തിങ്കളാഴ്‌ച

അഭിയുടെ മമ്മിയെ അറിയാന്‍ ?

മലയാള ബ്ലോഗിലെ ഇരുപത്തിയാറര കവികളുടെ ഒരു പുത്തന്‍ മുന്നേറ്റ നിരയാണ് ശ്രീ . സുനില്‍ പണിക്കര്‍ നേതൃത്വം നല്‍കുന്ന മലയാള കവിത എന്ന ബ്ലോഗ്‌ കൂട്ടായ്മ . ശ്രീ . ബാലചന്ദ്രന്‍ ചുള്ളിക്കാട് ഉള്‍പ്പെടെയുള്ള മലയാളത്തിലെ പ്രഗല്‍ഭ കവികള്‍ ഈ ബ്ലോഗില്‍ അംഗങ്ങള്‍ ആകുന്നു എന്നത് മാത്രമല്ല ഇതിന്റെ മേന്മ . വിമര്‍ശനങ്ങളും പ്രോത്സാഹനങ്ങളും കൊണ്ട് മലയാള ബ്ലോഗിലെ യുവ കവികളെ കയ്യില്‍ പിടിച്ചുയര്‍ത്തുക എന്ന ദൌത്യവും ഇതിന്റെ അമരക്കാരന്‍ പണിക്കര്‍ ചെയ്യുന്നുണ്ട് .

പലപ്പോഴും പണിക്കരുടെ വിമര്‍ശന ശരങ്ങളെ എല്ക്കുവാന്‍ കെല്‍പ്പില്ലാതെ മലയാള ബ്ലോഗിന്റെ ആശയും പ്രതീക്ഷകളുമായ ക്ഷുഭിത യൌവനങ്ങളായ നവ മുകുളങ്ങള്‍ വാടിപ്പോകുന്ന കാഴ്ചയും പലയിടങ്ങളിലും കാണാം എങ്കിലും ബ്ലോഗിലെ യുവ കവികളിലെ ഒരു ഹരമായി മലയാള കവിത മാറിയിരിക്കുന്നു എന്ന് വേണം കരുതുവാന്‍ . നല്ല കാര്യങ്ങള്‍ക്ക് ‍ കണ്ണു കിട്ടാതിരിക്കാന്‍ ചുണ്ണാമ്പ് തൊടുവിക്കുന്നത് പോലെ ഞാന്‍ എന്ന അരക്കവി കൂടി അവിടെ അംഗം എന്ന നിലയില്‍ പ്രവര്‍ത്തിക്കുന്നു എന്നതൊഴിച്ചാല്‍ മറ്റൊരു പോരായ്മകളും പ്രത്യക്ഷത്തില്‍ ‍ അവിടെ ഇല്ല എന്ന് തന്നെ വേണം പറയുവാന്‍ . പല നല്ല കവികളും കവിതകളും മലയാള കവിതയില്‍ വായനക്കാര്‍ക്ക് വേണമെങ്കില്‍ വായിക്കാം . അവര്‍ക്ക് നല്ലൊരു വായനാ സുഖം തരും എന്ന കാര്യത്തില്‍ തര്‍ക്കം വേണ്ട .

മലയാള കവിതയില്‍ ഈയിടെ പ്രസിദ്ധികരിച്ച ഒരു കവിതയാണ് ശ്രീ .അഭിജിത്ത് മടിക്കുന്നിന്റെ
" മമ്മി " എന്ന കവിത . മലയാള ബ്ലോഗ്‌ കവികള്‍ക്കിടയില്‍ വെറും ആറ് മാസം കൊണ്ട് സുപരിചിതന്‍ . ക്ഷുഭിത യൌവനം , മലയാള കവികള്‍ക്കിടയില്‍ കത്തിജ്വലിക്കുന്ന സൂര്യന്‍ , കുരുക്ഷേത്ര യുദ്ധത്തില്‍ ശകുനികളായ കിളവന്‍മാര്‍ക്കിടയിലെ സാക്ഷാല്‍ അഭിമന്യൂ !!. ഇനിയും ധാരാളം വിശേഷണങ്ങള്‍ വേണമെങ്കില്‍ നമുക്ക് പറയാം .മമ്മി എന്ന കവിത നിരൂപിക്കട്ടെ എന്ന് ചോദിച്ചപ്പോള്‍ സന്തോഷത്തോടെ അഭി സമ്മതം തന്നു എങ്കിലും അതിന് ശേഷമാണ് എനിക്ക് പറ്റിയ അബദ്ധം ഞാന്‍ മനസിലാക്കുന്നത്‌ .ഏത് കത്രിക പൂട്ടിട്ടാണോ കവി ഈ കവിതയുടെ വാതിലുകള്‍ വായനക്കാരുടെ മുന്നില്‍ അടച്ചു വെച്ചത് എന്ന് എത്ര ആലോചിച്ചിട്ടും എനിക്ക് പിടികിട്ടുന്നില്ല . മറ്റൊരു കവിതയും പഠിക്കുമ്പോള്‍ ഇത്രയും പ്രയാസം ഞാന്‍ നേരിട്ടിട്ടില്ല . എന്നാലും ആ കവിതയുടെ വാതായനങ്ങള്‍ വായനക്കാര്‍ക്ക് വേണ്ടി തുറക്കണം എന്ന വാശി കൊണ്ട് മാത്രം ഞാന്‍ ഒരു എളിയ ശ്രമം നടത്തി നോക്കട്ടെ . ശരിയാകണം എന്ന് യാതൊരു ഉറപ്പും എനിക്കില്ല . ഇനി ഇങ്ങനെയല്ല എങ്കില്‍ സാക്ഷാല്‍ കവി തന്നെ ഇതിന്റെ പൂട്ടുകള്‍ തുറക്കണം .മലയാള ബ്ലോഗിലെ വമ്പന്‍ കവികള്‍ ഈ കവിതയ്ക്ക് മുന്നില്‍ തോറ്റു പോയി എന്ന് പറയുമ്പോള്‍ നിങ്ങള്‍ എന്‍റെ ശ്രമത്തെ എത്രയധികം പുകഴ്ത്തും എന്നെനിക്കറിയാം .ആ പുകഴ്ത്തലുകള്‍ , വാഴ്ത്തുകള്‍ വീഴ്ത്തുവാന്‍ വേണ്ടിയാണ് ഞാന്‍ ഇങ്ങനെ ഈ കവിത പഠിക്കുന്നത് .

ശരിക്കും ഈജിപ്ത്യന്‍ മമ്മി പോലെ ഒരു മമ്മിയാണ് ഈ കവിതയില്‍ കാണുന്ന മമ്മിയും . അതുകൊണ്ടാണ് ഇതിന്റെ പൂട്ടുകള്‍ തുറക്കുവാന്‍ ഇത്രയധികം പ്രയാസം നേരിടുന്നത് . വെറും പതിനൊന്ന് വരികളില്‍ ഒരു സയന്റിഫിക് ഫിക്ഷന് തന്നെ വായനകാര്‍ക്ക് വേണ്ടി അഭി നല്‍കിയിരിക്കുകയാണ് . പണിക്കര്‍ കവിതയില്‍ പറയുന്നു . തീവ്രമായ വികാരങ്ങളെ മാത്രം ‍ ആവിഷ്കരിക്കുവാന്‍ ഉള്ള വേദിയാണ് മലയാള കവിത . വെറുതെയുള്ള പിച്ചും പേയും പറയാതിരിക്കൂ കുട്ടി എന്ന് . ഒരിക്കലും പണിക്കരെ പോലുള്ള ഒരു കവി പറയുവാന്‍ പാടില്ലാത്തതാണ് മുകളില്‍ പറഞ്ഞത് എങ്കിലും അതിന്റെ നല്ല വശങ്ങളെ സ്വീകരിക്കുവാന്‍ അഭി എന്ന യുവ കവിക്ക്‌ കഴിഞ്ഞു എന്നത് അഭിയെ മറ്റുള്ള കവികളില്‍ നിന്നും വ്യത്യസ്തനാക്കുന്നു . സാധാരണക്കാരനും , നല്ലൊരു കവിക്കും വെറും പിച്ചും പേയുമായി ഈ കവിത തോന്നാം എങ്കിലും നാല് ദിവസത്തെ ഹൃദയ ക്ലേശങ്ങള്‍ , മന: പീഡകള് എന്നിവയെ ആണ് ‍ കവി പതിനൊന്ന് വരികളില്‍ ആവിഷ്കരിക്കുന്നത് എന്ന് നാം ഓര്‍ക്കണം .

ഇനി എന്താണ് കവിക്ക്‌ നേരിടേണ്ടി വരുന്ന ഹൃദയ ക്ലേശങ്ങള്‍ എന്ന് നമുക്ക് നോക്കാം . ഞാന്‍ മുന്‍പ് പറഞ്ഞിരുന്നുവല്ലോ , ശരിക്കും കോടാലി തന്നെ വേണ്ടി വന്നു ഈ കവിതയെ വെട്ടിക്കീറി എടുക്കുവാന്‍ . തെറ്റുകള്‍ സദയം ക്ഷമിച്ചു മാപ്പ് തരണം .
ഒരു പതിനെട്ടുകാരന്റെ ചിന്താ സരണികളെ മദിപ്പിക്കുന്ന പദങ്ങളാകാം ശുക്ലം , കോഴി , മുല , പ്രസവം എന്നിവ എന്ന് ആദ്യ വായനയില്‍ തോന്നാം എങ്കിലും അതിനപ്പുറമായി നിഗൂഡതയില്‍ ഒളിപ്പിച്ച നിധി എന്താകും ? ഒരു യുവാവിന്റെ സ്വപനത്തില്‍ പോലും മേല്‍ പറഞ്ഞ ശുക്ലം പുറത്തു ചാടിയാല്‍ അവനെ പറഞ്ഞിട്ട് കാര്യമില്ല കാരണം ആ വ്യക്തിയുടെ പ്രായമാകും അങ്ങനെ ഒരവസ്ഥയില്‍ കൊണ്ട് ചെന്നെത്തിക്കുക . കേവലം ഉപരിപ്ലവമായ ബിംബങ്ങളില്‍ ഈ കവിത തീരുന്നില്ല മറിച്ച് കവിതയുടെ ,സമൂഹത്തിന്റെ , സയന്‍സിന്റെ , ഔന്നത്യ ഭാവങ്ങളില്‍ ഈ കവിത തൊട്ട് തൊട്ട് നില്‍ക്കുന്നു എന്ന് രണ്ടാമത്തെ വായനയില്‍ മനസിലാക്കാം .

ഒരു പ്രവചനം പോലെയാണ് ആദ്യ രണ്ട് വരികള്‍ തുടങ്ങുന്നത് .

കോഴിക്കുഞ്ഞ് കുറുക്കന്റെ മുല കുടിക്കുന്ന നാള്‍
എന്റെ ബീജത്തില്‍ നിന്ന് അമ്മയില്ലാതെ ഒരു പെണ്‍കുട്ടി ജനിക്കും.

ലോകം പരസ്പരം കൊന്നും കൊലവിളിച്ചും നടക്കുമ്പോള്‍ കവി പറയുകയാണ്‌ , എന്‍റെ ബീജത്തില്‍ നിന്നും അമ്മയില്ലാതെ ഒരു പെണ്‍ കുട്ടി ജനിക്കും . സ്നേഹമാണ് അഖില സാരമൂഴിയില്‍ എന്ന കവി വചനം കവി ഇവിടെ ധ്വനിപ്പിക്കാതെ തന്നെ ധ്വനിപ്പിക്കുന്നു .ഒരു കുറുക്കന്‍ കോഴിയെ കണ്ടാല്‍ എന്താണ് സംഭവിക്കുക എന്ന് നമുക്കറിയാം . അതിനൊരു വിശദീകരണം വേണ്ട . എന്നാല്‍ ഇവിടെ ഒരു കുറുക്കന്‍ കോഴിക്ക് മുല കൊടുക്കുന്നു .മാത്രമല്ല
കവി ആഗ്രഹിക്കുന്നതും ഒരു പെണ്‍കുട്ടിയെ എന്നത് പ്രത്യേകം ശ്രദ്ധിക്കുക .പെണ്‍ ഭ്രൂണഹത്യകള്‍ നടക്കുന്ന നാട്ടില്‍ ഒരു പെണ്‍ കുട്ടി ജനിക്കണം അല്ലെങ്കില്‍ ജനിപ്പിക്കണം എന്ന് പറയുമ്പോള്‍ തന്നെ കവിയുടെ മനസിലെ വിഹ്വലതകള്‍ നമുക്ക് മനസിലാക്കാം .അങ്ങനെ പരസ്പരം സ്നേഹിച്ചും സ്ത്രീ പീഡനങ്ങളും , സ്ത്രീധനവും ഇല്ലാത്ത നാട്ടില്‍ ( അങ്ങനെ ഒരു നാട് ഉണ്ടാകുമെങ്കില്‍ , അവിടെ ) കവിയുടെ ബീജത്തില്‍ നിന്നും ഒരു പെണ്‍കുഞ്ഞ് ജനിക്കും . ഈ രണ്ട് വരികള്‍ മാത്രം മതി കവിതയുടെ മൊത്തം ഗുണം നമുക്ക് മനസിലാക്കാന്‍ .

അടുത്ത വരികളില്‍ എന്താണ് സംഭവിക്കുന്നത്‌ എന്ന് നോക്കാം .അങ്ങനെ പെണ്‍കുഞ്ഞ് ഉണ്ടായി കഴിഞ്ഞാല്‍ അവള്‍ക്ക്‌ ( കവിയുടെ മകള്‍ക്ക് ) എന്തൊക്കെ കവി ചെയ്തുകൊടുക്കും എന്നതാണ് അടുത്ത വരികളില്‍ .താഴെ കൊടുത്തിരിക്കുന്ന വരികളാണ് ഈ കവിതയുടെ കാതല്‍ അല്ലെങ്കില്‍ നിധി എന്ന് വിശേഷിപ്പിക്കാന്‍ കഴിയുന്ന ഭാഗം .
എന്റെ മകള്‍ക്ക് പേറ്റുനോവിന്റെ കഥ പറഞ്ഞു കൊടുക്കാന്‍
ഞാന്‍ തള്ളക്കോഴിയെ ഗസ്റ്റ്‌ ലക്ചറര്‍ ആക്കും.
മുലയില്ലാത്ത ആ കോഴി,പാല്‍ തീര്‍ന്നതറിയാതെ ചോര ചുരത്തിയ
ഒരമ്മയുടെ കഥ പറഞ്ഞുകൊടുക്കും.


 ഇന്നത്തെ പെണ്‍കുട്ടികള്‍ പ്രസവിക്ക്വാന്‍ ഇഷ്ടപ്പെടാത്ത കുട്ടികളാണ് . പെറ്റു നോവുകള്‍ കടം കഥകള്‍ ആയി മാറുന്ന കാലത്താണ് കവിയുടെ ജനനം , വളര്‍ച്ച എന്നത് പ്രത്യേകം ശ്രദ്ധിക്കുക . പലരും കോഴികളെ പോലെ മുട്ടയിട്ടു വിരിയിക്കുവാന്‍ ആഗ്രഹിക്കുന്നു . കോഴിക്ക് മുട്ടയിടുമ്പോള്‍ ഉണ്ടാകുന്ന ഇത്തിരി വേദന ആവില്ല ആന പ്രസ വിക്കുമ്പോള്‍ .കോഴി മുട്ടയിട്ടാല്‍ ആ പ്രദേശം മുഴുവന്‍ കൂവി നാറ്റിക്കും . എങ്കിലും പേറിന്റെ വേദന പറഞ്ഞു കൊടുക്കാന്‍ തള്ളക്കോഴിയെ തന്നെ കവി ഗസ്റ്റ് ലക്ചറര്‍ ആക്കും. അത്ര പോലും പ്രസവ വേദന ആ കാലത്ത് ഉണ്ടാകുകയില്ല എന്ന കവി നമ്മെ ഉത് ബോധിപ്പിക്കുന്നു .മാത്രമല്ല മുലയില്ലാത്ത കോഴി പാല്‍ തീര്‍ന്നത് അറിയാതെ ചോര ചുരത്തിയ അമ്മയുടെ കഥ പറഞ്ഞു കൊടുക്കും . ഇന്ന് മക്കളെ മുലയൂട്ടുന്ന എത്ര സ്ത്രീകളുണ്ട് ? എത്ര തരം ബേബി ഫുഡ്‌ മാര്‍ക്കറ്റില്‍ ലഭ്യമാണ് . എന്നാല്‍ മുലപ്പാലിന്റെ അത്ര ഗുണം മറ്റെന്തിന് ഉണ്ടാകും എന്നത് സ്ത്രീജനങ്ങള്‍ , പുരുഷ പ്രജകള്‍ സ്വയം ചിന്തിക്കുക . മലയാളത്തിലെ കവിതകളെ അവലോകനം ചെയ്യുമ്പോള്‍ കൂഴൂരിനെ സ്പര്‍ശിക്കാതെ മുന്നോട്ടു പോകാന്‍ കഴിയില്ല എന്ന സ്ഥിതി വന്നിരിക്കുന്നു . കൂഴൂരിന്റെ ഉപമയിലെ ആട് എന്ന കവിത ഈ സമയം ഓര്‍ക്കുന്നത് നന്നാകും .കാരണം , ആ ആടും ഇങ്ങനെ പാല് കൊടുത്ത് കൊടുത്ത്‌ ചോര ഊട്ടിയ ഒരാടാണ് . അവസാനം നില്‍ക്കക്കള്ളി ഇല്ലാതെ വീട് വിട്ട് ഓടുകയായിരുന്നു ആ പാവം ആട് .

ഇന്ത്യയിലെ രാഷ്ട്രീയമാണ് അടുത്ത വരികളില്‍ കാണുന്നത് .

സ്വന്തം മൂത്രത്തിലൂടെ അവള്‍ കണ്ണീരിന്റെ രുചി അറിയും.

ഗോമൂത്ര ഷാമ്പൂ , ചാണക രസായനം , ഗോമൂത്ര കോളാ എന്നിവ ഉടനെ തന്നെ മാര്‍ക്കറ്റില്‍ എത്തും എന്നത് നമുക്കറിയാം . മാത്രമല്ല മറ്റൊരു കാര്യവും കവിതയില്‍ പറയുന്നുണ്ട് . മൂത്രത്തിനും കണ്ണീര്‍ തുള്ളിക്കും ഒരേ രുചി ആണെന്നും . ഇത് കുടിച്ചാല്‍ നമ്മുടെ മൊറാര്‍ജി ദേശായിയെപോലെ ദീര്‍ഘയുസ് ഉണ്ടാകും എന്നും ഒറ്റ വരിയില്‍ പറഞ്ഞു വെയ്ക്കുന്നു .
അടുത്ത വരികളാണ് ഇതിന്റെ ദുഃഖ പര്യവാസാനം എന്ന് വേണമെങ്കില്‍ വിശേഷിപ്പിക്കാവുന്നത്‌ .

എങ്കിലും ഈ ഭൂമിയില്‍ ജനിക്കാന്‍ കഴിഞ്ഞ അവളുടെ ഭാഗ്യമോര്‍ത്തു
എന്നോ മരിച്ച ഒരച്ഛന്‍ വായ കൊണ്ട് കരയും.
പിന്നെയും ഇവിടെ പെണ്‍കുട്ടികള്‍ ജനിച്ചു കൊണ്ടേയിരിക്കും.
പക്ഷെ..


ഇത്രയൊക്കെ സുഖ സൌകര്യങ്ങള്‍ അതായത് പരസ്പരം സ്നേഹം , കരുതല്‍ , സ്ത്രീധനം ഇല്ലാത്ത പീഡനം ഇല്ലാത്ത ,പ്രസവ വേദന ഇല്ലാത്ത , മൂല ഊട്ടണ്ടാത്ത ഈ ഭൂമിയില്‍ ജനിച്ച ഭാഗ്യമോര്‍ത്ത് എന്നോ മരിച്ചു പോയ അവളുടെ അച്ഛന്‍ കരയും എങ്കിലും അപ്പോഴും ഈ ഭൂമിയില്‍ പെണ്ണുങ്ങള്‍ ജനിച്ച് കൊണ്ടേ ഇരിക്കും . എത്ര ഭാഗ്യകരമായ ഒരവസ്ഥയാണ് സ്ത്രീകള്‍ക്ക് കൈവരുവാന്‍ പോകുന്നത് എന്നോര്‍ത്ത് എല്ലാവരും സന്തോഷിപ്പീന്‍ .
പക്ഷേ !!
ആ പക്ഷേ നിങ്ങള്‍ ശ്രദ്ധിച്ചുവോ കവി ശ്രെഷ്ടന്മാരെ ?

ആ പക്ഷേ ഒരു ചോദ്യമായി തന്നെ നിര്‍ത്തിക്കൊണ്ട് എന്‍റെ ആസ്വാദനം ഇവിടെ അവസാനിപ്പിക്കുന്നു . കവിക്ക്‌ എല്ലാ ആശംസകളും . ഇനിയും ഈ കവിത മനസിലായില്ലെങ്കില്‍ , തീവ്രത പോരാ എങ്കില്‍ ഒരു കവിത എന്ന നിലയില്‍ ഒരു തികഞ്ഞ പരാജയമായി മാത്രം ഈ കവിത തീരട്ടെ .ആശംസകള്‍ . അന്നും ഇന്നും ഒരു ഈജിപ്ത്യന്‍ മമ്മിയെ പോലെ ജീവിക്കുന്ന സ്ത്രീകളെ ഓര്‍ത്ത്‌ ഒരു പതിനെട്ടുകാരന്റെ ആത്മ രോഷം എനിക്കീ കവിതയില്‍ ദര്‍ശിക്കാന്‍ കഴിഞ്ഞു എങ്കില്‍ ആ കവിത ഒരു വിജയമായിരുന്നു എന്ന് ഞാന്‍ വളരെ ശക്തമായി പ്രസ്താവിക്കുന്നു .

എനിക്ക് കയ്യടി കയ്യടി കയ്യടി ......

കവിക്ക്‌ പൂച്ചെണ്ട് .പൂച്ചെണ്ട് പൂച്ചെണ്ട് .

മമ്മി

7 അഭിപ്രായങ്ങൾ:

രാമചന്ദ്രൻ വെട്ടിക്കാട്ട് പറഞ്ഞു...

!!!!!!!!!!

അഭിജിത്ത് മടിക്കുന്ന് പറഞ്ഞു...

ഇത്രയ്ക്കും വേണ്ടായിരുന്നു കാപിലാനേ;)
ഏതായാലും കാപ്പിലാന്‍ നിരൂപണവൈദഗ്ദ്യം തെളിയിച്ചു.;):)
എനിക്കു കിട്ടുന്ന തല്ല് ഷെയര്‍ ചെയ്യാന്‍ ആളെ കിട്ടിയതില്‍ സന്തോഷം കാപ്പിലാനേ.

അജ്ഞാതന്‍ പറഞ്ഞു...

കവിത ഒരു വിജയമാണ് എന്ന്
ഞാനും വളരെ ശക്തമായി പ്രസ്താവിക്കുന്നു..

ഏ.ആര്‍. നജീം പറഞ്ഞു...

സമയക്കുറവുമൂലം വായന തീരെ ഇല്ലാത്തതിനാല്‍ ഞാന്‍ വായിക്കാതെ പോയ ഒരു നല്ല പോസ്റ്റായിരുന്നു അഭിജിതിന്റെ മമ്മി..

നല്ല രീതിയില്‍ അതിനെ കാപ്പിലാന്റെ തന്നെ ഭാഷയില്‍ പറഞ്ഞാല്‍ പോസ്റ്റ്മാര്‍‌ട്ടം നടത്തിയെങ്കിലും അതിലേറെ ആ വരികളിലൂടി വായനക്കാര്‍ക്ക് വായിക്കാന്‍ ആവുന്നു എന്നതാ സത്യം

ഈ നല്ല കവിതയെ പരിചയപ്പെടുത്തിയ കാപ്പിലാനും അഭിജിതിനും അഭിനന്ദനങ്ങള്‍...

Akbar പറഞ്ഞു...

നിരൂപണത്തെ നിരൂപിക്കാന്‍ ഞാനാളല്ല. കവിതയുടെ പൊരുളറിയാന്‍ വിശകലനം ഉപകാരപ്പെട്ടു. അഭിജിത്തിനും കാപിലാനും ആശംസകള്‍.

Sureshkumar Punjhayil പറഞ്ഞു...

Theerthum swagatharaham.. Abhinandanarham...!!!

manoharam, Ashamsakal... Kavikkum, Niroopakanum...!!!

Mohamed Salahudheen പറഞ്ഞു...

ബെസ്റ്റ് ക്രിറ്റിസിസം