തിങ്കളാഴ്‌ച

വിഷമവൃത്തം

എന്‍റെ കഥ കേട്ടിട്ട്   നിങ്ങള്‍  പറയുക ശരിക്കും ഞാനൊരു വിഷമവൃത്തത്തിലല്ലേ എന്ന്. ഇന്ത്യ എന്നതാണ് എന്‍റെ രാജ്യത്തിന്റെ പേര് . . അതില്‍ വടക്കേ ഇന്ത്യയിലെ ഏതോ  ഭാഗത്തെ ഏതോ ഒരു പാടത്തിന്റെ കരയിലാണ്  എന്‍റെ ജനനം .ജനിച്ചതല്ലാതെ എന്‍റെ തന്ത ,തള്ള ,സഹോദരര്‍ എന്നിവരെ എനിക്കറിയില്ല .നിങ്ങള്‍ എന്നെ തന്ത ഇല്ലാത്തവള്‍ എന്നോ തന്ത ഉള്ളവള്‍ എന്നോ വിളിച്ചോളൂ . എനിക്കതില്‍ പരാതിയില്ല .പറക്ക മുറ്റിയപ്പോള്‍ ഞാനേതോ കറുത്ത തുണിക്കുള്ളില് ആയിരുന്നു ‍ . ചാക്കില്‍ കെട്ടി എന്നോ ചാക്കിട്ടു പിടിച്ചു എന്നോ അവര്‍ പറയുന്നത് ഞാന്‍ കേള്‍ക്കുന്നുണ്ടായിരുന്നു .എന്‍റെ കൂട്ടുകാരെ അഥവാ എന്നെ പോലെ ഇരിക്കുന്നവരെ ഞാന്‍ അതില്‍  കണ്ടു .പിന്നെ  എങ്ങോട്ടോ യാത്ര  .യാത്രയില്‍ തമാശകള്‍ ഇഷ്ടപ്പെടാതിരുന്നത് കൊണ്ടാവാം പാണ്ടി  പല തവണ ഞങ്ങളെ ചീത്ത വിളിക്കുന്നത്‌ കേട്ടു .ചീത്ത വിളികളില്‍ , പരിഹാസങ്ങളില്‍ ഞങ്ങള്‍ക്കാര്‍ക്കും പരാതികള്‍ ഇല്ല .

യാത്ര ഒടുങ്ങാത്ത യാത്ര. പല വണ്ടികളും മാറി മാറി കയറി . വഴികളില്‍ പലരും ഞങ്ങളെ പലവട്ടം കയറി പിടിക്കുവാനും പീഡിപ്പിക്കുവാനും ശ്രമിച്ചു . ഒടുവില്‍ ഞങ്ങളെ  ഒരു സങ്കേതത്തില്‍ എത്തിച്ചു . ഞങ്ങള്‍ അറിയാത്ത ഞങ്ങള്‍ കേള്‍ക്കാത്ത  ഭാഷയായിരുന്നു അവര്‍ സംസാരിച്ചത് .. വഴിയാത്രകളില്‍ ഒരു തുള്ളി വെള്ളം കൂടി തരാതെ ഞങ്ങളെ ആ ഗുഹയില്‍ കിടത്തി . ഗുഹാദ്വാരങ്ങളില്‍ നിന്നും വല്ലപ്പോഴും കിട്ടുന്ന കാറ്റും മഴയുമായിരുന്നു ഞങ്ങളുടെ ഏക ആശ്രയം . ‍ വണ്ടികളില്‍  സ്ഥലം ഇല്ലാതിരുന്നത് കൊണ്ട് അവര്‍ ഞങ്ങളെ ഒന്നിനുമുകളില്‍ ഒന്നായാണ് കിടത്തിയത്‌ . ഒരു ദയവുമില്ലാത്ത മനുഷ്യര്‍ . . ഞങ്ങള്‍ക്കൊന്ന് സംസാരിക്കുവാന്‍ പോലും സ്ഥലവും സൌകര്യവും അതില്‍ ഇല്ലായിരുന്നു .അഥവാ ഞങ്ങള്‍ ഒന്ന് ആഞ്ഞ്‌ ശ്രമിച്ചാല്‍  പാണ്ടിലോറിക്കാരന്‍ ഉള്‍പ്പെടെ ഞങ്ങള്‍ക്ക് മറിച്ചു കളയാമായിരുന്നു . എന്നിട്ടും ഞങ്ങള്‍ അത് ചെയ്തില്ല .കാരണം ഞങ്ങളില്‍ നഷ്ടപ്പെട്ടു പോകാത്ത അല്പം ദയകൂടി ബാക്കി ഞങ്ങളില്‍ ഉണ്ടായിരുന്നു .

ഞങ്ങള്‍ക്ക് പരിചയമില്ലാത്ത സ്ഥലത്ത് വന്നു എന്ന് പറഞ്ഞല്ലോ . ആളുകളുടെ സംസാരം ഞങ്ങള്‍ക്കൊട്ടും മനസിലാകുന്നില്ല . വഴിയിലെ മഴയും വെയിലും കൊണ്ട് ഞങ്ങളുടെ തൂവെള്ള നിറം പതുക്കെ നഷ്ടപ്പെടാന്‍ തുടങ്ങിയിരുന്നു .കൂടാതെ ഞങ്ങളുടെ ശരീരം കണ്ടിട്ടാകണം പുഴുക്കള്‍ പോലെ പലരും ഞങ്ങളിലേക്ക് അരിച്ചരിച്ചെത്തി. ഞങ്ങളുടെ ശരീരഭാഗങ്ങള്‍ രോഗം ബാധിച്ചു തുടങ്ങിയിരുന്നുവോ ? പതുക്കെ പതുക്കെ ഞങ്ങള്‍ അവരുടെ ഭാക്ഷ പഠിക്കുവാന്‍ ശ്രമിച്ചു . ഞങ്ങള്‍ ഇരിക്കുന്നത് ഏതോ വാണിഭ സ്ഥലമാണ് എന്നത് ഞങ്ങള്‍ക്ക് മനസിലായി . പുറത്തെ കാഴ്ചകള്‍ ഞങ്ങള്‍ ഗുഹയിലെ ദ്വാരങ്ങളില്‍ കൂടി കണ്ടു . പലരും ഞങ്ങളില്‍ പലരെയും ഒരു രാത്രിക്ക് വേണ്ടി ഒരു നേരത്തിന് വേണ്ടി വാങ്ങികൊണ്ടുപോകുന്നു . ഞങ്ങളെ വിട്ട് പോയവരാരും പിന്നീട് തിരികെ വരുന്നില്ല എന്ന് പതുക്കെ ഞാന്‍ മനസിലാക്കി .

ഒടുവില്‍ എന്‍റെ ഊഴവും വന്നു . എന്നെ വാങ്ങിക്കൊണ്ട് പോയവര്‍ ഏതോ ദ്രാവകം കുടിപ്പിച്ച് എന്‍റെ വയര്‍ വീര്‍പ്പിച്ചു .പിന്നീട് മര്‍ദ്ദന മുറകള്‍ തുടങ്ങി . എന്തിന് വേണ്ടിയാണ് ഇവര്‍ ഇത് ചെയ്യുന്നത് എന്ന് ചോദിക്കുവാന്‍ പോലും എന്‍റെ നാവ് അനങ്ങിയില്ല . നിശബ്ദയായി എല്ലാം സഹിക്കുകയായിരുന്നു . എന്‍റെ ശരീര ഭാഗങ്ങള്‍ പൊടിഞ്ഞു നുറുങ്ങുന്ന വേദന . പിന്നീട് അവര്‍ ചെയ്തത് എന്‍റെ പൊടിഞ്ഞു നുറുങ്ങിയ മേനി ഏതോ ദ്രാവകത്തില്‍ രാത്രി മുഴുവന്‍ കുതിര്‍ത്തു വെച്ചു. രാവിലെ ഏതോ ഒരുത്തന്‍ ഞങ്ങളെ തീയില്‍ ചുട്ടെടുക്കാന്‍ ശ്രമിക്കുന്നതുപോലെ .ഞങ്ങളെ ഒരു പരന്ന ചൂടുള്ള പാത്രത്തില്‍ കോരി നിരത്തി . കഷ്ടം മനുഷ്യര്‍ എന്ന മൃഗങ്ങള്‍ ഇത്ര ക്രൂരര്‍ എന്ന് അന്നാണ് ഞങ്ങള്‍ക്ക് ബോധ്യമായത് . ഇത്രയും യാതനകള്‍ സഹിച്ചിട്ടും ആ മനുഷ്യന്‍ പറഞ്ഞ ഒരു വാചകം ഞങ്ങളുടെ ചങ്ക് തളര്‍ത്തി .



" ശോശാമ്മോ , ഈ അരി ദോശക്ക് കൊള്ളില്ലെടിയെ , ഇതെല്ലാം കൂടെ കണസാ കുണസാ പോകുന്നെടി " . ഇനി നിങ്ങള്‍ പറയുക . മനുഷ്യര്‍ ഇത്ര ക്രൂരന്‍മാരാണോ ?

10 അഭിപ്രായങ്ങൾ:

ഏ.ആര്‍. നജീം പറഞ്ഞു...

ഹ ഹാ..... സംഗതി നല്ല ആശയമായിരുന്നു.

പക്ഷെ, സത്യം പറഞ്ഞാല്‍ അത് അവതരിപ്പിച്ചു വന്നതില്‍ വല്ലാത്തൊരു പോരായ്മ തോന്നുന്നു. എനിക്ക് തോന്നിയതാവുംട്ടോ...

ഒന്നുകൂടെ ശരിയാക്കാമായിരുന്നു. കാപ്പിലാന് അതു പറ്റും എന്നത് കണ്ടാട്ടോ ഇത് പറഞ്ഞത്..

ആശംസകളോടെ

വിജയലക്ഷ്മി പറഞ്ഞു...

abhipraayamezhuthaan enne vishamavruthhathhilaakki..kollaam enkilum..chila paaaymakal thonni..najeem paranjathu pole kappilaanu ithilum bangiyakkaanull marunnu swantham kailthanneyundu

ഞാന്‍ ആചാര്യന്‍ പറഞ്ഞു...

"ഞങ്ങള്‍ ഒന്ന് ആഞ്ഞ്‌ ശ്രമിച്ചാല്‍ പാണ്ടിലോറിക്കാരന്‍ ഉള്‍പ്പെടെ ഞങ്ങള്‍ക്ക് മറിച്ചു കളയാമായിരുന്നു . എന്നിട്ടും ഞങ്ങള്‍ അത് ചെയ്തില്ല .കാരണം ഞങ്ങളില്‍ നഷ്ടപ്പെട്ടു പോകാത്ത അല്പം ദയകൂടി ബാക്കി ഞങ്ങളില്‍ ഉണ്ടായിരുന്നു.... "

വളരെ മാനങ്ങള്‍ ഉള്ള കഥ. കൊള്ളാം കാപ്പിലാനെ

കാവാലം ജയകൃഷ്ണന്‍ പറഞ്ഞു...

ഒലക്കേടെ മൂട്. ആദ്യം ഇന്നലെ പറഞ്ഞ് പകുതിയാക്കി മനുഷ്യനു ഭ്രാന്തു പിടിപ്പിച്ച കഥേടെ ബാക്കി പറ. എന്നിട്ടെഴുതിയാല്‍ മതി വേറേ കഥ. ഇല്ലെങ്കില്‍ കൊള്ളിയില്‍ വെള്ളം ഒഴിച്ചു കെടുത്തും. പറഞ്ഞേക്കാം

നാടകക്കാരന്‍ പറഞ്ഞു...

aalukale vattakkukayanalle main hobi

കാപ്പിലാന്‍ പറഞ്ഞു...

എല്ലാവര്‍ക്കും നന്ദി . എന്നെക്കൊണ്ട് ചെയ്യാന്‍ കഴിയുന്നതെ എനിക്ക് ചെയ്യാന്‍ കഴിയൂ . ഇതിലും നന്നായി ഒരു ലോക ക്ലാസ്സിക്‌ പോലെ എഴുതണം എന്നും പണവും പ്രശസ്തിയും നേടണം എന്നും ആഗ്രഹം ഇല്ലാഞ്ഞിട്ടല്ല . എന്‍റെ വിധി :(

നിഴല്‍ ചിത്രങ്ങള്‍ എന്ന ഗവിതാ സംഹാരത്തിന് ശേഷം ഒരു കതാസംഹാരം വരുന്ന വര്‍ഷം പുറത്തിറക്കണം എന്ന ആഗ്രഹം ഉണ്ട് . ഇതും ഞാന്‍ കാശ് കൊടുത്താണ് പബ്ലിഷ് ചെയ്യുന്നത് കാരണം യാതൊരു കാരണവശാലും അബദ്ധത്തില്‍ പോലും ബ്ലോഗര്‍മാര്‍ ഈ പുസ്തകം വാങ്ങരുത് .ഇത് പബ്ലിഷ് ചെയ്യുന്നത് അമേര്ക്കക്കാരെ മലയാളം പഠിപ്പിക്കുക എന്ന ലക്ഷ്യത്തോട് കൂടിയാണ് . അതിന്റെ മുന്നോടിയായിട്ടാണ് ഞാന്‍ കതകള്‍ എഴുതാന്‍ തുടങ്ങുന്നത് . ഇനിയും ധാരാളം ഇതുപോലുള്ള കതകള്‍ ഉണ്ട് .

എല്ലാവര്‍ക്കും വീണ്ടും വീണ്ടും നന്ദി നന്ദി നന്ദി നമസ്കാരം .

Jayesh/ജയേഷ് പറഞ്ഞു...

എന്നാലും സംഭവം കൊള്ളാമായിരുന്നു..ആ ക്ലൈമാക്സ്...

ഗീത പറഞ്ഞു...

ഇത് പബ്ലിഷ് ചെയ്യുന്നത് അമേര്ക്കക്കാരെ മലയാളം പഠിപ്പിക്കുക എന്ന ലക്ഷ്യത്തോട് കൂടിയാണ് .......


അമേര്ക്കക്കാരുടെ കഷ്ടകാലം!

അമേര്ക്കക്കാരേ നിങ്ങള്‍ക്ക് ജീവനില്‍ കൊതിയുണ്ടെങ്കില്‍ ഓടി ഒളിച്ചോളൂ..

പട്ടേപ്പാടം റാംജി പറഞ്ഞു...

കൊള്ളാം. ഒന്നുകൂടി നന്നാക്കാമായിരുന്നു എന്നു തോന്നി.

ഗോപി വെട്ടിക്കാട്ട് പറഞ്ഞു...

നന്നായിട്ടുണ്ട് ...