ഞായറാഴ്‌ച

നിര്‍വ്വചിച്ചില്ല എന്ന് പറയരുത്‌

ചില കാര്യങ്ങള്‍ , വസ്തുതകള്‍ എത്ര നിര്‍വചിച്ചാലും
നിര്‍വ്വചിക്കപ്പെടാതെ പോകും .
ഉദാഹരണത്തിന് ,
ഒരേ ദിശയില്‍,ഒരേ പാതയില്‍, ഒരേ വേഗതയില്‍ പോകുന്ന എല്ലാം
ഒരേ വേഗതയല്ല എന്ന് പറഞ്ഞാല്‍ നിനക്ക് മനസിലാകണം എന്നില്ല .

വ്യക്തമാക്കാം
വെള്ളത്തിലെ വരാലിനെ നീ പിടിക്കാന്‍ ശ്രമിച്ചിട്ടുണ്ടോ
വരാല്‍ വഴുതി വഴുതി ഒരു പോക്കില്ലേ
അത് പോലെ ഒരു ലത്‌ പിന്നെ ഒരിത്

കുറച്ച് കൂടി വ്യക്തമാക്കി പറഞ്ഞാല്‍
അബുദാബി - അലൈന്‍ റോഡില്‍ രാത്രിയില്‍
ട്രെയിലര്‍ ഇടിച്ചു ചരിഞ്ഞ ഒട്ടകമാവില്ല
ചിക്കാഗോ ഡിട്രോയിറ്റ് I-94 ഫ്രീവേയില്‍ രാത്രിയില്‍
എസ്.യൂ .വി ക്ക് മുന്നില്‍ ചാടിയ ഒരു മാന്‍
രണ്ടിലും മരണം ഉറപ്പാകും
പിന്നെയും ഒരിതില്ലേ , ലത് പോലെ


നല്ലൊരു ശമര്യാക്കാരന്‍ ആകാതിരുന്നത് കൊണ്ടല്ല
റോഡ്‌ അപകടത്തില്‍ പെട്ട് പിടഞ്ഞ ഒരണ്ണാന്‍ കുഞ്ഞിന്റെ തലയില്‍
എന്‍റെ വണ്ടിയുടെ വലതു വശത്തെ ചക്രം കയറി ഇറങ്ങിയത്‌
എന്‍റെ വേഗത എന്‍റെ നിയന്ത്രണങ്ങള്‍ക്കും അപ്പുറം ആയതുകൊണ്ടോ
റോഡിലെ അണ്ണാന്‍ ഒരൊട്ടകമൊ മാനോ ആകാതിരുന്നത് കൊണ്ടാകും
എന്ന് പറഞ്ഞാല്‍ ഒരു പൊക പോലെ എന്തോ മനസിലായി എന്നര്‍ത്ഥം അല്ലേ


കുറച്ച് കൂടി വ്യക്തമായി, നിനക്ക് മനസിലാകുന്ന ഭാഷയില്‍ പറഞ്ഞാല്‍
അജമാനിലെ മത്സ്യ മാര്‍ക്കറ്റിന്റെ ഉള്ളിലെ
കിലോയ്ക്ക് മൂന്നു ദിര്‍ഹം വാങ്ങി മീന്‍ വെട്ടുന്ന പാണ്ടി ചെറുക്കന്റെ ഭാഷയാകില്ല
ഡിയര്‍ബോണ്‍ ‍ മാര്‍ക്കറ്റില്‍ ആടിനെ വെട്ടുന്ന അറബിയുടെ ഭാഷ
രണ്ടിലും ഇപ്പോള്‍ ഒരിത് തോന്നുന്നില്ലേ ലത് പോലെ


അല്ലെങ്കില്‍

വേരുകള്‍ ഉയരത്തിലാക്കി തലകുത്തിപോയ ഡിട്രോയിറ്റ് റോഡ്‌ അരുകിലെ മരങ്ങള്‍ ആവില്ല
മരുഭൂമിയിലെ ദുബായില്‍ റോഡ്‌ അരികില്‍ കാണുന്ന പച്ച പിടിച്ച മരങ്ങള്‍

ഇനിയും വ്യക്തമായില്ല എങ്കില്‍

ഒട്ടകങ്ങളെ ,
മാനുകളെ ,
റോഡുകളെ ,
റോഡില്‍ ചത്തു പോകുന്ന അണ്ണാന്‍ കുഞ്ഞുങ്ങളെ ,
തലകുത്തിപ്പോയ മരങ്ങളെ ,
മത്സ്യ മാര്‍ക്കറ്റില്‍ തലയറുക്കപ്പെട്ട
ചത്തുപോയ മത്സ്യങ്ങളെ ,
തലതൂക്കിയിട്ട ആടുകളെ , കാളകളെ ,
ഏത് ഭാഷയില്‍ നിര്‍വ്വചിക്കും.

13 അഭിപ്രായങ്ങൾ:

അനാഗതശ്മശ്രു പറഞ്ഞു...

നിര്‍ വാണം പ്രാപിച്ചവരെ ഒക്കെ നിര്‍ വചിച്ചു

ഗോപി വെട്ടിക്കാട്ട് പറഞ്ഞു...

ശരിക്കും നിര്‍വചിച്ചു ..കാപ്പിലാന്‍...
മസ്സിലായി... ലതല്ല ..ഇത് എന്നല്ലേ...

sunil panikker പറഞ്ഞു...

കാപ്പിലാൻ തകർക്കുന്നു..

അനില്‍ കുരിയാത്തി പറഞ്ഞു...

കൊള്ളാം കാപ്പിലാന്‍ ജി
"തോന്ന്യശ്രമം" വിട്ടു ഇടക്ക് ഇക്കണ്ട ലോകങ്ങലെല്ലാം കറങ്ങിയോ ?
എല്ലാം മനസ്സിലായില്ലെങ്കിലും ഒന്നറിഞ്ഞു "ലതല്ല ..ഇതെന്ന്",...
ഇതിലും ലളിതമായി പറയാന്‍ ഇനിയാര്‍ക്കാവും
നല്ലത് വളരെ നല്ലത് ഇനിയും കാതോര്‍ക്കാം ,..
ഈ ശബ്ദ്ദത്തിനായി ,...
ആശംസകള്‍ ,...............

അപ്പോള്‍ ,..:ലതല്ല ...........അത് അല്ലേ ",....ഹി ഹി ഹി ഹി

ഹാരിസ് പറഞ്ഞു...

നമിച്ചേ........
:)-

അജ്ഞാതന്‍ പറഞ്ഞു...

കാപ്പിലാനേ,
എന്തോ വെട്ടിപ്പിടിക്കാനുള്ള മനുഷ്യന്റെ ഓട്ടത്തിനിടയില്‍ ജീവിതങ്ങള്‍ ഇല്ലാതാകുന്നത് ആരറിയുന്നു. മൃഗമായാലും മനുഷ്യനായാലും. ഇതെല്ലാം കാണുമ്പോഴും മനുഷ്യനുണ്ടാകുന്നത് ഒരു "ലതാണ്"

പ്രയാണ്‍ പറഞ്ഞു...

:)

പള്ളിക്കുളം.. പറഞ്ഞു...

"മരുഭൂമിയിലെ ദുബായില്‍ റോഡ്‌ അരികില്‍ കാണുന്ന പച്ച പിടിച്ച മരങ്ങള്‍ "

- പച്ച പിടിച്ചില്ല, പിടിക്കാനിട്ടോടിച്ചാരുന്നു.
എന്നു പറയുമ്പോൾ ഒരു ലത് ഇല്ലേ.. ഇല്ലേ? സത്യം പറ..
:)

പകല്‍കിനാവന്‍ | daYdreaMer പറഞ്ഞു...

കാപ്പൂ, ഹാരിസ്‌ പറഞ്ഞപോലെ :):)

ഞാന്‍ ആചാര്യന്‍ പറഞ്ഞു...

"ഒട്ടകങ്ങളെ ,
മാനുകളെ ,
റോഡുകളെ ,
റോഡില്‍ ചത്തു പോകുന്ന അണ്ണാന്‍ കുഞ്ഞുങ്ങളെ ,
തലകുത്തിപ്പോയ മരങ്ങളെ ,
മത്സ്യ മാര്‍ക്കറ്റില്‍ തലയറുക്കപ്പെട്ട
ചത്തുപോയ മത്സ്യങ്ങളെ ,
തലതൂക്കിയിട്ട ആടുകളെ , കാളകളെ ,
ഏത് ഭാഷയില്‍ നിര്‍വ്വചിക്കും."


വൗ കാപ്പിലാന്‍!

Sureshkumar Punjhayil പറഞ്ഞു...

Ariyumayirunnenkil njan Malayalathil thanne nirvachikkumayirunnu...!!!

Manoharam... Ashamsakal...!!!

രാമചന്ദ്രൻ വെട്ടിക്കാട്ട് പറഞ്ഞു...

ഇപ്പൊ ഒരിത് തോന്നുന്നുണ്ട്..

കാപ്പിലാന്‍ പറഞ്ഞു...

വായിച്ചവര്‍ക്കും അഭിപ്രായം അറിയിച്ചവര്‍ക്കും നന്ദി :)