വ്യാഴാഴ്‌ച

ഡിസംബറില്‍ രാമന്‍ വെട്ടിയ പുതിയ വഴി

മരങ്ങളിലെ ഇലകള്‍ കൊഴിയുന്നത് പോലെയാണ് വര്‍ഷങ്ങള്‍ കൊഴിഞ്ഞു പോകുന്നത് . നവംബര്‍ മുതല്‍ മരങ്ങളില്‍ നിന്നും ഇലകള്‍ പൊഴിഞ്ഞു തുടങ്ങും . ഡിസംബര്‍ ആകുമ്പോള്‍ മരങ്ങള്‍ക്ക് ചുറ്റും ഇലകളുടെ ഒരു ശവക്കോട്ട തന്നെ ഉയരും . ഇപ്പോള്‍ എനിക്ക് ചുറ്റും ഉണങ്ങിയ മരങ്ങള്‍ മാത്രം .മരങ്ങളിലെ ഇലകള്‍ പൊഴിയുന്നതും മഞ്ഞ് പെയ്യുന്നതും വളരെ കൌതുകത്തോടെ നോക്കി നിന്നിരുന്ന ഒരു കാലമുണ്ടായിരുന്നു .വര്‍ഷങ്ങള്‍ എത്ര ‍ കഴിഞ്ഞു ഇന്നും ഈ കാഴ്ചകള്‍ കാണുമ്പോള്‍ വല്ലാത്ത ഒരനുഭൂതിയാണ് എനിക്ക് നല്‍കുന്നത് . എങ്കിലും അമേരിക്കന്‍ മണ്ണിലേക്ക് അലിഞ്ഞു ചേരാത്ത ഒരു മനസുമായി ഇവിടെ ഇങ്ങനെ ഇനി എത്ര നാള്‍ !!!

എനിക്ക് ചുറ്റും മരങ്ങളില്‍ ഇലകള്‍ കൊഴിഞ്ഞു കിടക്കുന്നു .പതുക്കെ പതുക്കെ തണുപ്പ് ആക്രമിക്കാന്‍ തുടങ്ങി . പുറത്തേക്ക് ഇറങ്ങാന്‍ കഴിയാതെ ,അഥവാ കഴിഞ്ഞാലും കമ്പിളികള്‍ പുതച്ചു കൊണ്ട് ഒരു യാത്ര . മരം കോച്ചുന്ന ഈ തണുപ്പില്‍ ഞാന്‍ ആരെ തിരഞ്ഞാകും പോകുന്നത് ? മരങ്ങളില്‍ പാട്ട് പാടിയിരുന്ന പക്ഷികളില്ല , ബണ്ണി റാബിറ്റുകളും അണ്ണാന്‍ കുഞ്ഞുങ്ങളും എങ്ങോ പോയി മറഞ്ഞു .ഇനി വരുവാനുള്ളത് ഒരു ക്രിസ്മസ് , പുതുവര്‍ഷം എന്നിവയാണ് . അതിന്റെ മാറ്റൊലികള്‍ കേട്ടു തുടങ്ങി . വീടുകളും നിരത്തുകളും വര്‍ണ്ണ വിളക്കുകള്‍ തൂക്കിയിരിക്കുന്നു . നോര്‍ത്ത് പോളില്‍ നിന്നും ക്രിസ്മസ് അപ്പൂപ്പന്‍ യാത്ര തുടങ്ങിയിരിക്കണം . വീട് വീടാന്തരം ചിമ്മിനികളില്‍ കൂടി അപ്പൂപ്പന്‍ വരും . ഇന്നലെ ഇളയ മോള്‍ നെറ്റില്‍ നോക്കുന്നത് കണ്ടു . അപ്പൂപ്പന്‍ എവിടെ വരെ എത്തി എന്നത് നെറ്റില്‍ നോക്കിയാല്‍ അറിയാം .സമ്മാന പൊതികളുമായി അപ്പൂപ്പന്‍ താടി പോലെ മഞ്ഞും ചൂടി ഒരപ്പൂപ്പന്‍ വരും . സമ്മാന പൊതികള്‍ ക്രിസ്മസ് മരത്തിന്റെ താഴെ വെച്ചിട്ട് അപ്പൂപ്പന്‍ വേറെ സ്ഥലങ്ങളില്‍ പോകും . എല്ലാ കുട്ടികളും ക്രിസ്മസ് വരുവാന്‍ വേണ്ടി കാത്തിരിക്കുകയാണ് . മധുരം കിനിയുന്ന ധാരാളം ഓര്‍മ്മകള്‍ എനിക്കും ക്രിസ്മസ് തന്നിട്ടുണ്ട് . ക്രിസ്മസ് നാളുകളില്‍ എങ്കിലും നാട്ടില്‍ എത്തണം എന്നെല്ലാം പലപ്പോഴും ആഗ്രഹം തോന്നാറുണ്ട് എങ്കിലും ഇത്രയും കാലത്തിനിടയില്‍ വളരെ കുറച്ചു ക്രിസ്മസ് മാത്രമേ നാട്ടില്‍ കൂടാനായി കഴിഞ്ഞിട്ടുള്ളൂ .ഇവിടെ മഞ്ഞ് പെയ്തില്ല എങ്കില്‍ ക്രിസ്മസ് തന്നെ ഇല്ലാ എന്ന് പറയാം . മഞ്ഞ് പെയ്യുന്ന ക്രിസ്മസ് നാളിനെ വൈറ്റ് ക്രിസ്മസ് എന്ന് പറയപ്പെടുന്നു . ഇപ്പോള്‍ പുറത്തേക്കുള്ള ജനല്‍ പാളികളില്‍ കൂടി പുറത്ത് മഞ്ഞ് പെയ്യുന്നത് കാണാം . എന്നാല്‍ നിരത്തില്‍ ആരെയും കാണാന്‍ ഇല്ല . അഥവാ വഴിയില്‍ വെച്ച്‌ ഇപ്പോള്‍ ഒരു സായിപ്പിനെ കണ്ടാല്‍ അയാള്‍ പറയും ഹാപ്പി ക്രിസ്മസ് . അമേരിക്കയില്‍ മഞ്ഞ് പെയ്താല്‍ ക്രിസ്മസ് വരവായി .

നാട്ടിലും ഈ സമയം നല്ല തണുപ്പാകും. വൃശ്ചിക മാസ കുളിരുള്ള രാത്രികള്‍ .ഇവിടെ ഇങ്ങനെ ഈ തണുപ്പിലും ഞാന്‍ പുറത്തേക്ക് നോക്കി ആരെയാണ് കാത്തിരിക്കുന്നത് ? .

ഞാന്‍ ഇത്ര പ്രയാസപ്പെട്ട് , മഞ്ഞ് പെയ്യുന്ന , മരങ്ങളില്‍ ഇലകളില്ലാത്ത , ശീതക്കാറ്റ് വീശുന്ന സമയത്ത് ആരെ കാണുവാനാകും ഇങ്ങനെ ആകാംഷയോടെ കാത്തിരിക്കുന്നത് എന്നാകും നിങ്ങള്‍ ചിന്തിക്കുക എന്നെനിക്കറിയാം . നിങ്ങള്‍ ആരാ മക്കള് ?അതാണ്‌ ഞാന്‍ പറഞ്ഞു വരുന്നത് . ഇതാ , നമ്മുടെ ഭവനത്തിലേക്ക്‌ ‍ ഒരു മാറ്റൊലി കവി വന്നു കയറുന്നു .കയ്യിലെ ഭാണ്ഡത്തില്‍ അരമണി നാണം മറന്ന ഒരു ക്രിസ്മസ് കാല ഓര്‍മ്മയുമായി എന്നെ വിളിക്കുകയാണ്‌ . തണുപ്പത്ത് പുറത്തെ മഞ്ഞില്‍ ഏറെ നേരം നിര്‍ത്താതെ അദ്ദേഹത്തെ ഞാന്‍ അകത്തേക്ക് വിളിക്കാം ‌ .

കൂഴൂര്‍ വില്‍‌സണ്‍ , പകല്‍ക്കിനാവന്‍ ‍എന്നീ മഹാകവികള്‍ക്കിടയിലെ ത്രിമൂര്‍ത്തികളില്‍ ഒരാള്‍ കൂടിയായ രാമചന്ദ്രന്‍ വെട്ടിക്കാടിനെ ഞാന്‍ എന്‍റെ കവിതാ നിരൂപണ വേദിയിലേക്ക് സ്വാഗതം ചെയ്യുകയാണ് . ഗിവ് ഹിം എ ബിഗ്‌ ക്ലാപ്പ് :)

വളരെ പ്രതിഭാധനനായ ഒരെഴുത്തുകാരന്‍ ,സംഘാടകന്‍ എന്നീ നിലകളില്‍ മാത്രമല്ല , ഇഷ്ടമില്ലാത്ത കാര്യങ്ങള്‍ ഉള്ളില്‍ ഒതുക്കാതെ വെട്ടിത്തുറന്നു പറയുന്നതിലും യാതൊരു സങ്കോചവും ഇല്ലാത്ത ഒരു നല്ല തങ്കപ്പെട്ട മനുഷ്യനാണ് വെട്ടിക്കാട് . അദ്ദേഹം ചീഫ് എഡിറ്റര്‍ ആയി നടത്തുന്ന ബ്ലോത്രം എന്ന പത്രം ബൂലോകത്തിന്റെ നേരിന്റെ നാവായി നാള്‍ക്കുനാള്‍ വളര്‍ന്നു കൊണ്ടേ ഇരിക്കുന്നു . വളരെ മനോഹരമായ കവിതകള്‍ രചിക്കുവാന്‍ ഉള്ള വെട്ടിക്കാടിന്റെ കഴിവ് ഒന്ന് വേറെ തന്നെയാണ് .ഒരോ കവിതകളും വായനക്കാരെ കൊണ്ട് വീണ്ടും വീണ്ടും വായിക്കുവാന്‍ തോന്നിപ്പിക്കുക മാത്രമല്ല അതില്‍ ഒളിഞ്ഞിരിക്കുന്ന മുത്തുകളെ തേടിയെടുക്കുക എന്ന ശ്രമകരമായ ജോലിയും അദ്ദേഹം വായനക്കാരെ ഏല്‍പ്പിച്ചിരിക്കുന്നു . മറ്റുള്ള ബ്ലോഗ്‌ കവികളെ പോലെ കഠിനമായ വാക്കുകള്‍ ഉപയോഗിക്കാതെ തന്നെ ലഘുവായി പറഞ്ഞു വെയ്ക്കുവാന്‍ ഉള്ള വെട്ടിക്കാടിന്റെ കഴിവ് അപാരം എന്ന് വിശേഷിപ്പിക്കാം .

രാമചന്ദ്രന്‍ വെട്ടിക്കാട് ഈയിടെ എഴുതിയ കവിതയാണ് ഡിസംബര്‍ .ആ കവിതയില്‍ വളരെയധികം വിശേഷിപ്പിക്കാന്‍ ഒന്നുമില്ല എന്നാല്‍ തന്നെയും തന്റെ ബാല്യകാല പ്രണയം അതില്‍ ഒളിച്ചു വെച്ചിരിക്കുന്നത് കാണാം .ഈയിടെ വിവാദമായ കൂഴൂര്‍ അഭിമുഖത്തില്‍ പകല്‍ക്കിനാവനും രാമചന്ദ്രന്‍ വെട്ടിക്കാടിനും കനം വെച്ച്‌ വരുന്നതായി കൂഴൂര്‍ സൂചിപ്പിക്കുകയുണ്ടായി . എനിക്കും അങ്ങനെ തോന്നാറുണ്ട് .ഇവരുടെ രണ്ട് പേരുടെയും കവിതകളില്‍ ധാരാളം സാമ്യതകള്‍ കാണാം . ഒരേ ഭാവം , ഒരേ ശൈലി , ഒരേ ഭാക്ഷ അങ്ങനെ ഒരേ രേഖയില്‍ പായുന്ന കുതിരകള്‍ എന്ന് വേണമെങ്കില്‍ ഇവരെ വിശേഷിപ്പിക്കാം . സ്ഥായിയായ ദുഖഭാവം , നിരാശ , മോഹഭംഗങ്ങള്‍ എന്നിവയാകണം ഇവരുടെ കവിതയിലേക്ക് വായനക്കാരെ കൂടുതല്‍ ആകര്‍ഷിക്കുന്നത് . ഒരേ പാതയില്‍ തന്നെ സഞ്ചരിക്കുന്നവര്‍ ‍, . വഴിമാറി സഞ്ചരിക്കുവാന്‍ മറന്നതോ കഴിവില്ലാത്തത് കൊണ്ടോ ആയിരിക്കില്ല എന്നാണ് എനിക്ക് തോന്നുന്നത് .മലയാളികളെ കൂടുതല്‍ ആകര്‍ഷിക്കുന്നത് റ്റി.വി കണ്ണീര്‍ സീരിയല്‍ എന്നതുപോലെ ബ്ലോഗിലെ കവികളെയും കണ്ണീര്‍ സീരിയലുകള്‍ നന്നായി ആകര്ഷിക്കുന്നുണ്ടാകണം . ബ്ലോഗ്‌ വായനക്കാരെയും കൂടുതല്‍ ആകര്‍ഷിക്കുന്നത് ഇത്തരം സംഭവങ്ങള്‍ ആകാം .ഇനി മുതല്‍ കവിതകള്‍ വായിക്കുമ്പോള്‍ ഒരോ തൂവാല കൂടി കൊടുത്തിരുന്നെങ്കില്‍ നന്നായേനെ എന്നൊരു അഭിപ്രായം എനിക്ക് ഇവരോടുണ്ട് .വിഭിന്നങ്ങളായ അനുഭവങ്ങള്‍ , ഭാവങ്ങള്‍ , ശൈലി ഇങ്ങനെ പല വഴികളില്‍ കൂടി കവികള്‍ സഞ്ചരിക്കണം എന്നാണ് എനിക്ക് തോന്നുന്നത് .അപ്പോഴേ ഒരു യഥാര്‍ത്ഥ കവിയായി വളരുവാന്‍ കഴിയൂ . ധാരാളം പ്രതിഭകള്‍ ഉള്ള ഇവര്‍ അങ്ങനെ സഞ്ചരിക്കുവാന്‍ ഇടയാകട്ടെ എന്നാശംസിക്കാം .

അതിന്റെ മുന്നോടിയായി വെട്ടിക്കാട് വെട്ടിയ ഒരു പുതിയ വഴിയായിട്ടാണ് ഡിസംബര്‍ എന്ന കവിതയെ ഞാന്‍ കാണുന്നത് . നൈരാശ്യം അതില്‍ ഉണ്ടെങ്കിലും അല്പം പ്രണയവും കൂടി കലര്‍ന്നതുകൊണ്ട് ഒരു പുതുമ തോന്നി .ഡിസംബര്‍ എന്ന കവിതയ്ക്ക് കൂടുതല്‍ വിശദീകരണം വേണ്ട എന്നാണ് എനിക്ക് തോന്നുന്നത് , കാരണം വായനക്കാര്‍ക്ക് ഉള്ളി പൊളിക്കുന്നത് പോലെ കണ്ണ് നീറ്റി ആ കവിത പൊളിച്ചടുക്കാം.എങ്കിലും ഈ കവിത വായിക്കുന്ന വായനക്കാര്‍ക്ക് അവരുടെയും ജീവിതത്തിലെ പ്രണയാനുഭവങ്ങള്‍ ഓര്‍ത്തെടുക്കാന്‍ ഒരവസമാകും . വായനക്കാര്‍ക്ക് വേണ്ടി ആ കവിത താഴെ കൊടുക്കുന്നു . വായിക്കുക ,ആസ്വദിക്കുക .


മുകളില്‍ പറഞ്ഞ കാര്യങ്ങള്‍ എനിക്ക് വ്യക്തിപരമായി തോന്നിയതാണ് . നിങ്ങള്‍ക്ക് ഒരു പക്ഷേ അങ്ങനെയാകില്ല .ഓരോരുത്തര്‍ക്കും ഒരോ ഇഷ്ടങ്ങളാണല്ലോ.

ഡിസംബര്‍

6 അഭിപ്രായങ്ങൾ:

Sabu Kottotty പറഞ്ഞു...

ബൂലോകത്ത് കുറേ പാവങ്ങള്‍ കൂടിയുണ്ടേ....

സുജിത് നെടുവന്നൂര്‍ പറഞ്ഞു...

കഷ്ടം !
പകല്‍ കിനാവന്റെയും വെട്ടിക്കാടിന്റെയും
നിരയില്‍ കുഴൂര്‍ വില്‍‌സണ്‍!
സ്വയം കൃതാനര്‍ത്ഥം അല്ലാതെന്താ..

അഭിജിത്ത് മടിക്കുന്ന് പറഞ്ഞു...

നോ കമന്റ്സ്

രാമചന്ദ്രൻ വെട്ടിക്കാട്ട് പറഞ്ഞു...

സുജിത് പറഞ്ഞതില്‍ കാര്യമുണ്ട് കാപ്പൂ.

വിത്സന്റെ കവിതയോട് ചേര്‍ക്കാനൊന്നുമെന്റെ കവിതകള്‍ (???) ആയിട്ടില്ല. ഒരു പക്ഷേ, അവന്റെ സ്നേഹത്തോട് എന്റെ സ്നേഹത്തെ ചേര്‍ത്ത് വെക്കാനായേക്കും.

SUNIL V S സുനിൽ വി എസ്‌ പറഞ്ഞു...

):

ഞാന്‍ ആചാര്യന്‍ പറഞ്ഞു...

വെട്ടിക്കാടിന്‍റെ പല കവിതകളിലും അദൃശ്യമായ താളം അനുഭവപ്പെട്ടിട്ടുണ്ട്, കൂടാതെ കാപ്പിലാന്‍ ചൂണ്ടിക്കാട്ടിയതു പോലെ കൈമോശം വന്ന പലതിനെയും ചൊല്ലിയുള്ള വ്യാകുലങ്ങള്‍ കൊണ്ട് വെട്ടിക്കാടിന്‍റെ കവിത വായനക്കാരനെയും വേട്ടയാടുന്നു. വെട്ടിക്കാടിനും കാപ്പിലാനും അഭിനന്ദനങ്ങള്‍