുതുന്നത് , ഞാന്‍ ആ പോസ്റ്റ്‌ എഴുതിയ സമയത്ത് എന്‍റെ ബുദ്ധി വളര്‍ന്നിട്ടില്ലായിരുന്നു .പിന്നീട് ഒരകല്ലില്‍ ഇട്ട് ഉറച്ചുരച്ചു രാകി രാകി ബുദ്ധിക്കല്പം മൂര്‍ച്ച വന്നു എന്ന് തോന്നിയത് കൊണ്ടാണ് .ചിലപ്പോള്‍ അതെന്റെ തോന്നലാകാം .

 മാത്രമല്ല ആ ഉറുമ്പും കൂട്ടുകാരും , അശുദ്ധയോ അതി വിശുദ്ധയോ ആയ ഭാവനയും കൂടി ധ്വനിപ്പിച്ചില്ല എന്ന കവിത മനസിലായില്ല എന്ന് പറഞ്ഞപ്പോള്‍ , ലതീഷിന്റെയും മറ്റുള്ളവരുടെയും ഭാഷയിലെ വ്യത്യാസങ്ങള്‍ ചൂണ്ടിക്കാട്ടി പരിഹസിച്ചു എന്ന പരാതി മൂലവുമാണ് .എന്നാല്‍ അന്ന് മനസിലായി എന്ന് പറഞ്ഞവരോട് അവര്‍ ഒന്ന് മനസിലാക്കി തരൂ എന്ന് പറഞ്ഞപ്പോള്‍
എല്ലാവരും മൗനം വിദ്വാന് ഭൂഷണം എന്ന മട്ടില്‍ നിന്നു. അന്ന് മുതലേ എന്‍റെ ആഗ്രഹമാണ് ലതീഷിന്റെ ഒരു കവിതക്ക് ആസ്വാദനം എഴുതുക എന്നത് . ഇത് എത്രത്തോളം ശരിയായി എന്നെനിക്കറിയില്ല .ചിലപ്പോള്‍ എന്‍റെ മണ്ടത്തരവും ആകാം . നിങ്ങള് ഷമീര് .

എന്‍റെ വ്യക്തിപരമായ അഭിപ്രായത്തില്‍ ലതീഷിന്റെ കവിത വായിക്കുമ്പോള്‍ എനിക്ക് അനുഭവപ്പെടുന്ന രസം , എന്‍റെ കുട്ടിക്കാലത്ത് കഴിച്ച , വായിലിട്ടാലും അലിയാത്ത മിഠായി പോലെയാണ് . വായിലിട്ടാല്‍ അതിങ്ങനെ കിടക്കും കുറെ നേരം . (ആ മിഠായിയുടെ പേര് മറന്ന് പോയി ).ലതീഷിന്റെ കവിതയെ ഞാന്‍ ഇപ്പോള്‍ വായിക്കുന്നത് എന്‍റെ ആസ്വാദന ശേഷി അനുസരിച്ച് മാത്രമാണ് . നിങ്ങളുടെ വായനയുമായോ , ആസ്വാദനമായോ ഇതിന് അല്പം പോലും ബന്ധമില്ല .പറഞ്ഞിരിക്കുവാന്‍ അധികം സമയമില്ലാത്തതിനാല്‍ നേരിട്ട് കവിതയിലേക്ക് പ്രവേശിക്കുകയാണ് .
 
 
രാത്രിയിലിടവഴിയൂലൂളിയിട്ടു നീങ്ങും
ഇരുട്ടില്‍ നിന്ന്, വെളുപ്പിന്റെ,
കറുപ്പല്ലാത്ത മറ്റനേകം നിറങ്ങളുടെ
വെളുപ്പുമാത്രമായ മറ്റനേകം നിറങ്ങളുടെ
ഭാവിജീവിതത്തിലേക്ക്
ഒരാള്‍ വഴുതിവീഴുന്നു
 
മുകളില്‍ എഴുതിയത് കവിതയുടെ ആദ്യ വരികളാണ് . കവി , കവിത എഴുതിയ സന്ദര്‍ഭം കൂടി വിശദീകരിച്ചാല്‍ മാത്രമേ കവിതയുടെ അര്‍ഥം പൂര്‍ണ്ണമായി മനസിലാക്കുവാന്‍ കഴിയൂ . ഇത് കവിയുടെ പോരായ്മയല്ല മറിച്ച് വായനക്കാര്‍ മനസിലാക്കേണ്ട ഒരു കാര്യമാണ് . ഇനിയും ഒരോ കവിയും കവിത എഴുതുന്ന സന്ദര്‍ഭം കൂടി വിശദീകരിക്കണം .അല്ലെങ്കില്‍ വായനക്കാര്‍ സ്വയം അത് കണ്ടെത്തണം  .ഇവിടെ കവി ലതീഷ് മോഹന്‍ എന്ന പത്ര പ്രവര്‍ത്തകന്‍ തിരുവനന്തപുരത്തു നടക്കുന്ന അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തില്‍ റിവ്യൂ എഴുതുവാന്‍ പോയ സമയത്ത് അവിടെ കാണുന്ന ഒരു കാഴ്ചയാണ് വിവരിക്കുന്നത് .
 
രാത്രിയില്‍ സിനിമ കണ്ടുകൊണ്ടിരിക്കുന്ന ആളുകളുടെ ഇടയിലേക്ക് ,ഒരാള്‍ കടന്ന് വരുന്നു . ഒരു കടല കച്ചവടക്കാരന്‍ .അപ്പോള്‍ നിശ്ചയമായും നിങ്ങള്‍ക്ക് സംശയം തോന്നാം എന്താണ് കവി "വെളുപ്പിന്റെ,കറുപ്പല്ലാത്ത മറ്റനേകം നിറങ്ങളുടെ വെളുപ്പുമാത്രമായ മറ്റനേകം നിറങ്ങളുടെ ഭാവിജീവിതത്തിലേക്ക്" എന്നീ വരികള്‍ ഉപയോഗിച്ചിരിക്കുന്നത് എന്ന് .അതാണ്‌ ഞാന്‍
വിശദീകരിക്കുവാന്‍ ശ്രമിക്കുന്നത് . നോക്കുക .കറുപ്പ് വസ്ത്രങ്ങള്‍ ഉപയോഗിക്കുന്നത് ദുഃഖ വേളകളിലാണ് എന്നത് നമുക്കറിയാം . സിനിമ കാണാന്‍ ഇരിക്കുന്നവര്‍ ഒരിക്കലും ഒരു ദുഖകരമായ അവസ്ഥയിലല്ല ഇരിക്കുന്നത് എന്നതും നമുക്കറിയാം .നമ്മുടെ ഉള്ളിലെ കറുപ്പിനെ പുറമോടിയായ വെളുത്ത , ഇസ്തിരിയിട്ട വിവിധ വര്‍ണ്ണ വസ്ത്രങ്ങളാല്‍ നമ്മള്‍ പലപ്പോഴും മറച്ചു വെയ്ക്കുന്നതിനെയാണ് കവി ഈ വരികളില്‍ കൂടി കാണുന്നത് .അങ്ങനെ ഉള്ളിലെ കറുപ്പിനെ വെളുപ്പിനാല്‍ മറച്ചു വെയ്ക്കുന്നവരുടെ ഇടയിലേക്ക് ( ഭാവി ജീവിതത്തിലേക്ക് ) ഒരാള്‍ വഴുതി വീഴുന്നു ( പെട്ടന്ന് കടന്ന് വരുന്നു ) . ഇവിടെ കവി തന്നെയാണ് ഈ കടല കച്ചവടക്കാരന്‍ എന്നും വേണമെങ്കില്‍ വായിച്ചെടുക്കാം . വിവിധ ഭാഷക്കാരായ മലയാളികളുടെ ഇടയിലേക്ക് ഒരു കവിത വിലപനക്കാരന്‍ ബ്ലോഗില്‍ കൂടി കടന്ന് വരുന്നു .
 
അടുത്ത വരികളില്‍ എന്താണ് എന്ന് നോക്കാം . 

അയാള്‍ക്കുചുറ്റിലും അപരിചിതം ലോകം
വെളുപ്പിലാരോ വരച്ചുവെച്ച ആള്‍ക്കൂട്ടങ്ങള്‍
പശുക്കള്‍, കശുമാവിന്‍ തോട്ടങ്ങള്‍
അയാള്‍ക്കുള്ളിലപ്പോള്‍ ഇരുട്ടുപരക്കുന്നു
ഉള്ളിലെ തിരശ്ശീലയില്‍ നിന്ന്
പാവനാടകം മാഞ്ഞു പോകുന്നു
ഈ വന്നു കയറിയ മനസിലെ വിചാരങ്ങളാണ് കവി മുകളിലെ വരികളില്‍ പറയുന്നത് .തന്റെ ചുറ്റും അപരിചിതര്‍ , വിഭിന്ന ഭാഷകള്‍ സംസാരിക്കുന്നവര്‍ .മുന്നില്‍ കാണുന്ന വെളുത്ത സ്ക്രീനില്‍ എന്തെല്ലാമോ ആള്‍ക്കൂട്ടങ്ങള്‍ , ആടുകയും പാടുകയും സംസാരിക്കുകയും ചെയ്യുന്നു , കുറെ പശുക്കള്‍ , കുറെ മരങ്ങള്‍ ,അയാള്‍ക്കൊന്നും തന്നെ മനസിലാകുന്നില്ല . അന്യ ഭാഷാ ചിത്രമാകണം അപ്പോള്‍ അവിടെ പ്രദര്‍ശിപ്പിച്ചത് .അതായിരിക്കണം അയാള്‍ക്ക്‌ മനസിലാകാതെ പോയത് . മലയാളം സിനിമയോ മമ്മൂട്ടി , മോഹന്‍ലാല്‍ എന്നിവരോ ആയിരുന്നെങ്കില്‍ മനസിലാക്കാമായിരുന്നു . കച്ചവടക്കാരന്  പെട്ടന്ന് തന്നെ ഉള്ളില്‍ വിഷമം ഉണ്ടാകുന്നു ( ഇരുട്ട് ) . ഉടനെ തന്നെ ആ സിനിമ തീര്‍ന്നു പോകുകയും ചെയ്യുന്നു .ഇത്രയും സംഭവങ്ങളാണ് മുകളില്‍ വിവരിച്ചത് .

അടുത്ത വരികള്‍

ചുറ്റിലും ചുറ്റിപ്പിണയുന്ന ആള്‍വൃത്തം പെരുത്തുപെരുത്ത് മൈതാനങ്ങളെക്കാള്‍
വലുതാകുമ്പോളയാള്‍
കൈകാലുകള്‍ വിടര്‍ത്തി
മറ്റൊരേകാംഗനൃത്തനാടകം തുടങ്ങുന്നു
ഇരുട്ടിനെ അഭിനയിച്ചു കാട്ടിയവന്‍
വെളുപ്പിനെ വെളുത്ത് പല്ലുതേക്കാതിരുന്നവന്‍


കള്ളന്‍, കൊടുവാളിന്റെ കാമുകന്‍

സിനിമ കഴിഞ്ഞ് ആളുകള്‍ പുറത്തേക്ക് വരികയാണ് . കടലകച്ചവടക്കാരന് ചുറ്റും ആളുകള്‍ വൃത്താകൃതിയില്‍ വലിയ ആള്‍ക്കൂട്ടമായപ്പോള്‍ , കച്ചവടക്കാരന്‍ കൈകള്‍ ‍ ഉയര്‍ത്തി അറിയാവുന്ന ഭാഷയില്‍ അയാള്‍ കടല കച്ചവടം ചെയ്യാന്‍ ശ്രമിക്കുകയാണ് .വെളുത്ത ആളുകള്‍ ഇരുട്ടിന്റെ മകന്‍ എന്ന് വിളിച്ച ഉള്ളു വെളുത്ത മനുഷ്യന്‍ , വെളുപ്പിനെ പല്ല് തേക്കാത്തവന്‍ , കള്ളന്റെ മകന്‍ എന്നും , പിടിച്ചു പറിക്കാരന്‍ എന്നും  വിളിച്ച് ആളുകള്‍ കളിയാക്കിയും വെറുക്കുകയും ചെയ്ത പാവപ്പെട്ടവന്‍  . ഔപചാരിതകള്‍ മറന്ന് പോയവന്‍ .അല്ലെങ്കില്‍ വെള്ളശീലക്ക് തടുക്കിടാന്‍ മറന്ന് പോയവന്‍ എന്നിങ്ങനെയെല്ലാം കടലക്കച്ചവടക്കാര്നെ വിശേഷിപ്പിക്കാം .ഇവിടെ കവി മനപൂര്‍വ്വം തന്നെ തനിക്ക് ചുറ്റുമുള്ള ബുജി വൃന്തത്തെ തന്നെയാണ് കൊട്ടുന്നത് . ഇതാണ് ഈ കവിതയില്‍ എനിക്കേറ്റവും ഇഷ്ടപ്പെട്ട ഭാഗവും .


ആള്‍വൃത്തത്തിന് വാല്‍ പെരുകുന്ന,തിലേറെആളുകള്‍ കൂടുന്നതിലും ഏറെ വാല് വാലായി റോഡ്‌ മുറിച്ചു പൊയ്ക്കൊണ്ടിരിക്കുന്നു .കച്ചവടം പൊടി പൊടിക്കുകയാണ്. കടല എല്ലാവരും വാങ്ങുന്നു . എന്നാല്‍ ‍ വേഗത്തില്‍ കണക്ക് കൂട്ടി ആളുകളെ വിടാന്‍ ഉള്ള പ്രയാസവും കച്ചവടക്കാരന്‍ നേരിടുന്നുണ്ട് . അതാണ്‌ പഴയ കണക്ക് ക്ലാസും കുനിച്ച തലയും മറ്റും കവി സൂചിപ്പിക്കുന്നത് .
തെരുവുകള്‍ മുറിച്ച് കടന്നുപോകുന്നു
പഴയ ഗുണനപ്പട്ടിക
പഴയ ക്ലാസിലെ പിന്‍ബഞ്ചില്‍
കുനിച്ചിരിക്കുന്നു തല

സമയം പ്രതീക്ഷിച്ചതിലും കൂടുതല്‍ എടുത്തതിനാല്‍ അടുത്ത ഭാഗം വളരെ വേഗത്തില്‍ പറഞ്ഞു തീര്‍ത്തിട്ട് ഞാന്‍ എന്‍റെ ആസ്വാദന കുറിപ്പ് തീര്‍ക്കുകയാണ് .

ദൂരെ, ദൂരെനിന്ന് നോക്കുമ്പോള്‍
പൊട്ടുപോലെയിരുട്ട് ഇളകുന്നു
വളരെവൈകിയാണെത്തിയത്
വളരെ ദൂരെയാണ്, ചലിക്കാറുണ്ട്
എന്നൊക്കെ കേട്ടറിവേയുള്ളുവെങ്കിലും
കാര്‍ണിവലല്ലേ
ഇരുട്ടിനെ വിരട്ടുകയല്ലേ
വെളിച്ചത്തിലിടവഴിയിലൂളിയിട്ടുനീങ്ങും
പകലില്‍ നിന്ന് ഇപ്പോള്‍
തെറിച്ചുവീണ ആരുടേയോ പകപ്പല്ലേ
കാടുകള്‍, കൊള്ളക്കാര്‍?

കടല കച്ചവടം കഴിഞ്ഞിരിക്കുന്നു . ദൂരെ വെള്ള മാറ്റിക്കൊണ്ട് ഇരുട്ട് കടന്ന് വരുന്നുണ്ട് ( സന്ധ്യയായി എന്നര്‍ത്ഥം ) .ഈ കടലക്കച്ചവടക്കാരനെ കവിക്ക്‌ നല്ല പരിചയമുണ്ട് . അല്ലെങ്കില്‍ കാര്‍ണിവല്‍ സ്ഥലത്ത് വെച്ച്‌ കച്ചവടക്കാരനെ കവി പരിചയപ്പെടുന്നു .വളരെ പാവപ്പെട്ട ഒരു മനുഷ്യന്‍ . കുറെ ദൂരെയാണ് അയാളുടെ വീട് . കടല കച്ചവടം ചെയ്ത് കഷ്ടിച്ച് ജീവിച്ചു ( ചലിക്കാറുണ്ട് ) പോകുന്നു എന്ന് മാത്രം . ഹിന്ദിയില്‍ ചല്‍ത്താ ഹെ ഭായി എന്ന് പറയുന്നത് പോലെ .കച്ചവടക്കാരന്‍ വളരെ താമസിച്ചാണ് വന്നത് അതുകൊണ്ട് കാര്യമായ കച്ചവടം ഒന്നും നടന്നിട്ടില്ല .ദൂരെയാണ് താമസിക്കുന്നത് . കാര്‍ണിവല്‍ ( ഫിലിം ഫെസ്റ്റിവല്‍ ) നടക്കുകയായത് കൊണ്ട് മാത്രം ഇവിടെ വരെ വന്നു .കാര്‍ണിവലില്‍ കൂടുതല്‍ കച്ചവടം നടക്കും എന്ന പ്രതീക്ഷയിലാണ് , തന്റെ ഉള്ളിലെ വിശപ്പിന്റെ ദുഖത്തെ അകറ്റുവാന്‍ ഇവിടെ വരെ വന്നത് . പക്ഷേ താമസിച്ചു പോയതുകൊണ്ട് കാര്യമായ കച്ചവടം നടന്നിട്ടില്ല , എങ്കിലും പകല്മാന്യന്മാരായ കാട്ട് കള്ളന്മാര്‍ വഴിയില്‍ ആക്രമിക്കാതിരിക്കുവാനുള്ള മുന്‍കരുതല്‍ എന്ന രീതിയില്‍ കച്ചവടക്കാരന്‍ വേഗത്തില്‍ വീടെത്തുവാന്‍ ശ്രമിക്കുമ്പോള്‍ കവിത അവസാനിക്കുന്നു .

വളരെ മനോഹരമായ കഥ പോലുള്ള കവിത . പക്ഷേ ചുറ്റും തിരിവും ആളുകളെ പരീക്ഷിക്കുവാനും വഴി തെറ്റിക്കുവാനും ഉള്ള ശ്രമവും കവിതയില്‍ ആവശ്യത്തിനും അധികം ചേര്‍ത്തിട്ടുണ്ട് . പറയുവാനുള്ളത് നേരെ പറഞ്ഞാല്‍ വായനക്കാര്‍ക്ക് മനസിലാകും എന്നും അങ്ങനെ അവര്‍ വേഗം മനസിലാക്കണ്ട എന്ന ദുര്‍വാശിയുമാണ് പലപ്പോഴും ലതീഷിന്റെ കവിതകളെ സാധാരണ വായനക്കാരില്‍ നിന്നും അകറ്റുന്നത് . ഒന്ന് കൂടി ആഞ്ഞ്‌ ശ്രമിച്ചാല്‍ വായനക്കാര്‍ക്ക് വേഗത്തില്‍ മനസിലാകും . മൂക്കേല്‍ പിടിക്കുവാന്‍ മൂന്ന് വലത്ത് വെയ്ക്കണം എന്നതാണ് ലതീഷിന്റെ കവിതയുടെ പ്രത്യേകത .

ഈ കവിതയും നിരൂപണവും കൊണ്ട് കവിയാകുന്ന കടല ( കവിത ) വില്പനക്കാരന് ബ്ലോഗിലെ സാധാരണ വായനക്കാരിലേക്കുള്ള വഴി കൂടി തുറക്കട്ടെ എന്നും , കൂടുതല്‍ കവിതകള്‍ പൂക്കട്ടെ എന്നും ആശംസിക്കുന്നു .

മറ്റൊരു പുതിയ നിരൂപകന്‍ ഇവിടെയുണ്ട് . അതും വായിക്കുക .

9 അഭിപ്രായങ്ങൾ:

SUNIL V S സുനിൽ വി എസ്‌ പറഞ്ഞു...

കൊള്ളാം നല്ല നിരൂപണം.
ഇനി കാപ്പിലാൻ ഈ പറഞ്ഞപോലെയാണോ കാര്യങ്ങൾ..? ലതീഷ്‌ ഞെട്ടാതിരിക്കട്ടെ..
ആശംസകൾ..!

ഗുപ്താതിസാര വര്‍മ്മ പറഞ്ഞു...

രാത്രിയിലിടവഴിയൂലൂളിയിട്ടു നീങ്ങും
ഇരുട്ടില്‍ നിന്ന്, വെളുപ്പിന്റെ,

എന്തോന്നാടെ കവി ഊ ,,,,ഊളിയിട്ട് നടക്കുക എന്നാല്‍ . എന്തരോ കോപ്പിലെ കവി

മൂക്കിനകത്ത്‌ വിരലിട്ട വർമ്മ പറഞ്ഞു...

കവിത എഴുതിയ ലതീഷ്‌ മോഹനനാശാനും കൊള്ളാം, നിരൂപിച്ച കാപ്പിലാനും കൊള്ളാം... ഷഡ്ഡിക്കൊത്ത നിക്കർ..!

അജ്ഞാതന്‍ പറഞ്ഞു...

അല്ല..അപ്പൊ അങ്ങനെയാ കാര്യങ്ങള്‌? ഞാന്‍ അത് വായിച്ച് എന്തോ വല്യ കുന്ത്രാണ്ടം പറയാന്ന് വിചാരിച്ചു.

Sureshkumar Punjhayil പറഞ്ഞു...

Kavitha Manoharam, Niroopanam Athimanoharam.... Ashamsakal...!!!

അജ്ഞാതന്‍ പറഞ്ഞു...

avate poyappo kure comments kandu..vayicha oruthanum oru punnayum manassilayillenn manassilayi..ee niroopanam avarkku oru sahayam aakum..

Unknown പറഞ്ഞു...

നന്നായിരിക്കുന്നു.ഇപ്പോഴാ വായിക്കാന്‍ കഴിഞ്ഞത്:)
ഇത്‌ കൊള്ളാമല്ലോ മാഷേ...വരികള്‍ മനോഹരം..വീണ്ടും വരാട്ടോ...ഇനിയും എഴുതുക. ആശംസകള്‍..
എന്റെ ബ്ലോഗും നോക്കുക...

ഖാന്‍പോത്തന്‍കോട്‌ പറഞ്ഞു...

:D

ചാണക്യന്‍ പറഞ്ഞു...

:):)