വ്യാഴാഴ്‌ച

പകലന്റെ P R O ഒരു പഠനം

മലയാള ബ്ലോഗില്‍ വളരെ ചുരുങ്ങിയ നാളുകള്‍ കൊണ്ട് ശ്രദ്ധേയനായ ഒരു കവിയാണ്‌ പകല്‍ കിനാവന് ‍ എന്ന ശ്രീ . ഷിജു ബഷീര്‍ .വായനക്കാരുടെ മണ്ഡരി ബാധിക്കാത്ത മനോമണ്ഡലങ്ങളില്‍ ചിന്തയുടെ പുത്തന്‍ വിത്തുകള്‍ വാരി വിതറുന്ന വരികളാണ് ആ തൂലികയില്‍ നിന്നും ഉതിര്‍ന്നു വീഴുന്നത് എന്നത് രണ്ടാമതൊന്നു കൂടി ചിന്തിക്കാതെ നമുക്കറിയാം . നല്ലൊരു കവി മാത്രമല്ല പകല്‍ കിനാവാന്‍ . ഫോട്ടോഗ്രാഫര്‍ , ഗ്രാഫിക് ഡിസൈനര്‍ എന്നീ നിലയിലും ശ്രീ ബഷീര്‍ തന്റെ കഴിവ് തെളിയിച്ചിട്ടുണ്ട് .അടുത്ത കാലത്ത് ഏഷ്യ നെറ്റില്‍ അദ്ദേഹത്തെ കുറിച്ച് വന്നത് നാം കണ്ടതാണല്ലോ .

നല്ല കവിതകളെ അടുത്തറിയാന്‍ തൊട്ട് നോക്കണം എന്നത് പോലെ തന്നെ ഒരോ കവിതകളും നമുക്ക് മനസിലാക്കണം എങ്കില്‍ അവയെ അടുത്തു നിന്ന് നോക്കണം . ഒറ്റ വായനയില്‍ വായനക്കാരുടെ മനസ്സില്‍ ഒന്നും കത്തില്ല .അങ്ങനെയുള്ള കവികള്‍ക്ക് / കവിതകള്‍ക്ക് വേണ്ടിയാണ് എന്നെ പോലെ വിവരവും വിദ്യാഭ്യാസവും ഉള്ള നിരൂപകരെ / ആസ്വാദകരെ ബ്ലോഗില്‍ ആവശ്യം എന്ന് പറയുന്നത് :) . ഇന്നലെ ഞാന്‍ ബ്ലോഗ്‌ എഴുത്ത് നിര്‍ത്തിയതായിരുന്നു എന്നാല്‍ ഇങ്ങനെ ഒരു കവിത വെറുതെ കിടക്കുമ്പോള്‍ ഞാന്‍ അതിനെക്കുറിച്ച് എഴുതിയില്ലെങ്കില്‍ എന്ത് ചെയ്യും എന്ന് കരുതി മാത്രം വീണ്ടും എഴുതുന്നു .ഇതെഴുതി കഴിഞ്ഞാല്‍ വീണ്ടും ഞാന്‍ ബ്ലോഗ്‌ എഴുത്ത് നിര്‍ത്തും .

കഴിഞ്ഞ ദിവസം ശ്രീ പകല്‍ എഴുതിയ കവിതയാണ് P.R. O . എന്താണ് കവിതയും പി ആര്‍ ഓ എന്ന തലക്കെട്ടുമായിട്ടുള്ള ബന്ധം എന്ന് ചോദിക്കരുത് .കഥയില്‍ കവിതയില്‍ ചോദ്യങ്ങളില്ലല്ലോ . V. I. P എന്നാല്‍ വെറുതെ ഇരിക്കുന്ന പിതാവ് എന്നതുപോലെ P.R.O യില്‍ അങ്ങനെ വല്ല അര്‍ത്ഥങ്ങളും ഉണ്ടോ എന്ന് നമുക്കാദ്യം പരിശോദിക്കാം .പതിവായി രാത്രിയില്‍ ഊറ്റുന്നത് അല്ലെങ്കില്‍ വീശുന്നത് എന്ന അര്‍ത്ഥത്തിലാകും കവി ഈ തലക്കെട്ട്‌ തിരഞ്ഞെടുത്തത് എന്ന് നിങ്ങള്‍ കരുതിയാല്‍ നിങ്ങള്‍ക്ക് തെറ്റി . അതിനാണ് കിഡ്നി വേണം കിഡ്നി വേണം എന്ന് ഞാന്‍ പലപ്പോഴും പറയാറുള്ളത് .ഇതിനു ആദ്യം കൂഴൂരിന്റെ ചോല്‍ക്കാഴ്ചയിലെ ഒരു അനോണി കമെന്റ് നോക്കുക . അതില്‍ പകലനെ പി. ആര്‍ . ഓ എന്നൊരു അനോണി വിശേഷിപ്പിച്ചിരിക്കുന്നു . അതിലെ ഊര്‍ജ്ജമാണ് ഈ കവിതയ്ക്ക് പിന്നില്‍ , ഇത്തരമൊരു കാവ്യം ഉടലെടുക്കുവാന്‍ തന്നെ കാരണം !! .

പല രീതിയില്‍ നമുക്ക് ഈ കവിതയെ വിലയിരുത്താം . ആദ്യം നമുക്ക് പകല്‍ കിനാവന്റെ പുതിയ ബ്ലോഗ്‌ വരെ പോയി അതിന്റെ പുതിയ ഹെഡര്‍ കണ്ടു തിരികെ വരാം . അതില്‍ അമ്പെയ്തു രക്തത്തില്‍ കുളിച്ചു കിടക്കുന്ന ഒരു മനുഷ്യ രൂപം കാണാം . ഇതാരാകും എന്ന ചോദ്യം ഞാന്‍ വിട്ട് തന്നിട്ട് എന്‍റെ ദൌത്യം തുടരട്ടെ . മാത്രമല്ല ആ രൂപത്തിലേക്ക് തന്നെ നോക്കിയിരിക്കുന്ന പകലന്‍ എന്ന ഒറ്റക്കണ്ണന്‍ അല്ല രണ്ട് കണ്ണും ഉള്ള ഒരു മനുഷ്യ രൂപം . ഇത് ഇണക്കുരുവികളില്‍ ഒരെണ്ണം വീണു പിടയുന്നത് കാണുന്ന കാതരയായ കുരുവിയോ അതോ മലര്‍ ശരം ഏറ്റതോ എന്നൊക്കെ വായനക്കാര്‍ ചിന്തിക്കട്ടെ . അവയിലേക്ക് ഇപ്പോള്‍ കടക്കുവാന്‍ ഉദ്ദേശമില്ല .മാനിഷാദ എഴുതിയ വാല്മീകിയെ നമ്മള്‍ ഈ സമയം ഓര്‍ക്കുന്നത് നന്നാകും . ഒരു വേടന്‍ ഇല്ലായിരുന്നു എങ്കില്‍ ഒരിക്കലും ഇത്തരത്തില്‍ ഒരു മഹാകാവ്യം ഉണ്ടാകുമായിരുന്നില്ല . അതേ പോലെ ഒരനോണി ഇല്ലായിരുന്നു എങ്കില്‍ ഒരിക്കലും ഇത്തരത്തില്‍ ഒരു കാവ്യം ആ തൂലികയില്‍ നിന്നും പിറക്കുമായിരുന്നില്ല. ഈ സമയം ആ അനോണിക്ക് എന്‍റെ പേരില്‍ നന്ദി അറിയിക്കുന്നു .അനോണികള്‍ പ്രതിസന്ധി നേരിടുന്ന ഈ അവസരത്തില്‍ ഇത്തരം അനോണികള്‍ ബൂലോകത്തിന്റെ ഉപ്പാണ് എന്ന് മനസിലാക്കാം . ഉപ്പു കാരമില്ലാതെ പോയാല്‍ എന്തിന് കൊള്ളാം , വെറുതെ പുറത്തു കളയാം എന്നല്ലാതെ എന്ന ബൈബിള്‍ വാക്യം ഈ സമയം ഓര്‍ക്കുന്നു എങ്കില്‍ തീര്‍ച്ചയായും ഈ കവിതയുടെ വിജയമാണ് .

ഇനി കവിതയിലേക്ക് കടക്കാം .

അതിനാദ്യം പഠിക്കേണ്ടത് , ആദിയില്‍ വചനമുണ്ടായിരുന്നു . വചനം ദൈവമായിരുന്നു എന്ന വാക്യമാണ് .അപ്പോള്‍ മനുഷ്യനും പ്രകൃതിക്കും മുന്‍പേ വചനവും കവിയും കവിതയുമുണ്ടായിരുന്നു എന്നാണ് ആദി കവിയായ വാല്മീകിയുടെ പിന്തുടര്‍ച്ച അവകാശി ശ്രീ പകലന്‍ ഈ കവിതയില്‍ കൂടി ഊന്നി പറയുവാന്‍ ശ്രമിക്കുന്നത് .

അപ്പോള്‍ ചോദിക്കും എന്താണ് ഇതിനു പി. ആര്‍ .ഓ യുമായി ബന്ധം ? ഇവിടെയാണ്‌ നിരൂപണത്തിന്റെ പ്രസക്തി ഏറുന്നത്.അതുകൊണ്ട് തന്നെ നമുക്ക് കാവ്യത്തെ കാണ്ഡം കാണ്ഡമായി ഇഴ കീറി നോക്കാം .മനുഷ്യന്‍ ഒരു സാമൂഹിക ജീവി എന്നത് മനസ്സില്‍ വെച്ചു കൊണ്ട് വേണം കവിതയെ വായിക്കുവാന്‍ .




ഓരോ ദിവസവും
ഉറങ്ങാന്‍ കിടക്കുമ്പോള്‍
മരിച്ചൊരാളെപ്പോലെ
എല്ലാവരും ചുറ്റും.

ആദ്യ കാണ്ഡത്തില്‍ എന്താണ് കവി പറയുന്നത് ?

ഒരോ ദിവസവും, അതായത് പതിവായി ഉറങ്ങാന്‍ കിടക്കുമ്പോള്‍ അല്ലെങ്കില്‍ അതിന്റെ തൊട്ട് മുന്‍പ് മരിച്ചവരേപ്പോലെ എല്ലാവരും ചുറ്റും . പതിവായി പല ബ്രാന്‍ഡ്‌ ഓവര്ടോസ്‌ ആയി അകത്ത് ചെന്നാല്‍ ചുറ്റിലും മരിച്ചവരേപ്പോലെ കാണുന്നത് സ്വാഭാവികം . ഇതിനാണ് അല്പം വില കൂടിയാലും നല്ല ബ്രാന്‍ഡ്‌ കഴിക്കണം എന്ന് പ്രായമുള്ളവര്‍ ഉപദേശിക്കുന്നത് .

ചിലര്‍ അങ്ങനെ ബ്രാന്‍ഡ്‌ മാറ്റി മാറ്റി കഴിച്ചാല്‍ :-

ചിലര്‍
ചോര കട്ടപിടിച്ച ഹ്യദയത്തില്‍

അടക്കിപ്പിടിച്ച് ഒറ്റപ്പെയ്യലാണ്.

പെട്ടെന്ന് വിതുമ്പലായി

നനഞ്ഞുപരക്കും.

ഇങ്ങനെ ചിലര്‍ ബ്രാന്‍ഡ്‌ മാറ്റി മാറ്റി അടിച്ചാല്‍ ചോര കട്ടപിടിച്ചതുപോലെ തപ്പിപ്പിടിച്ചു കൊണ്ട് ( വിതുമ്പി ക്കൊണ്ട് ) ഒറ്റ വാള് വെപ്പാണ്‌ . പെട്ടെന്ന് അവിടെല്ലാം നനഞ്ഞു പരക്കും. എത്ര വാസ്തവമായ കാര്യമാണ് കവി ഇവിടെ നമ്മെ ഓര്‍മ്മപ്പെടുത്തുന്നത്‌ .


വിരലില്‍ തൊടുന്നവരുണ്ട്

ഉള്ളില്‍ ഉമ്മ വെക്കുന്നവരുണ്ട്

കൈപിടിച്ച് പിന്നെ കാണാമെന്ന്

പിരിഞ്ഞുപോകുന്നവരുണ്ട്.

പതുക്കെ ഓരോരുത്തരായി

പടികടന്നകലും.

ഇങ്ങനെ വാള് വെയ്ക്കുമ്പോള്‍ വാള് വെയ്ക്കല്ലേ എന്ന് പറഞ്ഞു ചിലര്‍ കയ്യില്‍ കയറി പിടിക്കും . ചിലര്‍ ആ സമയത്ത് ഉള്ളില്‍ ചിരിക്കും .മറ്റ് ചിലര്‍ നീ വാള് വെച്ചോളൂ , നാളെ ബാറില്‍ കാണാം എന്ന് പറഞ്ഞു പിരിഞ്ഞു പോകും . ഇങ്ങനെ പോയാലും ചിലര്‍ . ഇവിടെ കവി ഫുള്‍ സ്റ്റോപ്പ്‌ ഇട്ടത് ശ്രദ്ദിക്കുക . ആരാണ് ഈ ചിലര്‍ ? അടുത്ത ഭാഗം നോക്കാം .

എത്ര നിര്‍ബന്ധിച്ചാലും
പോകാത്തവര്‍

തൊട്ടു തൊട്ടങ്ങിനെ

കണ്ണിലേക്ക് തന്നെ

നോക്കി നില്‍ക്കും.

എഴുന്നേല്‍ക്കണം

പോകണം

ഒരുപാട് കാര്യങ്ങളുണ്ട്.

ഉമ്മയുണ്ട്

ഉപ്പയുണ്ട്

ഭാര്യയുണ്ട്

മകളുണ്ട്

കാമുകിയുണ്ട്

കൂട്ടുകാരുണ്ട്.



രാത്രിയില്‍ പോയി കിടന്നുറങ്ങ് എന്ന് കവി മറ്റുള്ളവരെ നിര്‍ബന്ധിച്ചാലും വിട്ട് പോകാതെ ചിലര്‍ ആ വാള് വെയ്ക്കുന്ന മുഖത്തേക്ക് നോക്കിക്കൊണ്ട്‌ നില്‍ക്കും . വാള് വെച്ചു താഴെ ബോധമില്ലാതെ കിടന്നാലും ആ കണ്ണിലേക്ക് നോക്കി നില്‍ക്കുന്ന ഉപ്പ , ഉമ്മ , ഭാര്യ , മകള്‍ , കാമുകി ( ? ) ഭാര്യയും കാമുകിയും . ഒരേ സമയം ഭയങ്കരന്‍ . (ചുമ്മാതല്ല വെള്ളമടിക്കുന്നത് ) . പിന്നെ ചില കൂട്ടുകാര്‍ . ഇവരെല്ലാം ബോധമില്ലാതെ കിടക്കുന്ന കവിയെ നോക്കി നില്‍ക്കും . എത്ര ഉദാത്തമായ ഭാവനയാണിത് .

ഇനി അടുത്ത വരികള്‍ .

ഓടിയാലും നടന്നാലും

സമയത്തിനെത്തില്ല.

എങ്കിലും,

കിടന്നൊന്ന് കണ്ണടക്കുമ്പോള്‍

എല്ലാവരുമെത്തും..!



ബോധമില്ലാതെ കിടക്കുന്നിടത്ത് നിന്നും ഓടിയാലും നടന്നാലും ആടിയാലും സമയത്തിനു കട്ടിലില്‍ എത്തില്ല എന്നറിയാം .എന്നാലും വല്ല വിധത്തിലും കട്ടിലില്‍ വലിഞ്ഞു കയറി കെട്ട കള്ളിന്റെ കെട്ട് വിട്ടാല്‍ ഉടനെ ഇവരെല്ലാം ബോധത്തില്‍ വീണ്ടും വരും . ശരിക്കും സത്യമായ കാര്യമാണ് . അനുഭവസ്ഥര്‍ സംസാരിക്കുന്നു .


അടുത്ത ഭാഗമാണ് ഏറ്റവും പ്രധാനം .

കിടക്കണം
പെട്ടെന്നുറങ്ങണം.
(മരിക്കാനിഷ്ടമില്ലാത്തതു കൊണ്ടാവാം
മനുഷ്യര്‍ക്ക് പിന്നാലെ നടക്കുന്നത്,
കിടക്കുമ്പോഴും
മനുഷ്യരെയിങ്ങനെ ചുറ്റും നിര്‍ത്തുന്നത്)


ഇനി കള്ള് കുടിച്ച്‌ ബോധമില്ലാതെ കിടക്കുന്ന സ്ഥലത്ത് തന്നെ കിടക്കുകയാണ് എങ്കിലും , മനസിലെ ആഗ്രഹം കട്ടിലില്‍ കയറിക്കിടക്കണം , പെട്ടന്ന് ഉറങ്ങണം , മരിക്കാന്‍ ഇഷ്ടമില്ലാത്തത് കൊണ്ടാകും ( ഇവിടെ നമ്മള്‍ നേരത്തെ പറഞ്ഞ കാമുകിയെ ഓര്‍ക്കുക. അതാണീ ബ്രാക്കെറ്റ് കവി ബോധപൂര്‍വ്വം കൊടുക്കുന്നത് . )

അടുത്ത പ്രധാന ഭാഗം കൊണ്ട് കവി ഈ കവിത ഇവിടെ അവസാനിപ്പിക്കുകയാണ് . ശ്രദ്ദിക്കുക



മനുഷ്യനുണ്ടായത്
കവിതയ്ക്കും
മുമ്പ് തന്നെയാവണം!

കൂട്ടുകാരുടെ കൂടെ കൂടി നടക്കുമ്പോഴും , കള്ള് കുടിക്കുമ്പോഴും , വാള് വെയ്ക്കുമ്പോഴും മനസിലെ കെടാത്ത കനലാണ് കവി ഇവിടെ ഊതി തെളിക്കുന്നത് . ഈ കണ്ട , കവിതക്കും മുന്‍പേ ഞാന്‍ കണ്ടതും കേട്ടതുമായ കവിതക്കും മുന്‍പേ തന്നെ , എനിക്കറിയാം ആദിയില്‍ ആദവും ഹൌവ്വയും ഉണ്ടായി എന്നത് കവി ആവര്‍ത്തിച്ചു അടിവരയിട്ടു നമ്മളെ ഓര്‍മ്മിപ്പിക്കുന്നു .ഒരാശ്ചാര്യ ചിഹ്നത്തില് ഈ കവിത അവസാനിക്കുന്നില്ല മറിച്ച് വീണ്ടും വീണ്ടും തുടരുന്ന കവിതാ സപര്യയാണ് കവി വായനക്കാരിലേക്ക് കോരിയിടുന്നത് .‍

അങ്ങനെ ബോധ അബോധാവസ്തകളില്‍ കൂടി കടന്ന് പോകുന്ന കവിതകള്‍ ബ്ലോഗില്‍ വളരെ വിരളം തന്നെയെന്നു വേണം കരുതുവാന്‍ . ഈ പഠനം പൂര്‍ണ്ണമാണ് എന്ന് ഞാന്‍ വിശ്വസിക്കുന്നില്ല . ഇങ്ങനെ ബോധ അബോധാ വസ്തകളില്‍ കൂടി കടന്ന് പോകുന്ന കൂടുതല്‍ കവിതകള്‍ ബ്ലോഗില്‍ ഉണ്ടാകട്ടെ എന്ന് ഞാന്‍ ആശംസിക്കുന്നു .

കവിക്ക്‌ എല്ലാ ഭാവുകങ്ങളും .



കവിത പൂര്‍ണ്ണമായി താഴെയുണ്ട് .

ഓരോ ദിവസവും

ഉറങ്ങാന്‍ കിടക്കുമ്പോള്‍

മരിച്ചൊരാളെപ്പോലെ

എല്ലാവരും ചുറ്റും.

ചിലര്‍

ചോര കട്ടപിടിച്ച ഹ്യദയത്തില്‍

അടക്കിപ്പിടിച്ച് ഒറ്റപ്പെയ്യലാണ്.

പെട്ടെന്ന് വിതുമ്പലായി

നനഞ്ഞുപരക്കും.



വിരലില്‍ തൊടുന്നവരുണ്ട്

ഉള്ളില്‍ ഉമ്മ വെക്കുന്നവരുണ്ട്

കൈപിടിച്ച് പിന്നെ കാണാമെന്ന്

പിരിഞ്ഞുപോകുന്നവരുണ്ട്.

പതുക്കെ ഓരോരുത്തരായി

പടികടന്നകലും.



എത്ര നിര്‍ബന്ധിച്ചാലും

പോകാത്തവര്‍

തൊട്ടു തൊട്ടങ്ങിനെ

കണ്ണിലേക്ക് തന്നെ

നോക്കി നില്‍ക്കും.



എഴുന്നേല്‍ക്കണം

പോകണം

ഒരുപാട് കാര്യങ്ങളുണ്ട്.

ഉമ്മയുണ്ട്

ഉപ്പയുണ്ട്

ഭാര്യയുണ്ട്

മകളുണ്ട്

കാമുകിയുണ്ട്

കൂട്ടുകാരുണ്ട്.



ഓടിയാലും നടന്നാലും

സമയത്തിനെത്തില്ല.

എങ്കിലും,

കിടന്നൊന്ന് കണ്ണടക്കുമ്പോള്‍

എല്ലാവരുമെത്തും..!



കിടക്കണം

പെട്ടെന്നുറങ്ങണം.

(മരിക്കാനിഷ്ടമില്ലാത്തതു കൊണ്ടാവാം

മനുഷ്യര്‍ക്ക് പിന്നാലെ നടക്കുന്നത്,

കിടക്കുമ്പോഴും

മനുഷ്യരെയിങ്ങനെ ചുറ്റും നിര്‍ത്തുന്നത്)



മനുഷ്യനുണ്ടായത്

കവിതയ്ക്കും

മുമ്പ് തന്നെയാവണം!





കൂഴൂര്‍ ചൊല്‍ കാഴ്ച

പകല്‍ കിനാവന്‍

10 അഭിപ്രായങ്ങൾ:

Sabu Kottotty പറഞ്ഞു...

മലയാള സാഹിത്യ നിരൂപണ രംഗത്ത് വളരെയധികം വ്യക്തിത്വങ്ങള്‍ ഇല്ലെന്നു തന്നെ കരുതാം. കവിതാ നിരൂപണ വിവരണ രംഗത്ത് പുതിയ താരങ്ങള്‍ കടന്നുവരുന്നതു മലയാള കവിതാ സാഹിത്യത്തിന്റെ ഭാവി ശോഭനമാക്കുമെന്ന കാര്യത്തില്‍ സംശയമില്ല. വളരെ അര്‍ത്ഥപുഷ്ടിയോടും സത്യസന്ധതയോടും കൂടി ഈ കവിതയെ ശ്രീമാന്‍ കാപ്പിലാന്‍ ഇവിടെ വര്‍ണ്ണിച്ചു വിശദീകരിച്ചിരിയ്ക്കുന്നു. (ഭാഗ്യമുണ്ടെങ്കില്‍)തുടര്‍ന്നും നിരൂപണങ്ങള്‍ നമുക്കു വായിയ്ക്കാമെന്നു കരുതുന്നു.. ഈ ഉദ്യമത്തെ ഒന്നില്ലാത്ത നൂറുശതമാനവും പിന്തുണയ്ക്കാതിരിയ്ക്കാന്‍ യാതൊരു കാരണവും കാണുന്നില്ല. തല്‍ക്കാലം പകലന്‍ അഹിംസാമാര്‍ഗ്ഗം തെരഞ്ഞെടുക്കുമെന്നു കരുതാം...
മലയാളത്തിന്റെ നവ നിരൂപകന് ആശംസകള്‍..

രാമചന്ദ്രൻ വെട്ടിക്കാട്ട് പറഞ്ഞു...

!!!!!!!!!!

SUNIL V S സുനിൽ വി എസ്‌ പറഞ്ഞു...

കവിതാ നിരൂപകനായി
കാപ്പുവിന്‌ നല്ലൊരു ഭാവി ആശംസിക്കുന്നു..
വിജയീ ഭവ:

വീകെ പറഞ്ഞു...

നിരൂപണരംഗത്ത് നല്ല ഭാവിയുണ്ട്...

MOHAN PUTHENCHIRA മോഹന്‍ പുത്തന്‍‌ചിറ / THOONEERAM പറഞ്ഞു...

കാപ്പിലാനേ-
നിരൂപണമെഴുതും മുമ്പേ ഏതു ബ്രാന്റാണടിച്ചിരുന്നത്...
---
കൊള്ളാം,വളരെ വ്യത്യസ്തമായ ഈ ‘കാപ്പിലാന്‍ സ്പെഷല്‍’ നിരൂപണ രീതി.

.. പറഞ്ഞു...

കാപ്പിലാനെ ഞാന്‍ അന്നേ പറഞ്ഞില്ലേ?നിങ്ങള്‍ blog നിര്‍ത്തിയാല്‍ കാക്ക മലര്‍ന്നു പറക്കും

ഞാന്‍ ആചാര്യന്‍ പറഞ്ഞു...

കാപ്പിലാന്‍റെ നര്‍മ്മം കലര്‍ന്ന നിരൂപണങ്ങള്‍ ബ്ലോഗിന്‍റെ ജീവനാഡിയാണ് നര്‍മ്മമെന്ന് ഓര്‍മിപിക്കാനും വായനക്കാരെ ഒരിക്കല്‍ക്കൂടി ബ്ലോഗ് വായനയില്‍ ഉത്സുകരാക്കുന്നതിനും ഇടയാക്കുന്നു. കവി പകലനും ആശംസകള്‍ അര്‍പ്പിക്കുന്നു.

പകല്‍കിനാവന്‍ | daYdreaMer പറഞ്ഞു...

കാപ്പുവേ.. :):)

Pongummoodan പറഞ്ഞു...

നല്ല പഠനം. ആശംസകള്‍.

കാപ്പിലാന്‍ പറഞ്ഞു...

മലയാള നിരൂപണ സാഹിത്യത്തിലെ വിടവ് തീര്‍ക്കണം എന്ന് വളരെക്കാലമായ എന്‍റെ മോഹമാണ് . നിങ്ങളുടെ സഹകരണം , കരുതല്‍ , സ്നേഹം എന്നിവയാണ് ഇങ്ങനെ ഒരു സാഹിത്യകാരനെ ഉയര്‍ത്തെഴുന്നെല്‍പ്പിക്കുന്നത് . എന്‍റെ ഊര്‍ജ്ജം ഇതാണ് . വായിച്ചു പണ്ടാരമടങ്ങിയ എല്ലാവര്‍ക്കും പെരുത്ത നന്ദികള്‍ . വീണ്ടും ഇതുപോലുള്ള കവിതകള്‍ നിരൂപിക്കുവാന്‍ എന്‍റെ കയ്യ്കള്‍ക്ക് ശക്തി പകരോഓഓഓഓഓ .
പകലാ :):)